പിള്ളേര് പൊളപ്പനാണ് കേട്ടാ
text_fieldsതിരുവനന്തപുരം: ‘ഓ, ലോകകപ്പ് ഫൈനലില് തോറ്റപ്പം മുതൽ തുടങ്ങിയ തരിപ്പാണ് കേട്ടാ. തള്ളേ, അതങ്ങ് തീർന്ന്, അടിച്ചങ്ങ് പിരുത്ത്. ബൗളിങ്ങും ഫീൽഡിങ്ങും മാരകം. സഞ്ജുവും വേണായിരുന്ന്, എങ്കിലും പുതിയ പിള്ളേര് പൊളപ്പനാണ് കേട്ടാ’. ഗ്രീൻഫീൽഡിലെ ആസ്ട്രേലിയക്കെതിരായ ‘ഗ്രേറ്റ് ഇന്ത്യൻ വിക്ടറി’ കണ്ടിറങ്ങിയ തിരുവനന്തപുരത്തുകാരുടെ വാക്കുകളിലുണ്ട് അടുത്തൊരു ലോകകപ്പ് സ്വപ്നം. ചൈനയിലെ ഏഷ്യൻ ഗെയിംസിൽ ഫ്ലാഗ് ഓഫ് ചെയ്ത ‘നവ ഇന്ത്യ യാത്ര ബസ്’ ഇങ്ങ് തെക്കേ അറ്റത്തുള്ള കാര്യവട്ടംവരെയെത്തി നിൽക്കുമ്പോൾ ബി.സി.സി.ഐയും സെലക്ടർമാരും പറയുന്നു ‘പിള്ളേര് കൊള്ളാം’.
കുട്ടിക്രിക്കറ്റിലെ ലോകകപ്പ് സ്വപ്നം
ഭയമെന്തെന്നറിയാത്ത, കരുത്തുകൊണ്ടും ബുദ്ധികൊണ്ടും ക്രീസ് ഭരിക്കുന്ന, അടിച്ചാൽ തിരിച്ചടിയാൻ കഴിവുള്ള, കൂടെയുള്ളവൻ വീണാലും ജയിച്ചേ മടങ്ങൂവെന്ന് ഉറപ്പുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ നിര വീണ്ടും ഇന്ത്യയെ കുട്ടിക്രിക്കറ്റിലെ ലോകകപ്പ് സ്വപ്നം കാണാൻ പ്രേരിപ്പിച്ചിരിക്കുന്നു. തങ്ങളുടെ ദൗർബല്യത്തെക്കുറിച്ച് ഇവർ ചിന്തിക്കാറില്ല. പകരം നിലവിലെ കരുത്തിനെയും ടെക്നിക്കുകളെയും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഓരോ താരവും. അടുത്തവർഷത്തെ ലോകകപ്പ് ട്വന്റി20 ലോകകപ്പ് ടീമിൽ ഇടംപിടിക്കണമെന്നത് മാത്രമാണ് ഇവരുടെ സ്വപ്നം. മികച്ച 11 പേരിൽ ഒരാളാകുക. ആ 11ൽ ലോക ഒന്നാം നമ്പർ ട്വന്റി20 ബാറ്ററായ തന്റെ കസേരക്കുപോലും ഉറപ്പില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാറിനും കാര്യവട്ടത്തെ മത്സരം കഴിഞ്ഞതോടെ ഉറപ്പായിട്ടുണ്ട്. ഇനിയുള്ള ഒരുവർഷം ഫിനിഷറുടെ റോളിൽ സൂര്യക്ക് വെല്ലുവിളിയാകുക ഫയർ ബ്രാൻഡ് റിങ്കു സിങ്ങായിരിക്കുമെന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു.
ചീത്തപ്പേരുകളെ തല്ലിക്കെടുത്തി കാര്യവട്ടം
കാര്യവട്ടത്തിനുമേൽ ബി.സി.സി.ഐയും ഐ.സി.സിയും ചാർത്തിയ ചീത്തപ്പേരുകളെ തല്ലി ബൗണ്ടറി കടത്തിയാണ് നീലപ്പട ഗുവാഹതിയിലേക്ക് വിമാനം കയറിയത്. ബൗളർമാരുടെ പറുദീസയെന്നും ലോ സ്കോറിങ് പിച്ചുകളെന്നുമുള്ള വിധിയെഴുത്തിനെ ഇന്ത്യയും ആസ്ട്രേലിയയും മാണ്ഡ്യ പിച്ചിൽ തൂത്തെറിയുകയായിരുന്നു. ഇരുടീമും 40 ഓവറിൽ അടിച്ചുകൂട്ടിയത് 426 റൺ. ഇതിൽ ഇന്ത്യ അടിച്ച 235 റൺസ് ആസ്ട്രേലിക്കെതിരെ ട്വന്റി20യിൽ നേടുന്ന ഉയർന്ന സ്കോറാണ്.
