ടോസിലെ ‘അട്ടിമറി’ വിവാദം; മുംബൈ-പഞ്ചാബ് മത്സരത്തിൽ നാണയത്തിന്റെ ക്ലോസപ്പ് വിഡിയോ പകർത്തി കാമറ സംഘം
text_fieldsമൊഹാലി: മുംബൈ ഇന്ത്യൻസ്-ബംഗളൂരു റോയൽ ചലഞ്ചേഴ്സ് മത്സരത്തിൽ ടോസിൽ അട്ടിമറി നടന്നെന്ന വിവാദത്തിന് പിന്നാലെ മുംബൈയുടെ പഞ്ചാബിനെതിരായ മത്സരത്തിൽ ടോസിട്ടയുടൻ നാണയത്തിൻ്റെ ക്ലോസപ്പ് ദൃശ്യങ്ങൾ പകർത്തി കാമറ സംഘം. ടോസിന് ശേഷം നാണയം ഇത്ര അടുത്ത് കാണിക്കുന്നത് സമീപകാലത്ത് ആദ്യമാണ്.
മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ബംഗളൂരുവിനെതിരായ മത്സരത്തിൽ ആതിഥേയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നാണയം തലക്ക് മുകളിലൂടെ ദൂരേക്കിടുകയും മാച്ച് റഫറിയായ മുൻ ഇന്ത്യൻ പേസർ ജവഗൽ ശ്രീനാഥ് മുംബൈക്കനുകൂലമായി നാണയം എടുക്കുന്നതിനിടെ വശങ്ങൾ മറിച്ചെന്നും സമൂഹ മാധ്യമങ്ങളിൽ ആരോപണം ശക്തമായിരുന്നു. നാണയം ക്യാപ്റ്റൻമാരെ കാണിക്കാതെ മുംബൈക്ക് അനുകൂലമാണെന്ന് പറഞ്ഞെന്നും പാണ്ഡ്യ നാണയം പിന്നിലേക്കിട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആക്ഷേപമുണ്ടായി.
ഇത് ബി.സി.സി.ഐക്ക് പണമുണ്ടാക്കാൻ വേണ്ടി മാത്രമുള്ള, ഫലം നേരത്തെ നിശ്ചയിക്കപ്പെട്ട ടൂർണമെന്റാണെന്നും ഇതിൽ അംബാനി പ്രീമിയർ ലീഗാണെന്നും ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. എന്നാൽ, ശ്രീനാഥ് നാണയത്തിൽ ഒരു തിരിമറിയും നടത്തിയിട്ടില്ലെന്ന് കാണിക്കുന്ന വിഡിയോയുമായി മറ്റൊരു വിഭാഗവും രംഗത്തുവന്നു. ഇപ്പോഴും സംശയമുന്നയിക്കുന്നവർ കണ്ണാശുപത്രിയിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ പോകണമെന്നും ഇവർ ആവശ്യപ്പെട്ടു.
സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ടോസിടാനെത്തിയ ബംഗളൂരു നായകൻ ഫാഫ് ഡു പ്ലസി എതിർ നായകൻ പാറ്റ് കമ്മിൻസിനോട് പാണ്ഡ്യ ടോസിട്ടത് ആംഗ്യത്തിലൂടെ വിശദീകരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബംഗളൂരു റോയൽ ചലഞ്ചേഴ്സും തമ്മിലുള്ള മറ്റൊരു മത്സരത്തിന്റെ ടോസിങ്ങിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മാച്ച് റഫറി ടോസ് കൊൽക്കത്തക്ക് അനുകൂലമാണെന്ന് പറയുമ്പോൾ ബംഗളൂരു നായകൻ താൻ പറഞ്ഞതാണ് വീണതെന്ന് പറയുന്നതും കമന്റേറ്റർ അംഗീകരിക്കുന്നതുമാണ് ഇതിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.