ക്ഷേത്രദർശനവുമായി ടീം ഇന്ത്യ; നഗരകാഴ്ചകൾ കണ്ട് ലങ്കൻ സംഘം
text_fieldsതിരുവനന്തപുരം: ഗ്രീൻഫീൽഡിലെ പുൽനാമ്പുകൾക്ക് ചൂടുപിടിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മാനസിക പിരിമുറക്കം കുറയ്ക്കാൻ ഷോപ്പിങ്ങും ക്ഷേത്രദർശനവുമായി ടീമുകൾ. ഇന്ത്യൻ താരങ്ങൾ പത്മനാഭ സ്വാമി ക്ഷേത്രദർശനം നടത്തിയപ്പോൾ പരിശീലനത്തിനുശേഷം തിരുവനന്തപുരം നഗരം ചുറ്റിയടിക്കാനും ഷോപ്പിങ്ങിനുമായിരുന്നു ശ്രീലങ്കൻ സംഘം ശനിയാഴ്ച സമയം കണ്ടെത്തിയത്.
രാവിലെ ഒമ്പതോടെ ഇന്ത്യൻ താരങ്ങളായ അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ, സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങളടക്കം 10 പേരടങ്ങിയ സംഘം ടീം ബസിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി.
സൂര്യക്കൊപ്പം ഭാര്യയും സഹോദരിയും കുടുംബവും ഉണ്ടായിരുന്നു. വൈകീട്ട് പരിശീലനത്തിന് ശേഷം ഹർദിക് പാണ്ഡ്യയും സപ്പോർട്ടിങ് സ്റ്റാഫുകളിൽ ചിലരും ദർശനത്തിനായി ക്ഷേത്രത്തിലെത്തി. അതേസമയം ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ അടക്കമുള്ള താരങ്ങളൊക്കെ പരിശീലനത്തിനുപോലും ഇറങ്ങാതെ ഹോട്ടലിൽ പൂർണ വിശ്രമത്തിലായിരുന്നു.
വെള്ളിയാഴ്ച ടീമിനൊപ്പമില്ലാതിരുന്ന മുഖ്യപരിശീലൻ രാഹുൽ ദ്രാവിഡ് ശനിയാഴ്ച രാവിലെ 11.30ഓടെ ടീമിനൊപ്പം ചേർന്നു. വൈകുന്നേരം പരിശീലനത്തിനുശേഷം തലസ്ഥാന നഗരം കാണാനും കേരളത്തിലെ വസ്ത്രങ്ങൾ വാങ്ങാനുമായിരുന്നു ശ്രീലങ്കൻ ടീമിന് താൽപര്യം.
ക്യാപ്റ്റൻ ദസുൻ ഷനകയുടെ നേതൃത്വത്തിൽ താരങ്ങളെല്ലാം ലുലു മാളിൽ ഷോപ്പിങ്ങിനെത്തി. ഇതേസമയം ടീമിന്‍റെ സപ്പോർട്ടിങ് സ്റ്റാഫുകളിൽ ഒരുവിഭാഗം കവടിയാറിലെ സ്പോർട്സ് സ്റ്റോർ സന്ദർശിച്ച് പുതുകിറ്റുകൾ വാങ്ങുന്ന തിരക്കിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.