ഫോമില്ലാതെ രോഹിത്, മങ്ങിമങ്ങി കോഹ്ലി; ഇന്ത്യക്ക് വേണം ബീറ്റ് ജനറേഷൻ
text_fieldsസിഡ്നി: തുടർച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയും നഷ്ടമാവുന്നതിന്റെ വക്കിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സിഡ്നിയിൽ വെള്ളിയാഴ്ച ബോർഡർ-ഗവാസ്കർ ട്രോഫി അഞ്ചാം ടെസ്റ്റിൽ ജയിച്ചാൽ ആസ്ട്രേലിയക്കെതിരായ പരമ്പര 2-2ന് സമനിലയിൽ പിടിക്കാം. കഴിഞ്ഞ തവണത്തെ ജേതാക്കളെന്ന ആനുകൂല്യത്തിൽ കിരീടം നിലനിർത്തുകയും ചെയ്യാം. മറിച്ചാണ് ഫലമെങ്കിൽ കാര്യങ്ങൾ തീർത്തും അവതാളത്തിലാവും. പരിശീലകൻ ഗൗതം ഗംഭീർ, നായകൻ രോഹിത് ശർമ, സൂപ്പർ ബാറ്റർ വിരാട് കോഹ്ലി തുടങ്ങിയവരുടെ ഭാവിയെക്കുറിച്ച് ആശങ്കകളുയരും. ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും അത്ര ശുഭകരമല്ല.
രോഹിത്, ഇനിയെന്ത്?
നായകൻ, ബാറ്റർ തുടങ്ങിയ നിലകളിലെല്ലാം പരാജയമായിക്കൊണ്ടിരിക്കുകയാണ് രോഹിത്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ജയിച്ചപ്പോൾ ജസ്പ്രീത് ബുംറയായിരുന്നു ക്യാപ്റ്റൻ. തുടർന്ന് നടന്ന മൂന്നിൽ രണ്ട് ടെസ്റ്റുകളും തോറ്റപ്പോൾ ഒരെണ്ണം സമനിലയിലായത് മിച്ചം. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പ് നേടിയതിന് പിന്നാലെ കുട്ടിക്രിക്കറ്റിൽ നിന്ന് വിരമിച്ച രോഹിത് 2025ൽ മറ്റു ഫോർമാറ്റുകളിൽ നിന്നും പിൻവാങ്ങിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബി.സി.സി.ഐ അധികൃതരും സെലക്ടർമാരും ഇത് സംബന്ധിച്ച് രോഹിത്തിനോട് ചർച്ച നടത്തിയെന്നാണ് വിവരം. എപ്പോൾ വിരമിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും സിഡ്നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിലും ടീം പരാജയപ്പെട്ടാൽ അധികം വൈകില്ലെന്നാണ് സൂചന. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ഇന്ത്യ യോഗ്യത നേടുകയാണെങ്കിൽ തീരുമാനം നീണ്ടേക്കും.
മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ നാണംകെട്ട തോൽവി വഴങ്ങിയതിനു പിന്നാലെ രോഹിത് ഏറെ നിരാശനായിരുന്നു. പരമ്പരയിൽ ആറു ഇന്നിങ്സുകളിൽനിന്നായി 31 റൺസ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം. രണ്ടും മൂന്നും ടെസ്റ്റുകളിൽ ആറാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ രോഹിത്, മെൽബൺ ടെസ്റ്റിൽ യശസ്വി ജയ്സ്വാളിനൊപ്പം ഓപണറായി ഇറങ്ങിയിട്ടും രക്ഷയുണ്ടായില്ല. ആദ്യ മൂന്നു ടെസ്റ്റുകളിൽ കെ.എൽ. രാഹുലാണ് ബാറ്റിങ് ഓപൺ ചെയ്തിരുന്നത്. മെൽബണിൽ യുവതാരം ശുഭ്മൻ ഗിൽ ബെഞ്ചിലായിരുന്നു. രോഹിത് മാറിനിന്ന് ഗില്ലിനെ അന്തിമ ഇലവനിൽ ഇറക്കാനുള്ള ചർച്ചകൾ വരെ ഒരുഭാഗത്ത് നടക്കുന്നുണ്ട്.
