സെഞ്ച്വറിയുമായി ഖ്വാജ വീണ്ടും; ഇംഗ്ലണ്ടിന് കടക്കാൻ റൺമല
text_fieldsസിഡ്നി: 12 ദിവസം മാത്രം കളിച്ച് ആഷസ് പരമ്പര എതിരാളികൾക്ക് സമ്മാനിച്ച ക്ഷീണം സിഡ്നിയിൽ തീർക്കാമെന്ന ഇംഗ്ലീഷ് മോഹങ്ങളെ പെരുവഴിയിലാക്കി ഉസ്മാൻ ഖ്വാജയും ഓസീസും. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി പൂർത്തിയാക്കിയ ഖ്വാജയുടെ കരുത്തിൽ ഇംഗ്ലണ്ടിനു മുന്നിൽ ആതിഥേയർ ഉയർത്തിയത് 388 റൺസ് വിജയലക്ഷ്യം.
ഒരു ദിനം കളി ബാക്കിനിൽക്കെ വിക്കറ്റ് കാത്ത് സമനിലയിലേക്ക് തുഴഞ്ഞുനീങ്ങാനായാൽ ഇംഗ്ലണ്ടിന് ആശ്വസിക്കാം. സ്കോർ: ആസ്ട്രേലിയ 416-8 ഡിക്ല. & 265-6 ഡിക്ല., ഇംഗ്ലണ്ട് 294 & 30-0. നാലാം ദിവസം 36 റൺസ് മാത്രം ചേർത്ത് 294ൽ അവസാനിച്ച ഇംഗ്ലീഷ് ഇന്നിങ്സിനു പിറകെ അതിവേഗം ബാറ്റുവീശിയ ആസ്ട്രേലിയ ഉസ്മാൻ ഖ്വാജയുടെ ചിറകേറി ആറു വിക്കറ്റ് നഷ്ടത്തിൽ 265ലെത്തി ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 138 പന്തിൽ 10 ബൗണ്ടറികളുടെയും രണ്ടു സിക്സുകളുടെയും അകമ്പടിയിലായിരുന്നു ഖ്വാജയുടെ 101 റൺസ്.
ട്രാവിസ് ഹെഡ് കോവിഡ് ബാധിതനായതിനെ തുടർന്ന് ടീമിൽ ഇടംകണ്ടെത്തിയ താരം തുടർച്ചയായ സെഞ്ച്വറികളുമായി ടീമിനെ വിജയത്തോളം നയിച്ച് തന്റെ അപ്രതീക്ഷിത സാന്നിധ്യം അവിസ്മരണീയമാക്കി. കാമറൺ ഗ്രീനിനെ (74) കൂട്ടുപിടിച്ചുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസീസിനെ വീണ്ടും വലിയ സ്വപ്നങ്ങളുടെ മുറ്റത്തെത്തിച്ചത്. 388 റൺസ് എന്ന വിജയ ലക്ഷ്യത്തിലേക്ക് വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അവസാന നാൾ ഏറെ കടമ്പകൾ കടക്കണം.
ശനിയാഴ്ച കളി നിർത്തുമ്പോൾ വിക്കറ്റ് കളയാതെ 30 റൺസെടുത്ത ടീമിന് ഇന്നു മുഴുവൻ ബാറ്റ് ചെയ്ത് ലക്ഷ്യത്തിലെത്താനാകുമോ എന്നതാണ് ചോദ്യം. സിഡ്നി മൈതാനത്ത് ഇത്ര വലിയ ടോട്ടൽ ഒരു ടീമും മറികടന്നില്ലെന്നത് ഇംഗ്ലണ്ടിന് ഭീതി കൂട്ടും. 22 റൺസുമായി ക്രോലിയും എട്ടു റൺസുമായി ഹമീദുമാണ് ക്രീസിൽ. വിക്കറ്റു സൂക്ഷിച്ച് സമനിലക്ക് ശ്രമിക്കാനാകും ടീമിന്റെ ശ്രമം. എന്നാൽ, അതിവേഗം സന്ദർശകരുടെ കഥകഴിച്ച് 4-0ന്റെ അഭേദ്യ ലീഡിലേക്ക് കുതിപ്പ് കംഗാരുക്കളും സ്വപ്നം കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.