ക്രിക്കറ്റ് ലോകം കണ്ട ഐതിഹാസിക കൂട്ടുകെട്ട്; വാർഷിക ദിനത്തിൽ ദ്രാവിഡിനൊപ്പം ഓർമകൾ പങ്കുവെച്ച് ലക്ഷ്മൺ
text_fieldsബംഗളൂരു: 2001 മാർച്ച് 14. ആ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഐതിഹാസിക കൂട്ടുകെട്ടിലൊന്ന് കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ പിറന്നത്. ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫോളോഓൺ വഴങ്ങിയ ഇന്ത്യയെ വി.വി.എസ് ലക്ഷ്മൺ-രാഹുൽ ദ്രാവിഡ് സഖ്യം അന്ന് പിടിച്ചുയർത്തിയത് 171 റൺസിന്റെ ജയത്തിലേക്കായിരുന്നു.
സ്റ്റീവ് വോയുടെ സെഞ്ച്വറിയുടെയും (110) മാത്യൂ ഹെയ്ഡന്റെയും (97), ജസ്റ്റിൻ ലാംഗറുടെയും (58) അർധസെഞ്ച്വറികളുടെയും കരുത്തിൽ ആസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 445 റൺസ് അടിച്ചുകൂട്ടിയപ്പോൾ ഇന്ത്യയുടെ മറുപടി 171ൽ ഒതുങ്ങി. 59 റൺസുമായി വി.വി.എസ് ലക്ഷ്മൺ മാത്രമായിരുന്നു ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഇതോടെ ഫോളോഓൺ വഴങ്ങിയ ഇന്ത്യയുടെ അസാധാരണ തിരിച്ചുവരവിനാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. നാലിന് 232 റൺസെന്ന നിലയിൽ ഒന്നിച്ച ലക്ഷ്മണും രാഹുൽ ദ്രാവിഡും ചേർന്ന് അഞ്ചാം വിക്കറ്റിൽ അടിച്ചുകൂട്ടിയത് 376 റൺസായിരുന്നു.
വി.വി.എസ് ലക്ഷ്മൺ 452 പന്ത് നേരിട്ട് 281 റൺസെടുത്തപ്പോൾ രാഹുൽ ദ്രാവിഡ് 353 പന്തിൽ 180 റൺസാണ് ചേർത്തത്. വിരേന്ദർ സെവാഗ് പിന്നീട് മറികടക്കുന്നത് വരെ ഒരു ഇന്നിങ്സിൽ ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ലക്ഷ്മൺ അന്ന് നേടിയത്. ലക്ഷ്മൺ-ദ്രാവിഡ് കൂട്ടുകെട്ട് പിരിയുമ്പോൾ ഇന്ത്യൻ സ്കോർ അഞ്ചിന് 608 എന്ന നിലയിലെത്തിയിരുന്നു. ഏഴിന് 657 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ ഓസീസിന് മുമ്പിൽ വെച്ചത് 384 റൺസിന്റെ വിജയലക്ഷ്യം.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ ഹർഭജൻ സിങ്ങിന്റെ കുത്തിത്തിരിയുന്ന പന്തുകൾക്ക് മുമ്പിൽ പതറിയപ്പോൾ സ്കോർ ബോർഡിൽ 212 റൺസ് ചേർത്തപ്പോഴേക്കും എല്ലാ ബാറ്റർമാരും തിരിച്ചുകയറി. ഇതോടെ ഇന്ത്യക്ക് സ്വന്തമായത് 171 റൺസിന്റെ സ്വപ്നവിജയം. ആദ്യ ഇന്നിങ്സിൽ ഹാട്രിക് അടക്കം 123 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ രണ്ടാം ഇന്നിങ്സിൽ 73 റൺസ് വഴങ്ങി ആറുപേരെ മടക്കി ഓസീസിന്റെ അന്തകനായപ്പോൾ ക്രിക്കറ്റ് ചരിത്രത്തിലെ തുല്യതയില്ലാത്ത തിരിച്ചുവരവുകളിലൊന്നായി അത് കുറിക്കപ്പെട്ടു. ഫോളോഓൺ വഴങ്ങിയ ടെസ്റ്റിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മാത്രം വിജയമായിരുന്നു അത്.
ആ ഐതിഹാസിക കൂട്ടുകെട്ട് പിറന്ന മാർച്ച് 14ന് ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിനെ സന്ദർശിച്ച് അന്നത്തെ ഓർമകൾ പങ്കുവെക്കാൻ വി.വി.എസ് ലക്ഷ്മൺ എത്തിയപ്പോൾ ക്രിക്കറ്റ് ആരാധകർക്കും ആ ദിവസത്തേക്കുള്ള തിരിച്ചുപോക്കായി അത്. ലക്ഷ്മൺ തന്നെയാണ് ഇതിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
‘കൊൽക്കത്തയിൽ ആസ്‌ട്രേലിയക്കെതിരെ ദിവസം മുഴുവൻ ബാറ്റ് ചെയ്‌തതിന് 23 വർഷങ്ങൾക്ക് ശേഷം ആ ‘കുറ്റകൃത്യ’ത്തിൽ എന്റെ പങ്കാളിയെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഞാനും രാഹുലും ആ പരമ്പരയുടെ ഓർമകളിലേക്ക് പോയി, എന്തൊരു രസമായിരുന്നു’ -ലക്ഷ്മൺ ചിത്രത്തിനൊപ്പം കുറിച്ചു. നിരവധി പേരാണ് ഇരുവരെയും ഒരുമിച്ച് കണ്ടതിലുള്ള സന്തോഷം പങ്കുവെക്കുന്ന കമന്റുകളുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.