ട്വന്റി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി
text_fieldsപോർട്ട് ഓഫ് സ്പെയിൻ: ജൂൺ ഒന്നിന് യു.എസിലും വെസ്റ്റിൻഡീസിലുമായി ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി. ട്രിനിഡാഡ് പ്രധാനമന്ത്രി കെയ്ത്ത് റൗളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ടൂർണമെന്റിന്റെ സുരക്ഷ ശക്തമാക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ഇന്ത്യ അടക്കം 20 ടീമുകൾ ലോകകപ്പിൽ പങ്കെടുക്കുന്നുണ്ട്. വടക്കൻ പാകിസ്താനിൽനിന്നാണ് ഭീഷണിയെന്ന് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.
വെസ്റ്റിൻഡീസിലെ വേദികളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി. നിർഭാഗ്യവശാൽ 21ാം നൂറ്റാണ്ടിലും ഭീകരവാദ ഭീഷണി പലവിധ ഭാവങ്ങളിൽ അപകടകരമായി നിലനിൽക്കുന്നുണ്ടെന്ന് റൗളി പറഞ്ഞു. അദ്ദേഹം പക്ഷെ, ഒരു സംഘടനയുടെയും പേര് പരാമർശിച്ചില്ല.
“ലോകകപ്പിനെത്തുന്ന എല്ലാവരുടെയും സുരക്ഷ ഞങ്ങളുടെ പ്രഥമ പരിഗണനയാണ്. അതിന് സമഗ്രവും ശക്തവുമായ പദ്ധതിയുണ്ട്” -ഐ.സി.സി വക്താവ് വാർത്ത ഏജൻസിയോട് പറഞ്ഞു.
അതേസമയം, സുരക്ഷയുടെ ഉത്തരവാദിത്തം ആതിഥേയ രാജ്യത്തെ സുരക്ഷ ഏജൻസികൾക്കാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. എല്ലാ മുൻകരുതലുകളും എടുക്കും. കളിക്കാരുടെയും കാണികളുടെയും സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ലോകകപ്പ് നടത്തുന്നതിന് ഉത്തരവാദിത്തപ്പെട്ട ഏജൻസികളുമായി സംസാരിക്കും. കേന്ദ്രസർക്കാർ എടുക്കുന്ന തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്നും വെസ്റ്റിൻഡീസിലെയും യു.എസിലെയും സർക്കാറുമായി ബന്ധപ്പെട്ടുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.