ആ താരം ഉണ്ടായിരുന്നെങ്കിൽ പഞ്ചാബ് ഇങ്ങനെ തോൽക്കില്ലായിരുന്നുവെന്ന് സേവാഗ്
text_fieldsദുബൈ: ഓപണർമാരായ മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, വൺഡൗൺ ബാറ്റ്സ്മാൻ എയ്ഡൻ മാർക്രം എന്നിവരാണ് ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന്റെ തോൽവിക്ക് ഉത്തരവാദികളെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ േസവാഗ്. അനായാസം ജയിക്കാവുന്ന മത്സരം രണ്ടു റൺസിനാണ് പഞ്ചാബ് തോറ്റത്. നാലുറണസ് മാത്രം വേണ്ടിയിരുന്ന അവസാനം ഓവറിൽ ഒരു റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടുവിക്കറ്റ് പിഴുത കാർത്തിക്ക് ത്യാഗിയാണ് മത്സരം തിരിച്ചത്.
മത്സരത്തിൽ 30ലധികം പന്തുകൾ നേരിട്ട മായങ്കോ രാഹുലോ മത്സരം ഫിനിഷ് ചെയ്യേണ്ടിയിരുന്നുവെന്ന് സേവാഗ് അഭിപ്രായെപട്ടു. മാർക്രം വന്നതോടെ ടീമിൽ നിന്ന് പുറത്തായ ക്രിസ് ഗെയ്ലായിരുന്നു അർധസെഞ്ച്വറിയുമായി ക്രീസിലെങ്കിൽ ടീമിനെ അവസാന ഓവറിൽ തോൽക്കാൻ വിടില്ലായിരുന്നുവെന്ന് സേവാഗ് ക്രിക്ബസിനോട് പറഞ്ഞു.
അവസാന ഓവറിൽ സ്ട്രൈക്ക് നേടുന്നതിൽ പരാജയപ്പെട്ട മാർക്രമിനെയും വീരു വിമർശിക്കുന്നുണ്ട്. 20ലധികം പന്ത് കളിച്ച അനുഭവവുമായി നിൽക്കുേമ്പാൾ പന്ത് എങ്ങോട്ട് പോയാലും സിംഗിൾ എടുക്കാൻ അന്താരാഷ്ട്ര താരം കൂടിയായ മാർക്രം ശ്രദ്ധിക്കണമായിരുന്നുവെന്ന് സേവാഗ് പറഞ്ഞു. ശനിയാഴ്ച ഷാർജയിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് പഞ്ചാബിന്‍റെ അടുത്ത മത്സരം.
അവസാന ഓവറിലെ കാർത്തിക്ക് ത്യാഗിയുടെ മാരകമായ ബൗളിങ് മികവിലായിരുന്നു പഞ്ചാബിനെ റോയൽസ് രണ്ടുറൺസിന് തോൽപിച്ചത്. അവസാന ഓവറിൽ വെറും നാലുറൺസ് മതിയായിരുന്ന പഞ്ചാബ് എളുപ്പം വിജയിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ യു.പിക്കാരനായ 20കാരൻ ഉജ്വല ബൗളിങ്ങിലൂടെ കളിതിരിച്ചു. 11.5 ഒാവറിൽ മായങ്ക് അഗർവാളിന്‍റെയും (67) കെ.എൽ. രാഹുലിന്‍റെയും (47) മികവിൽ 120 റൺസെന്ന നിലയിൽ നിന്നാണ് പഞ്ചാബ് തോൽവിയിലേക്ക് കൂപ്പുകുത്തിയത്. എയ്ഡൻ മാർക്രം(26*) നികോളസ് പുരാൻ (32) എന്നിവർ നന്നായി ബാറ്റുവീശിയെങ്കിലും പഞ്ചാബ് പടിക്കൽ കലമുടച്ചു.
കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ ഒരു റൺ മാത്രമാണ് പിറന്നത്. രണ്ടു നിർണായക വിക്കറ്റുകൾ വീഴ്ത്തിയതിന് പുറമെ മൂന്നു ഡോട്ട് ബാളുകളും ത്യാഗി എറിഞ്ഞതോടെ വിജയം രാജസ്ഥാൻ സ്വന്തമാക്കുകയായിരുന്നു. നിക്കൊളാസ് പുരാൻ ദീപക് ഹൂഡ (0) എന്നീ വൻതോക്കുകളെയാണ് ത്യാഗി പുറത്താക്കിയത്. ആദ്യ മൂന്നോവറിൽ 28 റൺസ് വഴങ്ങിയതിന് ശേഷമാണ് നാലാംഓവറിൽ ത്യാഗി ഗംഭീര തിരിച്ചുവരവ് നടത്തിയത്.
ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ മുന്നോട്ടുവെച്ച 186 റൺസ് ലക്ഷ്യത്തിനുമുന്നിൽ നാലു വിക്കറ്റിന് 183 റൺസിനാണ് പഞ്ചാബ് പോരാട്ടം അവസാനിച്ചത്. ഒമ്പത് മത്സരത്തിൽ നിന്ന് പഞ്ചാബിന്‍റെ ആറാം തോൽവിയാണിത്. ജയത്തോടെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തേക്ക് കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.