താങ്ക് യൂ ദ്രാവിഡ്
text_fields37കാരൻ രോഹിത് ശർമയും 35കാരൻ വിരാട് കോഹ്ലിയും അന്താരാഷ്ട്ര ട്വൻറി20യിൽനിന്ന് കളമൊഴിയുമ്പോൾ, 38ാം വയസ്സിൽ കുട്ടിക്രിക്കറ്റിൽ അരങ്ങേറിയ ഒരു താരവും ‘ഇന്ത്യൻ ടീം’ വിടുകയാണ്. കളിക്കാരനായി നിറഞ്ഞാടിയിട്ടും എത്തിപ്പിടിക്കാനാകാതെ പോയ ലോകകപ്പ്, പരിശീലകന്റെ കുപ്പായത്തിൽ സ്വന്തമാക്കിയാണ് ആ വിടവാങ്ങൽ.
കഴിവും പ്രതിഭയുമുള്ളവർ ഏറെയുണ്ടായിട്ടും വലിയ വിജയങ്ങൾ അകന്നുനിന്ന ടീമിനെ, ഒത്തിണക്കമുള്ള കരുത്തുറ്റ സംഘമാക്കി ലോകത്തിന്റെ നെറുകയിൽ എത്തിച്ച മനുഷ്യൻ. കളിക്കളത്തിൽ മാന്യതയുടെയും സ്ഥിരതയുടെയും പര്യായമായിരുന്ന നമ്മുടെ സ്വന്തം ‘വന്മതിൽ’ -രാഹുൽ ദ്രാവിഡ്.
2011ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ഉൾപ്പെടുത്തിയ ഏക ട്വൻറി20യിലാണ് ക്രിക്കറ്റ് ജീവിതത്തിന്റെ സായംസന്ധ്യയിൽ ദ്രാവിഡ് അരങ്ങേറ്റം കുറിച്ചത്. അത് അവസാന മത്സരവുമായി. മത്സരം ഇന്ത്യ തോറ്റെങ്കിലും, വൺഡൗണായി ഇറങ്ങി 21 പന്തിൽ മൂന്ന് സിക്സർ സഹിതം 31 റൺസ് നേടാൻ കഴിഞ്ഞു. അന്ന് ദ്രാവിഡിന് ശേഷം നാലും അഞ്ചും സ്ഥാനങ്ങളിൽ ഇറങ്ങിയത് വിരാട് കോഹ്ലിയും രോഹിത് ശർമയുമായിരുന്നു എന്നത് യാദൃശ്ചികം മാത്രം.
2021ലെ ട്വന്റി20 ലോകകപ്പിൽ പാകിസ്താനോട് ഉൾപ്പെടെ തോൽവി വഴങ്ങി ടൂർണമെന്റിൽനിന്ന് പുറത്തായ ടീമിനെ ഏറ്റെടുത്ത് പരിശീലിപ്പിച്ച് ഇന്ന് ലോകത്തിലെ നമ്പർ വൺ ടീമാക്കിയാണ് ദ്രാവിഡ് മടങ്ങുന്നത് (ഏകദിന റാങ്കിങ്ങിലും ഇന്ത്യതന്നെയാണ് മുന്നിൽ.
ടെസ്റ്റിൽ ആസ്ട്രേലിയക്ക് പിന്നിൽ രണ്ടാംസ്ഥാനം). മൂന്ന് വർഷത്തോളം നീണ്ട പരിശീലന കാലയളവിൽ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിലും 2023ലെ ഏകദിന ലോകകപ്പിലും ഫൈനൽവരെയെത്താൻ ടീമിന് സാധിച്ചു. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിലെ തോൽവിക്കുശേഷം പദവിയൊഴിയാൻ തീരുമാനിച്ചെങ്കിലും ബി.സി.സി.ഐ കാലാവധി നീട്ടിനൽകി. അങ്ങനെയാണ് ട്വന്റി20 ലോകകപ്പ് കഴിയുംവരെ തുടർന്നത്.
