ആര് ചാരമാവും?; ആസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പോരിന് തുടക്കം
text_fieldsബ്രിസ്ബെയ്ൻ: ക്രിക്കറ്റിലെ പഴക്കവും വീര്യവുമേറിയ പോരാട്ടമായ ആഷസ് പരമ്പരക്ക് ബുധനാഴ്ച തുടക്കം. പുതുനായകൻ പാറ്റ് കമ്മിൻസിെൻറ നേതൃത്വത്തിൽ ആസ്ട്രേലിയയും ജോ റൂട്ടിെൻറ നായകത്വത്തിൽ ഇംഗ്ലണ്ടും കൊമ്പുകോർക്കുമ്പോൾ ആരായിരിക്കും ചാരമാവുകയെന്നറിയാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
71ാമത്തെ ആഷസ് പരമ്പരയാണ് ഇത്തവണ ആസ്ട്രേലിയയിൽ നടക്കുന്നത്. 33-32ന് ഓസീസാണ് മുന്നിൽ. എന്നാൽ, സ്വന്തം മണ്ണിൽ നടന്ന പരമ്പരകളിൽ ആസ്ട്രേലിയക്ക് വ്യക്തമായ മുൻതൂക്കമുണ്ട് (19-14).
ബ്രിസ്ബെയ്നിലെ ഗാബയിലാണ് ആദ്യ അങ്കം. അഡ്ലെയ്ഡ് (ഡിസം. 16-20), മെൽബൺ (ഡിസം. 26-30) എന്നിവിടങ്ങളിലാണ് രണ്ടു മുതൽ നാലു വരെ ടെസ്റ്റുകൾ. ജനു. 5-9 വരെ പെർത്തിൽ നടക്കേണ്ട നാലാം ടെസ്റ്റ് അവിടത്തെ കോവിഡ് മാനദണ്ഡങ്ങളിലെ കാർക്കശ്യം മൂലം വേദി മാറ്റുമെന്നുറപ്പായിട്ടുണ്ട്. പുതിയ വേദി പ്രഖ്യാപിച്ചിട്ടില്ല.
വിവാദങ്ങളെ തുടർന്ന് ടിം പെയ്ൻ രാജിവെച്ചപ്പോൾ നായകസ്ഥാനമേറ്റെടുത്ത പേസ് ബൗളർ കമ്മിൻസിെൻറ ആദ്യ ദൗത്യമാണ് ആഷസ്. ഓസീസ് ആദ്യ ടെസ്റ്റിനുള്ള 11 പേരെ നേരത്തേതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. മാർകസ് ഹാരിസാവും ഡേവിഡ് വാർണർക്കൊപ്പം ഓപൺ ചെയ്യുക. അലക്സ് കാരി വിക്കറ്റ് കാക്കും. ഉസ്മാൻ ഖ്വാജയെ പിന്തള്ളി ട്രാവിസ് ഹെഡ് അഞ്ചാം നമ്പറിലെത്തും. ഫോമിലുള്ള ജയ് റിച്ചാർഡ്സണിന് അവസരം ലഭിക്കില്ല. പകരം മിച്ചൽ സ്റ്റാർക് സ്ഥാനം നിലനിർത്തി.
ഇംഗ്ലണ്ട് അവസാന ഇലവനെ പ്രഖ്യാപിച്ചിട്ടില്ല. സ്ട്രൈക്ക് ബൗളർ ജെയിംസ് ആൻഡേഴ്സണിന് വിശ്രമം നൽകും.
ടീം: ആസ്ട്രേലിയ: ഡേവിഡ് വാർണർ, മാർകസ് ഹാരിസ്, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, നഥാൻ ലിയോൺ, ജോഷ് ഹാസൽവുഡ്.
ഇംഗ്ലണ്ട് (സാധ്യത): റോറി ബേൺസ്, ഹസീബ് ഹമീദ്, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഒലി പോപ്, ജോസ് ബട്ലർ, ക്രിസ് വോക്സ്, ഒലി റോബിൻസൺ, മാർക് വുഡ്, സ്റ്റുവർട്ട് ബ്രോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.