'ടിം പെയ്ൻ കള്ളം പറഞ്ഞു, ഞങ്ങളെ വളരെ മോശമായാണ് അന്ന് പരിഗണിച്ചത്'; കോവിഡ് കാലത്തെ ആസ്ട്രേലിയൻ പര്യടനത്തെ കുറിച്ച് ഠാക്കൂർ
text_fields2020-21 കോവിഡ് കാലത്തെ ആസ്ട്രേലിയൻ പര്യടനത്തിനടയിലെ മോശം അനുഭവം പങ്കുവെച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഷർദുൽ ഠാക്കൂർ. 2020-21ൽ നടന്ന ബോർഡർ ഗവാസ്കർ ടെസറ്റ് പരമ്പരക്കിടെയിലെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പര വരാനിരിക്കെയാണ് ഠാക്കൂറിന്‍റെ വെളിപ്പെടുത്തൽ. 2020-21ൽ അവസാനമായി ആസ്ട്രേലിയയിൽ വെച്ച് നടന്ന ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യൻ ആരാധകർക്ക് ഒട്ടും മറക്കാൻ സാധിക്കാത്തതാണ്. 2-1ന് ഇന്ത്യ ജയിച്ച പരമ്പരയിൽ ആസ്ട്രേലിയയുടെ 'ഗാബ്ബ കോട്ട' ഇന്ത്യ തകർത്തിരുന്നു.
ആ പര്യടനത്തിൽ ഇന്ത്യൻ ടീമിന് ആവശ്യമായ സൗകര്യങ്ങൾ നൽകിയില്ലെന്ന് പറയുകയാണ് ഠാക്കൂർ. അഞ്ചാറ് ദിവസത്തേക്ക് അവിടെ റൂം ക്ലീൻ ചെയ്യാൻ ആരും വരാറില്ലായിരുന്നുവെന്നും ബെഡ്ഷീറ്റ് മാറുവാൻ അഞ്ച് നില കയറണമായിരുന്നുവെന്നും ഠാക്കൂർ പറഞ്ഞു.
'അവർ ഞങ്ങളെ മോശമായാണ് പരിഗണിച്ചത്. നാലോ അഞ്ചോ ദിവസത്തോളം ഹോട്ടലിൽ ആരും റൂം ക്ലീൻ ചെയ്യാനൊന്നും വരില്ലായിരുന്നു. നമ്മൾ തളർന്നിരിക്കുന്ന സമയത്ത് പോലും ബെഡ്ഷീറ്റ് മാറാൻ അഞ്ചാം നില വരെ നടക്കണം, ടാക്കൂർ പറഞ്ഞു. ഇന്ത്യൻ ടീമിന് ആവശ്യമുള്ളതെല്ലാം നൽകിയെന്ന് അന്നത്തെ ആസ്ട്രേലിയൻ നായകൻ ടിം പെയ്ൻ നുണ പറയുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
'ഒരു അഭിമുഖത്തിൽ 'ഞങ്ങൾ ഇന്ത്യൻ ടീമിന് ഒരു പ്രഷറും നൽകിയില്ല, ആവശ്യമുള്ളതെല്ലാം നൽകി' എന്ന് പെയ്ൻ പറയുന്നത് ഞാൻ കേട്ടിരുന്നു. എന്നാൽ അദ്ദേഹം കള്ളം പറയുകയാണ്. മീഡിയയുടെ മുന്നിൽ തന്‍റെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് അദ്ദേഹം നുണ പറഞ്ഞത്. എന്നാൽ എനിക്ക് സത്യമറിയാം. ക്യാപ്റ്റൻ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയിരുന്നു. ആവശ്യമുള്ളത് ലഭിക്കാൻ അജിൻക്യാ രഹാനെയും രവി ശാസ്ത്രിയും ഒരുപാട് ശ്രമിച്ചു,' ഠാക്കൂർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ എക്കാലത്തെയും മികച്ച ടെസ്റ്റ് പരമ്പര വിജയങ്ങളിലൊന്നാണ് 2020-21ൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫി. ആദ്യ മത്സരത്തിന് ശേഷം നായകൻ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ജസപ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, രവി ജഡേജ, എന്നീ പ്രധാന താരങ്ങൾക്ക് പരിക്കുമേറ്റിരുന്നു. എന്നിട്ടും രഹാനെയുടെ കീഴിൽ ഇന്ത്യ പൊരുതി വിജയിക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ റിഷബ് പന്ത് അന്ന് ഇന്ത്യയുടെ 'ഹീറോ' ആയി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.