അന്ന് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ, ദ്രാവിഡ് ടീമിനെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന പ്രതീക്ഷതന്നെയാണെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചപ്പോൾ, വേണമെങ്കിൽ ദ്രാവിഡിനും അപേക്ഷിക്കാമെന്നും സെക്രട്ടറി ജയ്ഷാ കൂട്ടിച്ചേർത്തിരുന്നു. ടീമിൽ ദ്രാവിഡിന്റെ സാന്നിധ്യം അത്രമേൽ കളിക്കാർക്ക് ഗുണംചെയ്തിരുന്നുവെന്നർഥം.
അതേസമയം, ദ്രാവിഡിനെ പരിശീലകനായി നിയോഗിച്ചപ്പോൾ ചിലരെങ്കിലും മുഖം ചുളിച്ചിരുന്നു. ആക്രമിച്ചു കളിക്കാൻ ഇഷ്ടപ്പെടുന്ന ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം, ദ്രാവിഡിന് ഒത്തുപോകാൻ കഴിയുമോയെന്നായിരുന്നു ആശങ്ക. എന്നാൽ, അതെല്ലാം അസ്ഥാനത്താണെന്ന് ഓരോ ടൂർണമെന്റുകളും തെളിയിച്ചു. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ദ്രാവിഡ്, അവരെ ടീമിൽ കളിപ്പിക്കാൻ ക്യാപ്റ്റനെ നിർബന്ധിച്ചില്ല.
രാഹുലിന്റെ ശിഷ്യഗണങ്ങളിൽ പ്രധാനിയായ സഞ്ജു സാംസണ് ലോകകപ്പിലെ ഒരു മത്സരത്തിലും കളിക്കാൻ അവസരം ലഭിക്കാതിരുന്നത്, വിജയം തുടരുന്ന ഈ കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ടയെന്ന തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. ദ്രാവിഡ് പരിശീലകനായപ്പോൾ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.
ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ സഞ്ജുവിനെ ഇറക്കാത്തതിനെ മുൻതാരങ്ങൾ ചോദ്യം ചെയ്തപ്പോഴും പരിശീലകൻ ടീമിന്റെ താൽപര്യത്തിനൊപ്പം ഉറച്ചുനിന്നു. രാജസ്ഥാൻ റോയൽസിൽ പരിശീലകനായിരുന്നപ്പോൾ ദ്രാവിഡും സഞ്ജുവുമായി ഉണ്ടായിരുന്ന അടുപ്പം അറിയാവുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആരാധകരുടെ പ്രതീക്ഷ.
ദ്രാവിഡ് പരിശീലകനായിരിക്കെ, ഇന്ത്യ കളിച്ച 24 ടെസ്റ്റുകളിൽ 14ലും ജയിച്ചു; ഏഴ് തോൽവി, മൂന്ന് സമനില. 53 ഏകദിനങ്ങളിൽ 36 ജയം, 14 തോൽവി. 70 ട്വന്റി 20 കളിൽ 51 ജയം, 19 തോൽവി എന്നിങ്ങനെ മികച്ച പ്രകടനം കൈവരിക്കാനായി.
പരിശീലകക്കുപ്പായം അഴിച്ചുവെക്കുമ്പോൾ, ഇനി കുടുംബത്തിനൊപ്പം ചെലവഴിക്കാനുള്ള സമയമാണെന്നായിരുന്നു 51കാരന്റെ പ്രതികരണം. 1996ൽ അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ ശേഷം 16 വർഷം ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളിൽ നിർണായക സാന്നിധ്യമായിരുന്ന ദ്രാവിഡ്, ലോകകപ്പ് വിജയത്തോടെ ട്വന്റി20യുടെ കൂടി താരമായിരിക്കയാണ്. താങ്ക് യൂ ദ്രാവിഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.