
നന്ദി രഹാനെ...ഈ സങ്കടക്കാലത്ത് ഇതുപോലെ അനുഗൃഹീതമായൊരു നിമിഷം ഞങ്ങൾക്ക് ആവശ്യമായിരുന്നു
text_fieldsനേരം ഇരുട്ടാണ്. മരം കോച്ചുന്ന തണുപ്പും. ഡൽഹിയിൽ, ജനുവരിയിൽ പുലർച്ചെ 5.30ന് എഴുന്നേൽക്കേണ്ടി വരുന്നത് ക്രൂരമാണ്. ചൂടുള്ള കമ്പിളിയിൽ പൊതിഞ്ഞ്, പാതി തുറന്ന കണ്ണുകളുമായി, ഭാര്യ ഉണരാതിരിക്കാൻ ഒച്ചയുണ്ടാക്കാതെ മുറിക്ക് പുറത്തുകടക്കണം. ഞാൻ ക്രിക്കറ്റ് ഭ്രാന്തനാണെന്ന് അവൾക്ക് ഉറച്ച ബോധ്യമുണ്ട്. മധുവിധുവിന് കസൗലിയിൽ പോയപ്പോൾ ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം ഹിമാചലിലെ ആ ഹിൽ സ്റ്റേഷനിലെ ഏക ടെലിവിഷനിൽ കാണുന്നതിനായി പ്രാദേശിക ക്ലബിൽ മെമ്പർഷിപ്പെടുത്ത നാൾ മുതൽ അവൾക്കതറിയാം.
കളിയോടുള്ള ഭ്രാന്ത് കാരണങ്ങളില്ലാതെയുള്ളതല്ല. ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ബ്രിസ്ബേനിൽ നടക്കുന്ന ടെസ്റ്റിലെ അവസാന നാൾ. പരമ്പര ജയിക്കാൻ ഇന്ത്യക്ക് വേണ്ടത് 328 റൺസ്. അതിരാവിലെ അലാറം വെച്ച് എഴുന്നേൽക്കുന്ന തരത്തിൽ താൽപര്യം ജനിപ്പിക്കുന്ന മത്സരം. ആസ്ട്രേലിയയിൽനിന്നുള്ള റേഡിയോ കമന്‍ററി കേൾക്കാൻ 1970കളിലെ കൗമാരക്കാലത്തും അങ്ങനെ ചെയ്തിട്ടുണ്ട്. അന്നാണ് ആ കളിയോട് ആദ്യം പ്രണയബദ്ധനായത്. ചാപ്പലുമാർ, ലില്ലി, തോമോ...പിന്നെ ബ്രോഡ്കാസ്റ്റിനിടയിലുള്ള ആ ബീജീസ് ഗാനങ്ങളും. ആസ്ട്രേലിയയിലെ ക്രിക്കറ്റ് പതിയെ അഡിക്ഷനായി മാറുകയായിരുന്നു.
ഇപ്പോൾ ഏറെ മുതിർന്നെങ്കിലും കുട്ടിക്കാലത്തെ ആ പ്രണയാതുര സ്വപ്നങ്ങളിലേക്ക് കളി ഇപ്പോഴും വലിച്ചുകൊണ്ടുപോവുകയാണ്. റേഡിയോ യുഗം ടെലിവിഷന്‍റെ മായക്കാഴ്ചകൾക്ക് വഴിമാറിയിരിക്കുന്നു. നിശബ്ദതക്കിടയിലൂടെ ഹർഷ ഭോഗ്ലെയുടെ മധുര ശബ്ദം പരന്നൊഴുകുന്നു. 'ആ ശബ്ദമൊന്നു കുറക്ക്..' ഭാര്യ തെല്ല് പരിഭവത്തോടെ പറയുന്നു. തുണയില്ലാത്ത ക്രിക്കറ്റ് ആരാധകൻ ആയിരിക്കുന്നത് ഒട്ടും എളുപ്പമല്ല.