മങ്ങിമങ്ങി കോഹ്ലി
മോശം ഫോമിന്റെ പേരിൽ പഴി കേൾക്കുന്ന കോഹ്ലിക്കും കരിയറിലെ ഏറ്റവും മോശം വർഷമാണ് കടന്നുപോയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലുമായി 32 ഇന്നിങ്സിൽനിന്ന് 655 റൺസാണ് 2024ൽ താരത്തിന്റെ സമ്പാദ്യം. 21.83 ആണ് ശരാശരി. അരങ്ങേറ്റത്തിനു ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിത്. പോയ വർഷം ഒറ്റ സെഞ്ച്വറി മാത്രമാണ് കോഹ്ലിക്ക് കണ്ടെത്താനായത്. രണ്ട് അർധ സെഞ്ച്വറി നേടിയപ്പോൾ, നാല് ഇന്നിങ്സിൽ സംപൂജ്യനായി.
2023ൽ ഐ.സി.സിയുടെ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയിരുന്ന വിരാട് കോഹ്ലി ഒറ്റ വർഷം കൊണ്ടാണ് കരിയറിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിയത്. അത്തവണ 66.06 ആണ് താരത്തിന്റെ ശരാശരി എന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടോപ് ഓർഡറിൽ കളിക്കുന്ന ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും മോശം പ്രകടനം ഇത്തവണ കോഹ്ലിയുടേതാണ്. ആദ്യ ആറ് സ്ഥാനങ്ങളിൽ ഇറങ്ങുന്ന ഇന്ത്യൻ ബാറ്റർമാരിൽ കലണ്ടർ വർഷം നേടുന്ന എക്കാലത്തെയും മോശം ശരാശരി എന്ന റെക്കോഡും കോഹ്ലിയുടെ പേരിലായി.
വരട്ടെ യുവനിര
പരമ്പരയിൽ ആശാവഹമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ താരങ്ങൾ വിരളമാണ്. പേസർ ബുംറ 30 വിക്കറ്റ് നേടി പ്രതീക്ഷ കാത്തു. മുഹമ്മദ് സിറാജിന്റേതും ആകാശ്ദീപിന്റേതും ശരാശരിയായിരുന്നു. സെഞ്ച്വറിയടക്കം നേടിയ 21കാരൻ നിതീഷ് കുമാർ റെഡ്ഡിയുടെ ഓൾറൗണ്ട് മികവ് ആശ്വാസമാണ്. ബാറ്റിങ്ങിൽ ജയ്സ്വാൾ മാത്രമാണ് സ്ഥിരത പുലർത്തിയത്.
കെ.എൽ. രാഹുലും ഋഷഭ് പന്തുമൊന്നും അവസരങ്ങളേറെ ലഭിച്ചിട്ടും വലിയ സ്കോറുകൾ കണ്ടെത്തിയില്ല. ട്വന്റി20യിലും ഏകദിനത്തിലും ഇന്ത്യക്ക് ഓപ്ഷനുകൾ ഏറെയുള്ളപ്പോൾ പരമ്പരാഗത ഫോർമാറ്റിൽ വിജയ ഇലവനെ രൂപപ്പെടുത്തുന്നതിൽ കഴിഞ്ഞ കുറച്ചുനാളുകളായി പരാജയമാണ്. 2024ന്റെ സംഭാവനയിൽപ്പെടുന്ന സർഫറാസ് ഖാനുൾപ്പെടെ നിറംമങ്ങി. ടെസ്റ്റ് സംഘത്തിലേക്ക് കൂടുതൽ യുവതാരങ്ങളെ എത്തിക്കുന്നതായിരിക്കും സെലക്ടർമാരുടെ പുതുവർഷത്തെ പ്രധാന ശ്രമങ്ങളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.