ടെസ്റ്റ് റാങ്കിങ്: കോഹ്‌ലി ആദ്യ പത്തിൽനിന്ന് പുറത്ത്; പന്ത് അഞ്ചാമത്
text_fieldsഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആദ്യ പത്തിൽനിന്ന് പുറത്ത്. അതേസമയം മറ്റൊരു ഇന്ത്യൻ താരം റിഷബ് പന്ത് അഞ്ചാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം പുറത്തിറങ്ങിയ പട്ടികയിലാണ് കോഹ്‌ലി പുറത്തായത്. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ മിന്നിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ജോണി ബെയർസ്‌റ്റോ 11 സ്ഥാനം മുന്നോട്ടുകയറി പത്താമതായി.
ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറിയും അർധസെഞ്ച്വറിയും നേടിയ റിഷബ് പന്ത് അഞ്ചു സ്ഥാനം മുന്നേറിയാണ് അഞ്ചാം സ്ഥാനത്തെത്തിയത്. ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും തിളങ്ങാനാവാതിരുന്ന കോഹ്‌ലി പത്താം സ്ഥാനത്തുനിന്ന് 13ലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. പരമ്പരയിൽ കളിക്കാതിരുന്ന രോഹിത് ശർമ എട്ടാം സ്ഥാനത്തുനിന്ന് ഒമ്പതിലേക്ക് വീണു.
ബൗളിങ്ങിൽ ആസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. രണ്ടും മൂന്നും റാങ്കിൽ ഇന്ത്യൻ താരങ്ങളായ രവിചന്ദ്ര അശ്വിനും ജസ്പ്രീത് ബുംറയുമാണ്. ആദ്യ പത്തിൽ മറ്റു ഇന്ത്യൻ ബൗളർമാരില്ല. ഇന്ത്യക്കെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയതടക്കം മികച്ച പ്രകടനം നടത്തിയ ജെയിംസ് ആൻഡേഴ്‌സൺ ഒരു സ്ഥാനം കയറി ആറാമതായി. ആൾറൗണ്ടർമാരിൽ രവീന്ദ്ര ജദേജയാണ് ഒന്നാമത്. രണ്ടാമതുള്ള അശ്വിനാണ് പട്ടികയിലെ മറ്റൊരു ഇന്ത്യൻ താരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.