കളി കണ്ടിരിക്കവേ, ആദ്യ കപ്പ് കാപ്പിയെടുത്ത് മൊത്തിക്കുടിച്ചുകൊണ്ടിരിക്കുേമ്പാൾ രോഹിത് ശർമ പുറത്തായി. ഇന്ത്യയുടെ സാധ്യതകളെച്ചൊല്ലി ആധി ഉടലെടുക്കുകയാണ്. തന്‍റെ ബാറ്റുകൊണ്ട് ഒരു മത്സരം ജയിക്കാനുള്ള രോഹിതിന്‍റെ കഴിവിൽ ബോധ്യമുള്ളതുകൊണ്ടാണത്. 'ഇനി നമ്മൾ സമനിലക്കുവേണ്ടിയാണ് കളിക്കേണ്ടത്..അങ്ങനെയെങ്കിൽ നമുക്ക് ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്താമല്ലോ' -മുംബൈയിലുള്ള പഴയ സുഹൃത്തിന് മെസേജയച്ചു. ബ്രിസ്ബേനിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരണങ്ങൾ ഗൂഗിളിൽ തെരഞ്ഞു. വരുമെന്നു പറഞ്ഞ ഇടിയും മിന്നലും മഴയോടൊപ്പം എത്താത്തതെന്തേ എന്ന് നിരാശപ്പെട്ടു. അപ്പോഴേക്കും മുംബൈയിൽനിന്ന് സുഹൃത്തിന്‍റെ ആത്മവിശ്വാസം തുളുമ്പുന്ന മറുപടിയെത്തി. 'നിങ്ങൾ ആകുലപ്പെടാതെ മനുഷ്യാ..ശുഭ്മാനും പന്തും വേണ്ടതു ചെയ്യും'.
21 വയസ്സേയുള്ളൂ ശുഭ്മാന്. ആകെ മൂന്നു ടെസ്റ്റുകളുടെ പാകത. എന്നാൽ, ഇന്ത്യക്കുവേണ്ടി ബാറ്റു ചെയ്യാൻ നിയോഗിക്കപ്പെട്ടവനെപ്പോലെയായിരുന്നു അവെന്റ കളിയും ഭാവവും. ഓസീസിന്‍റെ പടുകോട്ടയായ ഗാബയിലെ ബൗൺസിനോട് പൊരുത്തപ്പെടാനാവിെല്ലന്ന് ടിം പെയ്നേ വിക്കറ്റിനുപിന്നിൽനിന്ന് പിറുപിറുത്തുകൊണ്ടിരുന്നു. 1988ലാണ് ഈ മണ്ണിൽ ആസ്ട്രേലിയ അവസാനമായി തോറ്റത്. ശുഭ്മാൻ ഗിൽ ജനിച്ചത് 1999ലും. നിങ്ങൾ വളരെ ചെറുപ്പമാണെങ്കിൽ ചരിത്രം വിട്ടുകളയാനുള്ള സൗകര്യമുണ്ട്. റിയർവ്യൂ മിററിൽ നോക്കേണ്ട ആവശ്യം അേപ്പാൾ നിങ്ങൾക്കില്ല. ഉദാത്തമായ ശൈലിയിൽ ഗിൽ േഷാട്ടുകളുതിർത്തുകൊണ്ടിരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് ശോഭനമായ കരിയറിൽ ഇനി പിറക്കാനിരിക്കുന്ന നൂറുകണക്കിന് ടെസ്റ്റ് റണ്ണുകളാണ്.
ക്രീസിന്‍റെ മറ്റേ അറ്റത്ത് അപ്പോഴുള്ള ബാറ്റ്സ്മാൻ ടെസ്റ്റിൽ 6000ലേറെ റൺസ് കുറിച്ചവനായിരുന്നു. മോഡേൺ ക്രിക്കറ്റിന്‍റെ കണക്കുകൂട്ടലുകൾക്കൊത്തയാളല്ല ഒരിക്കലും ചേതേശ്വർ പൂജാര. കളിയിൽ ഇക്കാലത്തൊരു മ്യൂസിയം പീസ് പോലെ തോന്നിപ്പിക്കുമയാൾ. എങ്ങനെയാണോ ടെസ്റ്റ് ക്രിക്കറ്റ് കളിേക്കണ്ടത്, അതുപോലെയാണ് അയാൾ ബാറ്റേന്തുക. സുനിൽ ഗവാസ്കർ യുഗത്തെ ക്രീസിൽ പൂജാര എേപ്പാഴും ഓർമിപ്പിച്ചുകൊണ്ടേയിരിക്കും. കറകളഞ്ഞ പ്രതിരോധ രീതികൾ കൊണ്ട് എതിരാളികളെ കുഴയ്ക്കും. സ്ട്രൈക്ക് റേറ്റിനെ മറന്നേക്കൂ...കരുത്തുറ്റ ഈ ഓസീ പേസ് അറ്റാക്കിനെ നേരിടാൻ കഴിയുന്ന ഒരു കളിക്കാരൻ ടീമിലുണ്ടായിരിക്കണം. മിക്ക കളിക്കാരും ഹെഡ്ജ് ഫണ്ട് കണക്കെ ബാറ്റു ചെയ്യുന്ന കാലത്ത് നിങ്ങൾക്കൊരു ഫിക്സഡ് ഡെേപാസിറ്റ് ആവശ്യമാണ്. ഇന്ത്യക്കത് പുജാരയാണ്.
