ടെസ്റ്റ് സമനിലയിൽ; പരമ്പര ജേതാക്കളായി ഇന്ത്യ
text_fieldsഅഹ്മദാബാദ്: ട്വിസ്റ്റുകളൊന്നുമുണ്ടായില്ല. ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെ തുടർച്ചയായ നാലാം തവണയും ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ നേടി. പരമ്പര 2-1ന് ആതിഥേയർക്ക് സ്വന്തം. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്ക പരാജയം രുചിച്ചതിനാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ബെർത്തും ഇന്ത്യക്ക് കിട്ടിയതോടെ ഇരട്ടി സന്തോഷം. വിക്കറ്റ് നഷ്ടപ്പെടാതെ മൂന്ന് റൺസിൽ അന്തിമ ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് അവസാന സെഷനിൽ രണ്ടിന് 175ലെത്തിയപ്പോഴാണ് ഇരുകൂട്ടരും സമനിലക്ക് സമ്മതിച്ചത്. മാർനസ് ലബൂഷേനും (63) സ്റ്റീവൻ സ്മിത്തും (10) ക്രീസിൽ നിൽക്കെ ആ സമയം സന്ദർശകർക്ക് 84 റൺസ് ലീഡുണ്ടായിരുന്നു. ഒന്നാം ഇന്നിങ്സിൽ 186 റൺസ് നേടിയ ഇന്ത്യയുടെ വിരാട് കോഹ്ലി മത്സരത്തിലെയും ഉജ്ജ്വല ബൗളിങ് പ്രകടനം പുറത്തെടുത്ത രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജദേജയും പരമ്പരയിലെയും താരങ്ങളായി. സ്കോർ: ആസ്ട്രേലിയ 480 & 175/2 ഡിക്ല., ഇന്ത്യ 571.
തലേന്ന് ഓപണറായെത്തിയ സ്പിന്നർ മാത്യൂ കുനിമാൻ തിങ്കളാഴ്ച ആദ്യ സെഷനിൽ ട്രാവിസ് ഹെഡിനൊപ്പം ചെറുത്തുനിൽക്കെ ഓസീസിന് ആദ്യ വിക്കറ്റ് വീണു. 35 പന്തിൽ ആറ് റൺസെടുത്ത കുനിമാനെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി.
14 റൺസിൽ ആദ്യ ഇരയെ കിട്ടിയത് ഇന്ത്യക്ക് ആവേശമുണ്ടാക്കിയെങ്കിലും ഹെഡിന് കൂട്ടായി ലബൂഷേൻ എത്തിയതോടെ മത്സരത്തിന് ഫലമുണ്ടാക്കാമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഒന്നിന് 73. ചായക്ക് ഏതാനും മിനിറ്റുകൾ മുമ്പാണ് ഹെഡ് മടങ്ങുന്നത്. 90 റൺസെടുത്ത ഓപണറെ ബൗൾഡാക്കി അക്സർ പട്ടേൽ ടെസ്റ്റ് വിക്കറ്റ് നേട്ടം 50 ആക്കി. സ്കോർ ബോർഡിൽ അപ്പോൾ 153 റൺസ്. അവസാന സെഷനിൽ ലബൂഷേനും സ്മിത്തും കൂടുതൽ പ്രതിരോധത്തിലേക്ക് മാറിയതോടെ സമാപന ടെസ്റ്റ് സമനിലയിലായി. 213 പന്തുകൾ നേരിട്ടാണ് ലബൂഷേൻ 63 റൺസെടുത്തത്.
