ദ്രാവിഡും ലക്ഷ്മണുമില്ല; ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിന് പുതിയ പരിശീലകൻ!
text_fieldsവെസ്റ്റിൻഡീസ് മണ്ണിലെ പരീക്ഷണങ്ങൾക്കുശേഷം ടീം ഇന്ത്യയുടെ അടുത്ത പര്യടനം അയർലൻഡിലാണ്. ട്വന്‍റി20 പരമ്പരക്കായി മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് ടീമിനൊപ്പം ഉണ്ടാകില്ല. നിലവിൽ വിൻഡീസിൽ ടീമിനൊപ്പമുള്ള മുൻ ഇന്ത്യൻ താരത്തിന് ബി.സി.സി.ഐ അയർലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ചു.
സ്വഭാവികമായും അദ്ദേഹത്തിന് പകരക്കാരനായി എത്തേണ്ട ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ്. ലക്ഷ്മണും ടീമിനൊപ്പം ചേരില്ല. ഇതോടെ പുതിയ പരിശീലകന് കീഴിലാകും ഇന്ത്യൻ ടീം അയർലൻഡിലേക്ക് പോകുക. മുന്‍ സൗരാഷ്ട്ര ക്യാപ്റ്റനും ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് കോച്ചുമായ സീതാന്‍ഷു കൊടാക് ഇന്ത്യൻ കോച്ചാകും.
നേരത്തെ, ഇന്ത്യ എ ടീമിന്‍റെ ബംഗ്ലാദേശ് പര്യടനത്തില്‍ സീതാന്‍ഷു ആയിരുന്നു പരിശീലകൻ. ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മൂന്ന് ആഴ്ചത്തെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഇതിന്‍റെ ചുമതല ലക്ഷ്മണാണ്. അതുകൊണ്ടാണ് അയര്‍ലന്‍ഡ് പര്യടനത്തില്‍ പരിശീലകനായി പോകാത്തത് എന്നാണ് റിപ്പോർട്ട്.
സിതാന്‍ഷു കൊടാക്കിനൊപ്പം സായ്‌രാജ് ബഹുതുലെ ബൗളിങ് പരിശീലകനാവും. സീനിയര്‍ താരങ്ങള്‍ വിട്ടു നില്‍ക്കുന്ന പരമ്പരയില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. പരിക്കിനെ തുടർന്ന് ഏറെ നാളായി കളത്തിനു പുറത്തുള്ള ബുംറ പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും. മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.