പിന്നെയും കിരീടമില്ലാതെ മടക്കം; രാജ്യാന്തര ക്രിക്കറ്റിൽ 'പുതിയ ദക്ഷിണാഫ്രിക്ക'യായി ഇന്ത്യ
text_fieldsസിഡ്നി: ഒരു വർഷം മുമ്പ് പാകിസ്താനോടേറ്റതിനു സമാനമായ 10 വിക്കറ്റ് തോൽവിയുമായി അഡ്ലെയ്ഡിൽനിന്ന് മടങ്ങുമ്പോൾ ഇന്ത്യയെ തുറിച്ചുനോക്കി പഴയകാല ദക്ഷിണാഫ്രിക്കൻ അനുഭവം. ഗ്രൂപ് ചാമ്പ്യൻന്മാരായി നോക്കൗട്ടിലെത്തിയിട്ടും അതിദയനീയമായാണ് ഇംഗ്ലണ്ടിനു മുന്നിൽ രോഹിതും സംഘവും കീഴടങ്ങിയത്.
2013നു ശേഷം മുൻനിര ഐ.സി.സി ടൂർണമെന്റുകളിലൊന്നും ഇന്ത്യ കിരീടം ചൂടിയിട്ടില്ല. നാലു തവണ സെമിയിലെത്തുകയും രണ്ടു തവണ ഫൈനൽ കളിക്കുകയും ചെയ്തവരായിട്ടും അവസാന അങ്കത്തിൽ മുട്ടിടിക്കുന്നതെന്തുകൊണ്ടാണെന്നതാണ് വേട്ടയാടുന്ന ചോദ്യം.
2014ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കക്കുമുന്നിൽ വീണ ഇന്ത്യ കഴിഞ്ഞ വർഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡിനോടായിരുന്നു തോൽവി വഴങ്ങിയത്. അതിനിടെ 2017ൽ ചാമ്പ്യൻസ് ട്രോഫിയിലും ഫൈനലിലെത്തിയെങ്കിലും പാകിസ്താൻ കിരീടവുമായി മടങ്ങി.
1992- 2015 കാലയളവിൽ ദക്ഷിണാഫ്രിക്കക്കും സമാനമായ കിരീടനഷ്ടങ്ങളുടെ കഥ പങ്കുവെക്കാനുണ്ടെന്നതാണ് കൗതുകം. ആറു തവണയാണ് ഈ കാലയളവിൽ ടീം സെമി ഫൈനലിൽ മടങ്ങിയത്. ട്വന്റി20യിൽ 2009, 2011 വർഷങ്ങളിലും സെമി വരെയെത്തി. ഒരിക്കൽ പോലും കപ്പുയർത്താനാകാതെ തിരികെ പോരുന്നതായിരുന്നു ടീമിന്റെ അനുഭവം.
2013ൽ മഹേന്ദ്ര സിങ് ധോണിക്കു കീഴിൽ ചാമ്പ്യൻസ് ട്രോഫി നേടിയതാണ് ഇന്ത്യ നേടിയ അവസാന ഐ.സി.സി കിരീടം. തൊട്ടടുത്ത വർഷം ട്വൻറി20 ലോകകപ്പിൽ ഷേറെ ബംഗ്ല സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ തോറ്റ് മടങ്ങി. സമ്മോഹന പ്രകടനവുമായി ടൂർണമെന്റിലുടനീളം നിറഞ്ഞാടിയിട്ടും ആറു വിക്കറ്റിനായിരുന്നു തോൽവി. 2020 ട്വൻറി20 ലോകകപ്പിൽ തുടക്കത്തിലേ തോൽവികളുമായി ഇന്ത്യ സെമി കാണാതെ മടങ്ങി. ദ്വിരാഷ്ട്ര പരമ്പരകളിൽ മികച്ച പ്രകടനവുമായി നിറഞ്ഞുനിൽക്കുമ്പോഴും ഐ.സി.സി ടൂർണമെന്റുകളിലെത്തുമ്പോൾ എല്ലാം മറന്നുപോകുന്നതെന്തുകൊണ്ടാണെന്നതാണ് ബാക്കിയാകുന്ന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.