ആസ്ട്രേലിയ അയാളെ ഷോർട്ട് ബോളുകൾ കൊണ്ട് പൊതിഞ്ഞു. ഹെൽമറ്റിലും കൈയിലും വിരലിലുമെല്ലാം തുടരെത്തുടരെ ഏറുകൾ കൊണ്ടു. എന്നാൽ, സൗരാഷ്ട്രയിൽനിന്നുള്ള ക്രിക്കറ്റ് പോരാളിയായ പൂജാര ഒട്ടും ചൂളിയില്ല. ഓസീസിന്‍റെ ദീർഘകായരായ രണ്ടു പേസർമാർ -പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും-യുദ്ധമുഖത്തെന്ന പോലെ അയാളെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. പുജാരക്ക് പേക്ഷ, തരിമ്പും കൂസലുണ്ടായില്ല.
അർഹിച്ച സെഞ്ച്വറിക്ക് അൽപമകലെ ഗിൽ വീണപ്പോൾ എത്തിയത് നായകൻ അജിൻക്യ രഹാനെ. പുജാരയെപ്പോലെ അസാധാരണത്വം അൽപമുള്ളയാളാണ് രഹാനെയും. രൺവീർ സിങ്ങിന്‍റെ കാലത്തെ നമ്മുടെ അമോൽ പലേക്കർ. അടുത്ത വീട്ടിലെ കുട്ടിയെന്നു തോന്നിക്കുന്നവനാണവൻ. നിശബ്ദതയും നാണവും കൊണ്ട് ഒളിപ്പിച്ചുനിർത്തുന്ന ഉൾക്കരുത്തുണ്ട് രഹാനെക്ക്. മെൽബണിലെ മാച്ച് വിന്നിങ് സെഞ്ച്വറിയും, അന്തസ്സും ആകർഷകത്വവുമുള്ള ക്യാപ്റ്റൻസിയും അതാണ് െതളിയിക്കുന്നത്. വിരാട് കോഹ്ലിയെപ്പോലെ ഒരു ക്യാപ്റ്റന്റെ റോളിലേക്ക് ഒരു പരമ്പരക്കിടയിൽ ഉയർന്നുനിൽക്കേണ്ട അവസരത്തിൽ അതവൻ ഗംഭീരമായിത്തന്നെ നിർവഹിച്ചു. മെൽബണിലെ സെഞ്ച്വറി നേട്ടത്തിൽ അഭിനന്ദിച്ച് മെസേജ് അയച്ചേപ്പാൾ 'താങ്ക് യൂ സർ, ഹാപ്പി ന്യൂ ഇയർ' എന്ന് അത്രയും വിനയത്തോടെ ഉടൻ മറുപടി അയക്കുന്ന താരമാണവൻ.
