ലോകകപ്പിലെ ആ റെക്കോഡ് ഇനി ഡി കോക്കിന്റെ പേരിൽ
text_fieldsമുബൈ: 2023 ലോകകപ്പിൽ തന്റെ മൂന്നാം സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കയെ കൂറ്റൻ സ്കോറിലേക്ക് നയിച്ച ക്വിന്റൺ ഡി കോക്കിനെ തേടിയെത്തി പുതിയ റെക്കോഡ്. 140 പന്ത് നേരിട്ട് ഏഴ് സിക്സും 15 ഫോറുമടക്കം 174 റൺസാണ് താരം ബംഗ്ലാദേശിനെതിരെ അടിച്ചെടുത്തത്. ഇതോടെ ലോകകപ്പിൽ ഒരു വിക്കറ്റ് കീപ്പർ-ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായി ഇത്. 2007 ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റ് അടിച്ച 149 റൺസിന്റെ റെക്കോഡാണ് ദക്ഷിണാഫ്രിക്കക്കാരന് മുന്നിൽ വഴിമാറിയത്.
ലോകകപ്പിലെ ഒമ്പതാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ് ഡി കോക്കിന്റേത്. 2015ൽ ന്യൂസിലാൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ 162 പന്തിൽ നേടിയ 237 റൺസാണ് ലോകകപ്പിലെ ഉയർന്ന വ്യക്തിഗത സ്കോർ. വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിൽ (215), ദക്ഷിണാഫ്രിക്കയുടെ ഗാരി കേസ്റ്റൺ (188*), മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി (183), വെസ്റ്റിൻഡീസിന്റെ വിവ് റിച്ചാഡ്സ് (181), ആസ്ട്രേലിയയുടെ ഡേവിഡ് വാർണർ (178), മുൻ ഇന്ത്യൻ താരങ്ങളായ കപിൽ ദേവ് (175*), വിരേന്ദർ സെവാഗ് (175) എന്നിവരാണ് ഡികോക്കിന് മുമ്പിലുള്ളത്.
വാംഖഡെ സ്റ്റേഡിയത്തിൽ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ഇന്ന് പിറന്നത്. ഏകദിന ക്രിക്കറ്റിലെ 20ാം സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കക്കാരൻ ബംഗ്ലാദേശിനെതിരെ അടിച്ചെടുത്തത്. ഈ ലോകകപ്പിൽ ശ്രീലങ്കക്കെതിരെ 100 റൺസെടുത്ത താരം ആസ്ട്രേലിയക്കെതിരെ 109 റൺസും നേടിയിരുന്നു.
തകർപ്പൻ സെഞ്ച്വറിയുമായി ഡി കോക്കും വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി ഹെന്റിച്ച് ക്ലാസനും നിറഞ്ഞാടിയ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 382 റൺസാണ് അടിച്ചെടുത്തത്. ഇരട്ട സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഡി കോക്കിനെ ഹസൻ മഹ്മൂദ് നസൂം അഹ്മദിന്റെ കൈയിലെത്തിച്ചതോടെ ബംഗ്ലാ താരങ്ങൾ അൽപം ആശ്വസിച്ചെങ്കിലും അവസാന ഓവറുകളിൽ ക്ലാസനും ഡേവിഡ് മില്ലറും അടിച്ചു തകർത്തതോടെ സ്കോർ 380ഉം പിന്നിടുകയായിരുന്നു.
ക്ലാസൻ 49 പന്തിൽ എട്ട് സിക്സും രണ്ട് ഫോറുമടക്കം 90 റൺസാണ് നേടിയത്. സെഞ്ച്വറിയിലേക്ക് നീങ്ങിയ ക്ലാസനെ അവസാന ഓവറിൽ ഹസൻ മഹ്മൂദിന്റെ പന്തിൽ മഹ്മൂദല്ല പിടികൂടുകയായിരുന്നു. ക്യാപ്റ്റൻ എയ്ഡൻ മർക്രാം 60 റൺസെടുത്തു. ഡേവിഡ് മില്ലർ (15 പന്തിൽ പുറത്താവാതെ 34), റീസ ഹെന്റിക്സ് (12), റസി വാൻ ഡെർ ഡൂസൻ (1), മാർകോ ജാൻസൻ (പുറത്താവാതെ ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് രണ്ടും മെഹ്ദി ഹസൻ, ഷോരിഫുൽ ഇസ്‍ലാം, ഷാകിബ് അൽ ഹസൻ എന്നിവർ ഓരോന്നും വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.