പരമ്പരയിലെ താരങ്ങളായി രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജദേജയും
ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയുടെ താരത്തെ തെരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പത്തിലായ ജൂറി ഒടുവിൽ പുരസ്കാരത്തിന് കണ്ടെത്തിയത് സംയുക്ത ജേതാക്കളെ. സ്പിൻ ബൗളിങ്ങിൽ ആസ്ട്രേലിയൻ ബാറ്റർമാരെ എറിഞ്ഞിട്ട രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജദേജയും പ്ലെയേഴ്സ് ഓഫ് ദ സീരീസായി. ആകെ 25 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ 86 റൺസും നേടി. 22 വിക്കറ്റും 135 റൺസുമാണ് ജദേജയുടെ സംഭാവന.
''ഇതൊരു മികച്ച യാത്രയാണ്. ഞാനും അവനും വളരെക്കാലം മുമ്പ് തുടങ്ങിയതാണ്. ഒരാളില്ലാതെ മറ്റൊരാളില്ല. ഞങ്ങൾ അത് തിരിച്ചറിയേണ്ടതുണ്ട്. കുറഞ്ഞത് കഴിഞ്ഞ 2-3 വർഷമായി ഞാൻ അത് തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.''-അശ്വിൻ പ്രതികരിച്ചു. അശ്വിനൊരു ശാസ്ത്രജ്ഞനാണോ ബൗളറാണോ എന്ന കമന്റേറ്റർ ഹർഷ ബോഗ് ലെയുടെ ചോദ്യത്തിന് ജദേജ നൽകിയ മറുപടി: ''അവൻ എല്ലാത്തിനും ഉപരിയാണ്. വളരെ നല്ല ക്രിക്കറ്റ് തലച്ചോറുണ്ട്. ഡ്രസ്സിങ് റൂമിൽ പോലും ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ലോകത്തിലെ എല്ലാ ടീമുകളെക്കുറിച്ചും അവർ ഏത് ടൂർണമെന്റിലാണ് കളിക്കുന്നതെന്നും നന്നായി അറിയാം''.
ഇന്ത്യ-ആസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ജൂൺ ഏഴുമുതൽ
അഹ്മദാബാദ്: ഇന്ത്യയും ആസ്ട്രേലിയയും അണിനിരക്കുന്ന 2021-23ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ജൂൺ ഏഴുമുതൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കും. ചാമ്പ്യൻഷിപ് സൈക്കിളിൽ നടന്ന മത്സരങ്ങളിൽ പോയന്റ് ശതമാനത്തിൽ മുന്നിലെത്തിയാണ് ഇരു ടീമും യോഗ്യത നേടിയത്. 48.48 പോയന്റ് ശതമാനവുമായി നാലാമതുണ്ടായിരുന്ന ശ്രീലങ്കക്ക് ന്യൂസിലൻഡിനെതിരായ പരമ്പര 2-0ത്തിന് തൂത്തുവാരിയാൽ ഫൈനലിൽ പ്രവേശിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ, ഇവർ തിങ്കളാഴ്ച ഒന്നാം ടെസ്റ്റിൽ പരാജയമറിഞ്ഞതോടെ ഇന്ത്യയുടെ വഴി സുഗമമായി. 2019-21ലെ പ്രഥമ ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ എട്ട് വിക്കറ്റ് തോൽപിച്ച് ന്യൂസിലൻഡ് കിരീടം നേടിയിരുന്നു.
ശ്രേയസ് അയ്യർ പുറത്ത്
അഹ്മദാബാദ്: പുറംവേദന അലട്ടുന്ന മധ്യനിര ബാറ്റർ ശ്രേയസ് അയ്യരെ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി. പകരക്കാരനായി സഞ്ജു സാംസണിനെ പരിഗണിക്കുമന്ന് റിപോർട്ട് ഉണ്ടായിരുന്നെങ്കിലും ആരേയും ഉൾെപടുത്തിയിട്ടില്ല. നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാതിരുന്ന ശ്രേയസ് തിങ്കളാഴ്ച ഫീൽഡിങ്ങിനും ഇറങ്ങിയില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായ താരത്തിന് ഏതാനും ഐ.പി.എൽ മത്സരങ്ങളും നഷ്ടമാവുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.