ജീവിക്കാൻ പാടുപെടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റർ! കുടിശ്ശികയായി ഭവന-വാഹന വായ്പ; ഫ്ലാറ്റിലെ അയൽക്കാരായി അഗാർക്കറും രഹാനെയും...
text_fieldsമുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറും ബാല്യകാല സുഹൃത്തും ഇന്ത്യൻ താരവുമായിരുന്ന വിനോദ് കാംബ്ലിയും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചയുടെ വിഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. കുട്ടിക്കാലത്ത് ഇരുവരുടെയും പരിശീലകനായിരുന്ന രമാകാന്ത് അചരേക്കറുടെ സ്മാരക അനാച്ഛാദന ചടങ്ങിലാണ് കുട്ടിക്കാല ചങ്ങാതിമാർ വീണ്ടും കണ്ടുമുട്ടിയത്.
വിഡിയോയിൽ 52കാരനായ കാംബ്ലി ഏറെ അവശനായാണ് കാണപ്പെട്ടത്. വേദിയിലിരിക്കെ സമീപത്തെത്തിയ സചിനെ കാംബ്ലി ഗാഢമായി ചേർത്തുപിടിക്കുന്നതും കൈവിടാൻ മടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വേദിയിലുണ്ടായിരുന്നവർ ഇടപെട്ടാണ് കാംബ്ലിയുടെ കൈമാറ്റി സചിനെ പോകാൻ അനുവദിക്കുന്നത്. കാംബ്ലിയെ ഇങ്ങനെയൊരു അവസ്ഥയിൽ കണ്ടതിന്‍റെ നിരാശയും സങ്കടവും ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തൊട്ടുപിന്നാലെ മുൻ താരങ്ങളായ കപിൽ ദേവും സുനിൽ ഗവാസ്കറും കാംബ്ലിക്ക് സഹായവാഗ്ദാനം ഉറപ്പ് നൽകി രംഗത്തുവന്നു.
ഒരുമിച്ച് കളി തുടങ്ങിയിട്ടും സചിൻ ക്രിക്കറ്റിലെ ഇതിഹാസമായി വളർന്നപ്പോൾ, മികച്ച അരങ്ങേറ്റം കുറിച്ചിട്ടും പതിയെ കാംബ്ലി ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിൽനിന്ന് ഓർമയിലേക്ക് പതിക്കുകയായിരുന്നു.
ടെസ്റ്റിൽ തുടർച്ചയായ രണ്ടു ഇരട്ട സെഞ്ച്വറികൾ നേടിയ താരത്തെ, ഒരുവേള സചിനേക്കാൾ കേമനായാണ് ക്രിക്കറ്റ് ലോകം വാഴ്ത്തിയിരുന്നത്. മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റിൽനിന്ന് കളമൊഴിഞ്ഞ കാംബ്ലിയെ, വഴിവിട്ട ജീവിതം വലിയ സാമ്പത്തിക പ്രയാസത്തിലാക്കി. ഒരുകാലത്ത് 13 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന താരം, ഇന്ന് ബി.സി.സി.ഐ നൽകുന്ന പെൻഷൻ കൊണ്ടുമാത്രമാണ് ഉപജീവനം നടത്തുന്നത്. നിലവിൽ മുംബൈയിലെ പടിഞ്ഞാറൻ ബാന്ദ്രയിലുള്ള ജ്വൽ ടവർ കോപ്ലക്സ് അപ്പാർട്ട്മെന്‍റിലാണ് കാംബ്ലി താമസിക്കുന്നത്. 1600 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെന്‍റിന്‍റെ നിലവിലെ മൂല്യം എട്ടു കോടിയോളം രൂപ വരും. കാംബ്ലി ഉൾപ്പെടെ മുംബൈയിലെ പത്ത് ക്രിക്കറ്റ് താരങ്ങളും ഒരു കബഡി താരത്തിന്‍റെയും നേതൃത്വത്തിൽ 2007ൽ സ്ഥാപിച്ച ജ്വൽ കോഓപറേറ്റീവ് സൊസൈറ്റിയുടെ ഭാഗമാണ് ഈ അപ്പാർട്ട്മെന്‍റ്. അജിത് അഗാർക്കർ, സമീർ ദിഘെ, അജിങ്ക്യ രഹാനെ, രമേഷ് പൊവാർ ഉൾപ്പെടെയുള്ളവരാണ് സൊസൈറ്റിയിലുള്ളത്. 2010ലാണ് കാംബ്ലി ഇവിടേക്ക് താമസം മാറ്റുന്നത്.
എന്നാൽ, വർഷങ്ങളായുള്ള മെയിന്‍റനൻസ് കുടിശ്ശിക ഇനത്തിൽ മാത്രം കാംബ്ലി 10 ലക്ഷം രൂപയോളം നൽകാനുണ്ടെന്ന് സൊസൈറ്റിയിലെ അംഗങ്ങൾ പറയുന്നു. പണം നൽകുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ 15ഓളം കേസുകളാണ് കാംബ്ലിക്കെതിരെയുള്ളത്. അപ്പാർട്ട്മെന്‍റിലേക്ക് താമസം മാറ്റിയതു മുതൽ കാംബ്ലി മെയിന്റനൻസ് ഇനത്തിൽ പണം നൽകിയിട്ടില്ല. കൂടാതെ, അപ്പാർട്ട്മെന്‍റിനായി എടുത്ത വായ്പയും വാഹന വായ്പയും കാംബ്ലി കൃത്യമായി അടക്കുന്നില്ല. ഡി.എൻ.എസ് ബാങ്കാണ് താരത്തിന് ഭവന വായ്പ നൽകിയത്. രണ്ടു കോടി രൂപക്കാണ് കാംബ്ലി അപ്പാർട്ട്മെന്‍റ് വാങ്ങിയത്.
ഇതിനായി 55 ലക്ഷം രൂപയാണ് താരത്തിന്‍റെയും രണ്ടാം ഭാര്യ ആൻഡ്രിയയുടെയും പേരിൽ വായ്പയെടുത്തത്. 2023ൽ കാംബ്ലിക്കെതിരെ ഗാർഹിക പീഡന പരാതിയുമായി ആൻഡ്രിയ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ അവരും മക്കളായ ജെസൂസും ജൊഹാനയും ഇവിടെ നിന്ന് താമസം മാറ്റിയിരുന്നു. നേരത്തെ മദ്യപിച്ച് ലക്കുകെട്ട് നിൽക്കുന്ന കാംബ്ലിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.