ഏഷ്യ കപ്പിൽ നാളെ കലാശപ്പോര്
text_fieldsദുബൈ: രണ്ടാഴ്ചയായി യു.എ.ഇയിൽ ആവേശത്തിരയിളക്കിയ ഏഷ്യ കപ്പിൽ നാളെ കലാശപ്പോര്. ഇന്ത്യ-പാകിസ്താൻ ഫൈനലിന് കാത്തിരുന്നവർ നിരാശരായെങ്കിലും ശ്രീലങ്കയും പാകിസ്താനും തമ്മിലെ മത്സരം ആവേശപ്പോരാട്ടമാകുമെന്നുറപ്പ്. ഇന്ത്യ-പാക് ഫൈനൽ പ്രതീക്ഷിച്ച് ടിക്കറ്റുകൾ ഏകദേശം വിറ്റിരുന്നു. എങ്കിലും, ടിക്കറ്റ് പൂർണമായും വിറ്റഴിയാത്തതിനാൽ 250 ദിർഹം മുതൽ ഇപ്പോഴും ലഭ്യമാണ്. ദുബൈയെയും ഷാർജയെയും ത്രസിപ്പിച്ച ആവേശപ്പോരാട്ടങ്ങൾക്കു ശേഷമാണ് പാക്-ലങ്ക ഫൈനൽ നടക്കുന്നത്. ഇതുവരെ നടന്ന 12 മത്സരങ്ങളിൽ ആറും അവസാന ഓവർ വരെ നീണ്ടിരുന്നു. സൂപ്പർ ഫോറിൽ ഇന്ത്യയെ ശ്രീലങ്ക തോൽപിച്ചതാണ് ടൂർണമെന്‍റിൽ ട്വിസ്റ്റുണ്ടാക്കിയത്. ഇന്ത്യ-പാക് മൂന്നു മത്സരങ്ങൾ ടൂർണമെന്‍റിലുണ്ടാകുമെന്നായിരുന്നു പ്രവചനം.
എന്നാൽ, ലങ്കയോട് തോറ്റതോടെ ഇന്ത്യ പുറത്തായി. തിരുവോണ ദിനത്തിൽ അഫ്ഗാനെതിരെ വിരാട് കോഹ്ലി നടത്തിയ ആറാട്ടായിരുന്നു ഇന്ത്യൻ ആരാധകരുടെ ഏക ആശ്വാസം. ഫൈനലിന് ടിക്കറ്റെടുത്ത ഇന്ത്യക്കാർ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥയുമുണ്ട്. ഇന്ത്യയുടെ ബദ്ധവൈരികളായ പാകിസ്താനെതിരെ ഗാലറിയിൽ ശ്രീലങ്കക്കായി ആർപ്പുവിളിക്കാനെത്തുമെന്ന് ടിക്കറ്റെടുത്തവർ പറയുന്നു. വെള്ളിയാഴ്ചത്തെ മത്സരത്തിന്‍റെ ക്ഷീണം മാറുംമുമ്പാണ് പാകിസ്താനും ശ്രീലങ്കയും ഫൈനലിന് ഇറങ്ങുന്നത്. പാകിസ്താനികൾ ഏറെയുള്ള ദുബൈയിൽ പച്ചപ്പടക്കായിരിക്കും ഗ്രൗണ്ട് സപ്പോർട്ട് കൂടുതൽ ലഭിക്കുക. ഫൈനൽ മത്സരം കാണാനെത്തുന്നവരുടെ തിരക്കുണ്ടാവാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ മുൻകരുതലെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൈയാങ്കളി; ആസിഫിനും ഫരീദിനും പിഴ
ദുബൈ: ഷാർജയിൽ ഏഷ്യ കപ്പ് മത്സരത്തിനിടെ കൈയാങ്കളിക്ക് മുതിർന്ന പാക് ബാറ്റർ ആസിഫ് അലി, അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദ് എന്നിവർക്ക് ഐ.സി.സിയുടെ പിഴ. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴ. രണ്ടു പേർക്കും ഓരോ ഡീമെറിറ്റ് പോയന്റും നൽകും. അശ്ലീല ആംഗ്യം കാണിച്ചതിനാണ് ആസിഫ് അലിക്ക് ശിക്ഷ. കൈയേറ്റത്തിനു മുതിർന്നതാണ് ഫരീദ് അഹമ്മദിനെതിരായ കുറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.