22പന്തിൽ 24 റൺസെടുത്ത് നായകൻ മടങ്ങുേമ്പാൾ മത്സരം ശരിക്കും തുലാസിലാടുകയായിരുന്നു. പുതുസഹസ്രാബ്ദ തലുമറയിലെ മറ്റൊരു താരമായ ഋഷഭ് പന്തിന്‍റെ കടന്നുവരവായിരുന്നു പിന്നെ. ഐ.പി.എൽ നൽകിയ പ്രശസ്തിയും കോടികളുടെ കരാറുകളും സിക്സറുകളുടെ മാലപ്പടക്കം തീർക്കാനുള്ള കരുത്തുമെല്ലാം പന്തിന്‍റെ പേരിനൊപ്പം ചേർന്നുകഴിഞ്ഞിട്ടുണ്ട്. എടുത്തുചാട്ടക്കാരനും ക്ഷിപ്രകോപിയുമായി കരിയറിന്‍റെ തുടക്കത്തിലേ മുദ്ര ചാർത്തപ്പെട്ടിരുന്ന പന്തിന് വൈറ്റ്ബാൾ ടീമിൽ സ്ഥാനം നഷ്ടമായിരുന്നു. അസ്ഥിരമായ ബാറ്റിങ്ങിനു പുറമെ കീപ്പിങ്ങും നിരന്തര നിരീക്ഷണത്തിനുള്ളിലായിരുന്നു. തൊട്ടുമുമ്പ് സിഡ്നിയിൽ നടന്ന ടെസ്റ്റിൽ 97 തകർപ്പൻ റണ്ണുകളടിച്ചാണ് പന്ത് ബ്രിസ്ബേനിലേക്കെത്തിയത്. അവിശ്വസനീയ ജയത്തിന്‍റെ പടിവാതിൽക്കൽ ആ ഇന്നിങ്സ് ടീമിനെ കൊണ്ടെത്തിച്ചിരുന്നു. ആസ്ട്രേലിയ അവനെ ഭയപ്പെട്ടിരുന്നുവെന്നത് സത്യമാണ്. പന്ത് ഗാർഡെടുക്കുേമ്പാൾ ചിതറിത്തെറിക്കുന്ന ഫീൽഡിങ് വിന്യാസം തന്നെയാണ് അതിന്‍റെ തെളിവ്. അതീവ പ്രതിഭാശേഷിയും ആരെയും കൂസാത്ത ചങ്കുറപ്പും...ഒരു 23കാരനുവേണ്ട മാരക ചേരുവകൾ വേണ്ടുവോളമുണ്ട് അവന്‍റെയുള്ളിൽ. ക്രീസിൽ നിലയുറപ്പിക്കാൻ അവൻ തേന്റതായ സമയമെടുത്തേക്കും. കലഹപ്രിയനായ ഒരു സുമോ ഗുസ്തിക്കാരൻ എതിരാളിയെ മലർത്തിയടിക്കുംമുമ്പ് മെരുക്കുന്നതുപോലുള്ള പ്രക്രിയയാണത്. നതാൻ ലിയോണിന്‍റെ ഒരു ബാൾ ക്രീസിലെ പൊട്ടലിൽ വീണ് ഡിഫൻസീവ് നീക്കങ്ങൾക്ക് പിടികൊടുക്കാതെ വെട്ടിത്തിരിയുന്നു. അടുത്ത പന്തിൽ പക്ഷേ, സ്റ്റെപ് ഒൗട്ട് ചെയ്ത് േലാങ് ഓണിലൂടെ കൂറ്റൻ സിക്സിന് പറത്തുന്നു. നൂറാം ടെസ്റ്റ് കളിക്കുന്ന ഓഫ്സ്പിന്നർ ലിയോൺ ആദരസമന്വിതമായ അദ്ഭുതത്തോടെയും അവിശ്വസനീയതയോടെയും ആ യുവ ബാറ്റ്സ്മാനെ നോക്കുന്നു. അേപ്പാൾ കമന്‍ററി ബോക്സിൽനിന്ന് ഷെയ്ൻ വോൺ ഇങ്ങനെ പറയുന്നു -'പന്ത് ഒരു മണിക്കൂർ ക്രീസിൽനിന്നാൽ ഈ മത്സരം ആസ്ട്രേലിയയുടെ വരുതിയിൽനിന്ന് പോവും'.
ചായക്കു പിരിയുേമ്പാൾ മഴയുടെ സൂചനകളൊന്നുമുണ്ടായിരുന്നില്ല. 37 ഓവറിൽ അപ്പോൾ ജയിക്കാൻ വേണ്ടത് 145 റൺസ്. കൈയിലുള്ളത് ഏഴു വിക്കറ്റും. ഇന്ത്യ ചരിത്രം രചിക്കുമോ? നേരത്തേ നിശ്ചയിച്ചിരുന്ന ഒരു സൂം കാൾ കാൻസൽ െചയ്തു. അവസാന സെഷനിലേക്ക് കണ്ണുനട്ട് ആ കസേരയിൽ അമർന്നിരുന്നു. ഓസീസിന് ന്യൂബാളെടുക്കാനുണ്ട്. അവരുടെ അവസാന ആശ്രയം. പരമ്പരയിലുടനീളം ഒരു സിംഹത്തിന്‍റെ ഹൃദയവുമായാണ് പാറ്റ് കമ്മിൻസ് പന്തെറിഞ്ഞത്. പൂജാരയെയും മായങ്ക് അഗർവാളിനെയും പുറത്താക്കി അയാൾ വർധിതവീര്യനുമാണ്.
