‘തൊപ്പി തിരികെ തരൂ..., എനിക്കേറെ വിലപ്പെട്ടതാണത്’; അഭ്യർഥനയുമായി വാർണർ, ഇടപെട്ട് ആസ്ട്രേലിയൻ പ്രധാനമന്ത്രി
text_fieldsസിഡ്‌നി: കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങുന്നതിന് മുമ്പ് വേദനിപ്പിക്കുന്ന വാർത്ത പങ്കുവെച്ച് ആസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണർ. താൻ ഏറെ വിലമതിക്കുന്ന ബാഗി ഗ്രീന്‍ (ടെസ്റ്റ് ക്യാപ്) മോഷണം പോയതായാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം അറിയിച്ചിരിക്കുന്നത്. മൂന്നാം ടെസ്റ്റിനായി മെൽബൺ എയർപോർട്ടിൽനിന്ന് സിഡ്‌നിയിലേക്കുള്ള യാത്രക്കിടെയാണ് ക്യാപ് നഷ്ടപ്പെട്ടതെന്നും തന്റെ ബാഗിനുള്ളിലാണ് വെച്ചിരുന്നതെന്നും വാർണർ പറയുന്നു.
‘ഈ ബാക്ക്പാക്കിനുള്ളില്‍ എന്റെ തൊപ്പിയുണ്ടായിരുന്നു. എനിക്കേറെ വിലപ്പെട്ടതാണത്. വിരമിക്കാനൊരുങ്ങുന്നെ എനിക്ക് തൊപ്പി തിരിച്ചുകിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബാഗാണ് നിങ്ങള്‍ എടുക്കാന്‍ ആഗ്രഹിച്ചതെങ്കില്‍ അത് ഞാന്‍ തരാം. തൊപ്പി തിരിച്ചെത്തിച്ചാലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. എന്നെയോ, ക്രിക്കറ്റ് ആസ്‌ട്രേലിയയിലോ ബന്ധപ്പെടുക. തൊപ്പി തിരികെ ലഭിക്കുന്നത് എനിക്ക് ഏറെ സന്തോഷം നൽകും. തിരികെ നൽകിയാൽ തന്റെ കൈയിലുള്ള സ്പെയർ തൊപ്പി നൽകാം’ -വാര്‍ണര്‍ ഇന്‍സ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
എന്നാൽ, മത്സരം തുടങ്ങുന്നത് വരെ തൊപ്പി തിരിച്ചുകിട്ടാത്തതിനാൽ മറ്റൊന്നുമായാണ് വാർണർ എത്തിയത്. താൻ പരസ്യമായി അഭ്യർഥിച്ചിട്ടും തിരിച്ചുകിട്ടാനുള്ള ഭാഗ്യം ഉണ്ടായില്ലെന്ന് വാർണർ പ്രതികരിച്ചു.
വിഷയത്തിൽ ഇടപെട്ട ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും വാർണറുടെ തൊപ്പി തിരികെ നൽകണമെന്ന് പരസ്യമായി അഭ്യർഥിച്ചു. ‘കാണാതായ തൊപ്പിയെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയുമോ?, ഡേവിഡ് വാർണർ 100ലധികം തവണ ആസ്‌ട്രേലിയയെ പ്രതിനിധീകരിച്ചാണ് അത് സമ്പാദിച്ചത്, അവ തിരികെ നൽകണം’ -അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മകന്റെ ബാഗി ഗ്രീൻ ആരോ മനഃപൂർവം എടുത്തിട്ടുണ്ടാകുമെന്ന് താൻ ഭയപ്പെടുന്നുവെന്നും അത് അവന് തിരികെ നൽകണമെന്നും പിതാവ് ഹൊവാർഡും അഭ്യർഥിച്ചു.
ആദ്യമായല്ല വാർണറുടെ ബാഗി ഗ്രീൻ കാണാതാവുന്നത്. 2017ൽ ബംഗ്ലാദേശ് പര്യടനത്തിന് മുമ്പും ഇത് കാണാതായത് വാർത്തയായിരുന്നു. എന്നാൽ, വീട്ടിൽനിന്ന് ഭാര്യ ഇത് കണ്ടെടുക്കുകയായിരുന്നു.
ആസ്ട്രേലിയക്കാർക്ക് ബാഗി ഗ്രീൻ വെറുമൊരു തൊപ്പി മാത്രമല്ല. ദേശീയമായ അഭിമാനത്തെയും ഐക്യദാർഢ്യത്തെയും പ്രതിനിധീകരിക്കുന്ന ആസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ പ്രിയപ്പെട്ട അടയാളങ്ങളിലൊന്നാണ്. ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന കളിക്കാർക്കുള്ള ബഹുമതി കൂടിയാണിത്. ജീവകാരുണ്യ പ്രവർത്തനത്തെ സഹായിക്കാൻ ഇതിഹാസ താരം ഷെയ്ൻ വോൺ തനിക്ക് ലഭിച്ച ബാഗി ഗ്രീൻ വൻ തുകക്കാണ് ലേലം ചെയ്തത്.
സിഡ്‌നിയില്‍ പാകിസ്താനെതിരായ മൂന്നാം ടെസ്റ്റാണ് ഡേവിഡ് വാർണറുടെ അവസാന മത്സരം. അവസാന ടെസ്റ്റ് പരമ്പരക്കിടെ ഏകദിനത്തില്‍നിന്ന് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വരുന്ന ട്വന്റി 20 ലോകകപ്പിലാണ് ഇനി വാര്‍ണറുടെ ശ്രദ്ധ. ഇതിനിടെ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും വാര്‍ണര്‍ കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.