ശക്തമായ മഞ്ഞുവീഴ്ച കണക്കിലെടുത്താണ് ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ മാത്യു വൈഡ് ഇന്ത്യന് ബാസ്മാന്മാരെ ബാറ്റിങ്ങിനയച്ചത്. വരണ്ട പിച്ചിൽ ബൗളർമാർക്ക് യാതൊരു ആനൂകൂല്യവും കിട്ടില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടുതന്നെ കഴിവിന്റെ പരമാവധി റൺസ് സ്കോർബോർഡിലേക്ക് അടിച്ചുകൂട്ടാനായിരുന്നു ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഉപദേശം. പവർ പ്ലേയിൽതന്നെ 50 തികച്ചുകൊണ്ട് ജയ്സ്വാൾ കാര്യവട്ടത്തിന്റെയും യശസ്സ് ഉയർത്തി. ആറ് ഓവറിൽ 50 അർധശതകം തികക്കുന്ന മൂന്നാം ഇന്ത്യൻ ബാസ്മാനെന്ന ബഹുമതി ഇതോടെ ഈ ഉത്തർപ്രദേശുകാരനെ തേടിയെത്തി. പവർ പ്ലേയിൽ കാര്യവട്ടത്ത് നേടിയ 77 റൺസ് ആസ്ട്രേലിയക്കെതിരെ ഇന്ത്യ നേടുന്ന ഉയർന്ന സ്കോറാണ്. 20 ഓവറിൽ 13 സിക്സുകളും 19 ഫോറുകളുമാണ് ഇന്ത്യ സന്ദർശകർക്കെതിരെ അടിച്ചുകൂട്ടിയത്. ഒരുപക്ഷേ, തുടക്കം മുതൽ ഋതുരാജ് ഗെയ്ക്ക്വാദും ആക്രമിച്ച് കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ സ്കോർ 250 കടന്നേനെ. ഗ്രീൻഫീൽഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇരുടീമും എല്ലാ പന്തുകളും കളിക്കുന്നതെന്ന പ്രത്യേകതയും സംഭവിച്ചു.
ബൗളിങ് ദുഷ്കരമായ പിച്ചിലും കാലാവസ്ഥയിലും ഗ്ലെൻ മാക്സ് വെൽ, മാത്യു ഷോർട്ട്, ടിം ഡേവിഡ്, മർക്കസ് സ്റ്റോനിസ്, ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയിഡ് തുടങ്ങിയവരെ പിടിച്ചുകെട്ടിയ ഇന്ത്യൻ ബൗളിങ് നിരയായിരുന്നു യഥാർഥ വിജയശിൽപികൾ. ആസ്ട്രേലിയയുടെ ഒന്നാംനിര ലഗ്സ്പിന്നർ ആദം സാംപക്കും മാക്സ് വെല്ലിനും ചെയ്യാൻ കഴിയാത്ത മാജിക്കാണ് രവി ബിഷ്ണോയും അക്സർ പട്ടേലും പുറത്തെടുത്തത്. ഇരുവരും ചേർന്ന് 48 പന്തിൽ 57 റൺസ് വഴങ്ങി പിഴുതെടുത്തത് നാലു വിക്കറ്റാണ്. ഈ എട്ടോവറാണ് കളിയുടെ ഗതിമാറ്റിയതും. ശക്തരായ രണ്ട് ടീമുകൾ തലസ്ഥാനത്ത് എത്തിയിട്ടും ഗാലറി നിറഞ്ഞില്ലെന്നത് കേരളത്തിന് നാണക്കേടായി. പക്ഷേ, അടുത്തവർഷം വീണ്ടും ഗ്രീൻഫീൽഡിലെ ഗാലറിയിൽ നീലക്കടൽ ഇരമ്പം കേൾക്കാം. അതിനുള്ള വെടിമരുന്ന് ആരാധകരുടെ മനസ്സിൽ സൂക്ഷിച്ചാണ് യുവ ഇന്ത്യ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.