കോഹ്ലി-പാണ്ഡ്യ ഷോ; പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം
text_fieldsമെൽബൺ: ആൾറൗണ്ട് മികവുമായി ഹാർദിക് പാണ്ഡ്യയും തകർപ്പൻ ബാറ്റിങ്ങുമായി മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും നിറഞ്ഞാടിയപ്പോൾ ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശകരമായ ജയം. അവസാന പന്തിലാണ് ഇന്ത്യ അയൽക്കാരിൽനിന്ന് ജയം പിടിച്ചെടുത്തത്.
160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വൻ തകർച്ചയോടെയാണ് തുടങ്ങിയത്. ഏഴാം ഓവർ ആയപ്പോഴേക്കും 31 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടമായി. ഓപണർമാരായ കെ.എൽ രാഹുൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ നാല് റൺസ് വീതമെടുത്ത് പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 15ഉം അക്സർ പട്ടേൽ രണ്ടും റൺസെടുത്ത് മടങ്ങി. ഇതിന് ശേഷമാണ് കോഹ്ലി-പാണ്ഡ്യ കൂട്ടുകെട്ട് പിറന്നത്. കോഹ്ലി 53 പന്തിൽ 82 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ മികച്ച പിന്തുണ നൽകിയ പാണ്ഡ്യ 37 പന്തിൽ 40 റൺസുമായി മടങ്ങി.
അവസാന ഓവറിൽ 16 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഹാർദിക് സ്ട്രൈക്ക് എൻഡിൽ ഉള്ളപ്പോൾ ഇന്ത്യക്ക് പ്രതീക്ഷയേറെയായിരുന്നു. എന്നാൽ, കൂറ്റനടിക്കുള്ള ശ്രമം പാളി അദ്ദേഹം പുറത്തായതോടെ ഇന്ത്യ തോൽവി ഭയന്നു. രണ്ടാം പന്തില്‍ ദിനേശ് കാർത്തിക് സിംഗിളെടുത്ത് കോഹ്ലിക്ക് സ്ട്രൈക്ക് കൈമാറി. മൂന്നാം പന്തില്‍ അദ്ദേഹം രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്സ്. അരക്ക് മുകളിൽ പന്തെറിഞ്ഞതിന് നോബാളും ഫ്രീഹിറ്റും. സമ്മർദത്തിലായ നവാസ് തൊട്ടടുത്ത പന്തിൽ വൈഡെറിഞ്ഞു. ഫ്രീഹിറ്റ് പന്തിൽ കോലിയുടെ കുറ്റി താരം തെറിപ്പിച്ചെങ്കിലും മൂന്ന് റൺസ് ഓടിയെടുത്തു. കുറ്റി തെറിച്ചതോടെ ഡെഡ് ബോളെന്ന് പാക് താരങ്ങൾ വാദിച്ചെങ്കിലും ഫലിച്ചില്ല. തൊട്ടടുത്ത പന്തിൽ കാർത്തിക് സ്റ്റമ്പിങ്ങിലൂടെ പുറത്തായതോടെ പാകിസ്താൻ വീണ്ടും പ്രതീക്ഷയിലായി. എന്നാൽ, അടുത്ത പന്ത് നവാസ് ലെഗ്സൈഡിൽ വൈഡെറിഞ്ഞതോടെ ടൈയിലെത്തി. അവസാന പന്തിൽ മിഡ് ഓഫിലൂടെ ഫോറടിച്ച് അശ്വിൻ വിജയറൺ കുറിച്ചതോടെ കോഹ്ലി വികാരം നിയന്ത്രിക്കാനാവാതെ കണ്ണീരണിയുകയായിരുന്നു.
പാകിസ്താനു വേണ്ടി ഹാരിസ് റഊഫ് മുഹമ്മദ് നവാസ് എന്നിവർ രണ്ടു വിക്കറ്റു വീതവും നസീം ഷാ ഒന്നും വിക്കറ്റെടുത്തു. അക്സർ പട്ടേൽ റൺഔട്ടാവുകയായിരുന്നു. നേരത്തെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയുമാണ് പാകിസ്താനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലൊതുക്കിയത്. ഷാൻ മസൂദ്, ഇഫ്തിഖാർ അഹ്മദ് എന്നിവരുടെ അർധ സെഞ്ച്വറികളാണ് പാകിസ്താന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ബാബർ അസമും (0) മുഹമ്മദ് റിസ്വാനുമാണ് (12 പന്തിൽനിന്ന് 4) വേഗത്തിൽ പുറത്തായെങ്കിലും ഷാൻ മസൂദും ഇഫ്തിഖാർ അഹമ്മദും ചേർന്ന് ടീമിനെ കരകയറ്റുകയായിരുന്നു. ഷാൻ 42 പന്തിൽ 52 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ കൂറ്റനടികളോടെ കളം നിറഞ്ഞ ഇഫ്തിഖാറിനെ മുഹമ്മദ് ഷമി എൽ.ബി.ഡബ്ലുവിൽ കുരുക്കുകയായിരുന്നു. 34 പന്തിൽ നാല് സിക്സും രണ്ട് ഫോറുമടക്കം 51 റൺസാണ് താരം അടിച്ചെടുത്തത്.
തുടർന്നെത്തിയവരിൽ ഷാഹിൻ അഫ്രീദിക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. എട്ട് പന്തിൽ 16 റൺസാണ് താരം നേടിയത്. ഷദാബ് ഖാൻ (ആറ്), ഹൈദർ അലി (രണ്ട്), മുഹമ്മദ് നവാസ് (ഒമ്പത്), ആസിഫ് അലി (രണ്ട്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവനകൾ. ഹാരിസ് റഊഫ് നാല് പന്തിൽ ആറ് റൺസെടുത്ത് ഷാൻ മസൂദിനൊപ്പം പുറത്താകാതെ നിന്നു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അർഷ്ദീപ് സിങ് നാലോവറിൽ 32 റൺസ് വഴങ്ങിയും ഹാർദിക് പാണ്ഡ്യ നാലോവറിൽ 30 റൺസ് വഴങ്ങിയുമാണ് മൂന്ന് വിക്കറ്റ് വീതം നേടിയത്. ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും വീഴ്ത്തി. അശ്വിനെയും മുഹമ്മദ് ഷമിയെയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ചഹലിനും ഹർഷൽ പട്ടേലിനും ഇടം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.