പന്ത് അപ്പോഴും ക്രീസിലുണ്ട്. മോശം പന്തുകൾ മാത്രം തെരഞ്ഞെടുത്ത് ശിക്ഷിച്ചാണ് മുന്നോട്ടുപോകുന്നത്. ജയിക്കാൻ 50ന് മുകളിൽ മാത്രം റൺസ് വേണ്ടിയിരിക്കേ, അവനൊപ്പം ഐ.പി.എല്ലിലെയും അണ്ടർ 19ലെയും മറ്റൊരു സ്റ്റാറായ വാഷിങ്ടൺ സുന്ദർ ചേരുന്നു. വാഷിങ്ടൺ തന്‍റെ ആദ്യ ടെസ്റ്റാണ് കളിക്കുന്നത്. അവന്‍റെ ഭാവഹാവാദികളിൽനിന്ന് അത് നിങ്ങൾക്ക് മനസ്സിലാകിെല്ലന്നുമാത്രം. ഇപ്പോഴത്തെ യുവകളിക്കാർ അസാമാന്യമായ ആത്മവിശ്വാസവും തേന്റടവുമുള്ളവരാണ്. ധീരരും കരുത്തരുമായ 'പുതിയ' ഇന്ത്യയാണ് ഇവരുടെ വരവോടെ ക്രീസിൽ ദൃശ്യമാകുന്നത്. ആദ്യ ഇന്നിങ്സിൽ അർധശതകം നേടിയ സുന്ദർ അതിന്‍റെ തുടർച്ചയെന്നോണം രണ്ടാമിന്നിങ്സിലും ബാറ്റുവീശി. കമ്മിൻസിനെ തീർത്തും ഭയരഹിതമായാണ് അവൻ സിക്സിനു പറത്തിയത്.
സ്കോർ 300 കടന്നുകഴിഞ്ഞു. ഇനി വേണ്ടത് 28 റൺസ്. ലക്ഷ്യത്തിലേക്ക് മുന്നോട്ടുനീങ്ങവേ, റിവേഴ്സ് സ്വീപിനുള്ള ശ്രമത്തിൽ സുന്ദർ പുറത്തായി. ആറോവറോളം ബാക്കിയുള്ളപ്പോൾ ഇനി പത്തു റൺസ് കൂടി മതി. ആസ്ട്രേലിയ ഏറക്കുറെ കീഴടങ്ങിക്കഴിഞ്ഞു. അപാരമായ പോരാട്ടത്തിന്‍റെ അവിശ്വസനീയ ഫിനിഷിങ്ങിലേക്കുള്ള വഴിയിൽ പന്ത് വിറകൊള്ളാതെ നിലകൊണ്ടു. ഹേസൽവുഡിന്‍റെ ഷോർട് ബാളിനെ ഹുക് ചെയ്ത് അതിർത്തി കടത്തിയതോടെ കാത്തിരുന്നതിനടുത്തേക്ക്. പന്തിന്‍റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ഇന്ത്യൻ മാജിക് ഷോയാണ് ക്രീസിൽ വിടരുന്നത്. തളർച്ചയോടെ ഹേസൽവുഡ് ഒന്നു ചുമൽ കുലുക്കി.
ആസ്ട്രേലിയ ഏറക്കുറെ പ്രതീക്ഷകൾ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. വിന്നിങ് ഷോട്ട് ഉതിർക്കാനുള്ള ശ്രമത്തിനിടെ, ഒന്നാമിന്നിങ്സിലെ ടോപ്സ്കോറർ ശാർദുൽ താക്കൂറിനെ പിടികൂടിയിട്ടും അവരുടെ മുഖം തെളിഞ്ഞില്ല. മൂന്നു റൺസ് മാത്രം വേണ്ടേപ്പാൾ മൂന്നു വിക്കറ്റുണ്ട് കൈയിൽ. പന്തിന്‍റെ ഓഫ് ഡ്രൈവിൽ ആ വീരചരിതം പൂർണമായി. ഗാബയെന്ന പടുകോട്ടയിൽ വിള്ളൽ സൃഷ്ടിക്കുക മാത്രമായിരുന്നില്ല ഇന്ത്യ. അത് വളരെ മേനാഹരമായും ആധികാരികമായും കീഴടക്കുകയായിരുന്നു. ആ നിമിഷത്തിലെ ഹീറോയെ ആലിംഗനം ചെയ്യാൻ പന്തിന്‍റെ ടീമംഗങ്ങൾ കളത്തിലേക്ക് ഇരച്ചെത്തി. ബിഗ് സ്റ്റേജിൽ പന്ത് തന്‍റെ പ്രതിഭയെ വിളംബരം ചെയ്യുകയായിരുന്നു. പേക്ഷ, അവൻ ഒറ്റക്കായിരുന്നില്ലെന്ന് മാത്രം. ടീം എഫർട്ടിന്‍റെ മൂർത്തമായ പ്രകടനമായിരുന്നു ചരിത്രപ്പിറവിയിലേക്ക് വഴിതെളിച്ചത്.
