സൂര്യയുടെ പരിധികളില്ലാത്ത ആകാശം
text_fieldsട്വൻറി20യിൽ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം പ്രതിഭ പൂർണാർഥത്തിൽ പ്രതിഫലിക്കുമ്പോൾ സ്കൈ ഈസ് ദ ലിമിറ്റ് (ആകാശമാണ് പരിധി) എന്ന് പ്രയോഗിക്കാറുണ്ട്. സൂര്യകുമാർ യാദവിന്റെ വിളിപ്പേര് 'സ്കൈ' എന്നാണ്. പേരിന്റെ മൂന്നു ഭാഗങ്ങളുടെയും ആദ്യ ഇംഗ്ലീഷ് അക്ഷരങ്ങൾ SKY. സമീപകാലത്തായി തകർപ്പൻ ഫോമിൽ ബാറ്റേന്തുന്ന സൂര്യകുമാറിന് ആകാശംപോലും പരിധികളില്ലാതെയാവുകയാണ്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരം ഇന്ത്യ തോറ്റെങ്കിലും സൂര്യയുടെ പ്രകടനം ഉജ്ജ്വലമായിരുന്നു. 55 പന്തിൽ ആറു സിക്സും 14 ഫോറുമടക്കം 117 റൺസെടുത്ത സൂര്യക്ക് ഇന്ത്യയെ ജയത്തിലെത്തിക്കാൻ കഴിയാഞ്ഞത് മാത്രമാണ് നിരാശക്കിടയാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 216 ലക്ഷ്യത്തിനുമുന്നിൽ ഇന്ത്യ ഒമ്പതിന് 198 എന്ന സ്കോറിൽ മുട്ടുമടക്കി.
സൂര്യകുമാർ ഒറ്റക്കായിരുന്നു ഇന്ത്യൻ പ്രതീക്ഷകൾ ചുമലിലേറ്റിയത്. ഇടക്ക് പിന്തുണ നൽകിയ ശ്രേയസ് അയ്യർ മാത്രമായിരുന്നു (23 പന്തിൽ 28) കൂട്ട്. ക്യാപ്റ്റൻ രോഹിത് ശർമ (11), തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപണറായി അവസരം ലഭിച്ച ഋഷഭ് പന്ത് (1), മോശം ഫോം തുടരുന്ന വിരാട് കോഹ്‍ലി (11), വമ്പനടിക്കാരായ ദിനേശ് കാർത്തിക് (6), രവീന്ദ്ര ജദേജ (7) എന്നിവരെല്ലാം പൊരുതാതെ കയറി. നേരത്തേ ഡേവിഡ് മലാന്റെയും (39 പന്തിൽ 77) ലിയാം ലിവിങ്സ്റ്റണിന്റെയും (29 പന്തിൽ 42 നോട്ടൗട്ട്) ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ നൽകിയത്.
അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് സൂര്യകുമാർ യാദവ്. നാലു സെഞ്ച്വറി നേടിയ രോഹിത് ശർമ, രണ്ടു ശതകം കുറിച്ച ലോകേഷ് രാഹുൽ, ഒരു സെഞ്ച്വറി വീതം നേടിയ സുരേഷ് റെയ്ന, ദീപക് ഹൂഡ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. അന്താരാഷ്ട്ര ട്വന്റി20യിൽ അപാര ഫോമിലാണ് സൂര്യ. 19 മത്സരങ്ങളിൽ 38.35 ശരാശരിയിൽ ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റിയുമടക്കം 537 റൺസ്. സ്ട്രൈക്ക്റേറ്റാണ് (177.22) ഹൈലൈറ്റ്.
ഐ.പി.എല്ലിലും തകർപ്പൻ ഫോമിലായിരുന്ന 31കാരന്റെ പ്രത്യേകത നേരിടുന്ന ആദ്യ പന്ത് മുതൽ അനായാസം സ്കോർ ചെയ്യാനുള്ള കഴിവാണ്. ഏതു നമ്പറിൽ ബാറ്റുചെയ്യുന്നതിലും ഒരുപോലെ കഴിവുതെളിയിക്കുന്ന 'സ്കൈ' 360 ബാറ്റ്സ്മാനെന്ന വിശേഷണത്തിനുമർഹനാണ്. സ്ക്വയറിലേക്കും അതിലും പിറകിലേക്കും ഇരുഭാഗത്തേക്കും അനായാസേന സ്ട്രോക്കുകൾ കളിക്കുന്ന സൂര്യ അതിനാൽതന്നെ ട്വന്റി20യിൽ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തുവരുന്ന ലോകകപ്പിലും ടീമിന്റെ നിർണായക കളിക്കാരനാവും സൂര്യ എന്നാണ് നിലവിലെ ഫോം നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.