ആദ്യം മാതാവ്, ഇപ്പോൾ സഹോദരിയും കോവിഡ് ബാധിച്ച് മരിച്ചു; സങ്കടക്കടലിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം
text_fieldsബംഗളൂരു: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ചിക്മഗലൂരുവിലായിരുന്നു അന്ത്യം. ഇവരുടെ മാതാവ് കോവിഡ് ബാധിച്ച് രണ്ടാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു.
ആർ.ടി.പി.സി.ആർ പരിശോധന പോസിറ്റീവായതിനെ തുടർന്ന് വേദയുടെ സഹോദരി വത്സല ശിവകുമാറിനെ (42) കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 'കഴിഞ്ഞ രാത്രി അക്കയോട് എെൻറ കുടുംബത്തിന് സങ്കടത്തോടെ വിടപറയേണ്ടിവന്നു. നിങ്ങളുടെ പ്രാർഥനകൾക്കും സന്ദേശങ്ങൾക്കും നന്ദി. ഈ വിനാശകരമായ സമയത്ത് ദുരിതത്തിൽ കഴിയുന്നവരോടൊപ്പമാണ് എെൻറ മനസ്സ്. നിങ്ങളുടെ പ്രിയപ്പെട്ടവരെ മുറുകെ പിടിച്ച് സുരക്ഷിതമായി തുടരുക' ^വേദ ട്വിറ്ററിൽ കുറിച്ചു.
മാതാവ് ചേലുവാബ ദേവിയുടെയും സഹോദരി വത്സലയുടെയും മരണം അവരെ മാനസികമായി തകർത്തിരിക്കുകയാണെന്ന് വേദയുടെ ബാല്യകാല പരിശീലകൻ ഇർഫാൻ സെയ്ത് പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലയിലേക്ക് വേദയെ കൈപിടിച്ച് ഉയർത്തിയതിൽ വത്സലക്ക് പ്രധാന പങ്കുണ്ട്. വത്സലയുടെ ഭർത്താവ് 2003ൽ ഒരു വാഹനാപകടത്തിൽ മരിച്ചതോടെ അവളും 12 വയസ്സുള്ള വേദയും ക്രിക്കറ്റ് സ്വപ്നങ്ങൾ പൂവണിയിക്കാനായി ചിക്മഗലൂരിൽനിന്ന് ബംഗളൂരുവിലേക്ക് കുടിയേറുകയായിരുന്നു ^സെയ്ത് കൂട്ടിച്ചേർത്തു.
ബംഗളൂരുവിൽ വത്സല സഹോദരിയെ ശിവാജി നഗറിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിൽ ചേർത്തു. ഇർഫാൻ സെയ്തിെൻറ കീഴിലായിരുന്നു പരിശീലനം.
2011ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച വേദ 48 ഏകദിനങ്ങളിലും 76 ട്വൻറി20യിലും ഇന്ത്യക്കായി കളിച്ചു. ഏകദിനത്തിൽ 829 റൺസും ട്വൻറി20യിൽ 875 റൺസും നേടി. ഇംഗ്ലണ്ടിനെതിരായ 2017ലെ വനിതാ ലോകകപ്പ് ഫൈനലിൽ കളിച്ച ടീമിലെ അവിഭാജ്യ ഘടകമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.