കോച്ച് രവിശാസ്ത്രി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. 1983 ലെ ലോകകപ്പ് ചാമ്പ്യനും 1985ലെ ചാമ്പ്യൻ ഓഫ് ചാമ്പ്യനുമാണ് അദ്ദേഹം. ഇപ്പോൾ പിന്നാമ്പുറത്തെ തന്ത്രങ്ങളിൽ ഉത്തുംഗതയിലെത്തിനിൽക്കുന്നു അദ്ദേഹം. ആദ്യ ടെസ്റ്റിൽ വെറും 36 റൺസിന് ഓൾഔട്ടാവുകയും വിദഗ്ധരെല്ലാം എഴുതിത്തള്ളുകയും ചെയ്ത ടീം ഈവിധം ചരിത്രമെഴുതണമെങ്കിൽ അതിനുപിന്നിൽ അനൽപമായ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും അനിവാര്യമാണ്. തന്‍റെ ക്രിക്കറ്റിങ് കരിയർ വർധിത വീര്യമായ മനസ്സുറപ്പിൽ കെട്ടിപ്പടുത്ത ശാസ്ത്രി, ആ പോരാട്ടവീര്യം അടുത്ത തലമുറയിലേക്കും പകർന്നുനൽകിയിരിക്കുന്നു. പരിക്ക്, കാണികളിൽനിന്നുള്ള വംശീയ പരാമർശങ്ങൾ, ബയോ-ബബ്ൾ ആശങ്കകൾ....പ്രതിസന്ധികൾ ഒന്നിനുപിന്നാലെ ഒന്നായി വന്നപ്പോഴും ഈ ഇന്ത്യൻ ടീം തല കുനിച്ചില്ല.
അതുകൊണ്ടാണ് 2021ലെ ബ്രിസ്ബേനും, ഈ പരമ്പരയും വിദേശത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നത്. ഇത് പിറവി കൊള്ളാൻ ഇതിലും നല്ലൊരു സമയമില്ല. ഈ മഹാമാരിയുടെ കാലത്ത്, ലോകം അത്രയും ഭീതിയിലൂടെയും നിരാശയിലൂടെയും കടന്നുപോകുന്ന സമയത്ത്, ഹൈ ക്വാളിറ്റി സ്പോർട്സ് എന്നത് ഒരു ആഢംബരം തന്നെയായി തോന്നുന്നു. ഇത്തരമൊരു വീരഗാഥ ഇന്ത്യൻ ടീം തന്നെ രചിക്കുേമ്പാഴാണ് അത് എക്സ്ട്രാ സ്പെഷൽ ആയി മാറുന്നത്. അതുകൊണ്ട് അജിൻക്യ രഹാനെ..ടീം ഇന്ത്യ...ഈ ചൊവ്വാഴ്ച അത്രയും സ്മരണീയമാക്കിയതിൽ നിങ്ങളോട് ഒരുപാട് നന്ദിയുണ്ട്. കളിയുടെ സന്തോഷം ആഘോഷിക്കാൻ നിങ്ങൾ അത്ര നല്ല സന്ദർഭമാണ് പകർന്നുനൽകിയത്. അഭിമാനവും സ്നേഹവും നിറച്ചുവെച്ച് പുഞ്ചിരിക്കാൻ നിങ്ങൾ ഞങ്ങൾക്ക് അവസരമേകി..സന്തോഷം നിറഞ്ഞ ഒരു തുള്ളി കണ്ണീർ പൊഴിക്കാനും. ഈ സങ്കടക്കാലത്ത് ഇതുപോലെ അനുഗൃഹീതവും പരമാനന്ദകരവുമായ നിമിഷം ഞങ്ങൾക്ക് ആവശ്യമായിരുന്നു..താങ്ക് യൂ.
(കടപ്പാട്: scroll.in മൊഴിമാറ്റം: എൻ.എസ്. നിസാർ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.