ഐ.പി.എൽ 2020 : ആരാധകരുടെ ഇഷ്ടം, ആർക്കൊപ്പം?
text_fieldsലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് ലീഗ് ഏത് എന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ. ഇന്ത്യൻ പ്രീമിയർ ലീഗ്. എന്നാൽ, ഐ.പി.എല്ലിൽ ഏറ്റവും ആരാധകരുള്ള ടീമിനെ തേടിയാൽ ആരാധകർക്ക് എട്ടു പക്ഷമുണ്ട്. ഇഷ്ടതാരങ്ങളെയും ടീമുകളെയും പിന്തുടരുന്നവർ. ടി.വി വ്യൂവർഷിപ്പും സോഷ്യൽ മീഡിയ ഫോളോവേഴ്സിനെയും നോക്കി ഫാൻഫൈറ്റ് സജീവമാകും. മുംബൈ, ചെന്നൈ, ബാംഗ്ലൂർ എന്നിവരാണ് എന്നും ഹോട്ഫേവറിറ്റ്. ഏറ്റവും കൂടുതൽ ടി.വി കാഴ്ചക്കാരുള്ള ടീമുകൾ. എല്ലാകാലത്തും ശരാശരി പ്രകടനവുമായി കൊൽക്കത്തയുമുണ്ട്.
ജയവും തോൽവിയുമല്ല ഇഷ്ടങ്ങളുടെ മാനദണ്ഡം. ബാംഗ്ലൂർ ഏറ്റവുമധികം കളികൾ തോറ്റ 2017ൽ ഏറ്റവുമധികം കാഴ്ചക്കാരുണ്ടായ രണ്ടാമത്തെ ടീമും അവർതന്നെയായിരുന്നു. 2016ൽ കപ്പടിച്ച സൺറൈസേഴ്സ് ഹൈദരാബാദിനായിരുന്നു ആ സീസണിലെ ഏറ്റവും കുറവ് കാണികൾ. ലോകോത്തര താരങ്ങളുടെ സാന്നിധ്യമാണ് ടീമിെൻറ മാറ്റുകൂട്ടുന്നതിൽ പ്രധാന ഘടകം. പ്രത്യേകിച്ച് ഇന്ത്യൻ താരങ്ങളുടെ. ധോണിയും കോഹ്ലിയും രോഹിതുമാണ് ചെന്നൈ, ബാംഗ്ലൂർ, മുംബൈ ടീമുകളിലേക്ക് കാണികളെ ആകർഷിക്കുന്നത്. കോഹ്ലി രാജസ്ഥാൻ ടീമിലേക്ക് പോയാൽ എന്തായിരിക്കും അവസ്ഥ. രാജസ്ഥാെൻറ ഗ്രാഫ് കുത്തനെ ഉയരുമെന്ന് ഉറപ്പാണ്.
ഫാൻസിനെ കൂട്ടുന്നതിൽ മറ്റൊരു പ്രധാന ഘടകം അവർ പ്രതിനിധാനം ചെയ്യുന്ന നഗരങ്ങളാണ്. കായികപ്രേമികൾ ഏറെയുള്ള വൻ നഗരങ്ങളായ മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു എന്നിവക്ക് ആരാധകർ ഏറെയാണ്. അതേസമയം, രാജസ്ഥാൻ, പഞ്ചാബ് ടീമുകളുടെ അവസ്ഥ അത്ര നല്ലതല്ല. സ്പോൺസർമാരെ കിട്ടാൻ പോലും ഈ ടീമുകൾക്ക് ബുദ്ധിമുട്ടാണ്. കാഴ്ചക്കാർ കൂടുതലുള്ളതിനാൽ മുംബൈയുടെയും ചെന്നൈയുടെയും മത്സരങ്ങൾക്കുമാത്രം ടി.വി പരസ്യ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് ബി.സി.സി.ഐ ആലോചിച്ചിരുന്നതായി അടുത്തിടെ വെളിപ്പെടുത്തലുണ്ടായിരുന്നു.
മറ്റൊരു ഘടകം ബോളിവുഡിെൻറ സാന്നിധ്യമാണ്. കൊൽക്കത്ത, പഞ്ചാബ് ടീമുകൾക്ക് ഫാൻസിനെ കിട്ടിയത് ഷാരൂഖ് ഖാെൻറയും പ്രീതി സിൻറയുടെയും സാന്നിധ്യമായിരുന്നു.
ആദ്യം കൊൽക്കത്ത, ഇപ്പോൾ ചെന്നൈ
ഐ.പി.എല്ലിെൻറ ആദ്യ നാല് സീസണുകളിലെ ടെലിവിഷൻ കാഴ്ചക്കാരുടെ കണക്ക് നോക്കിയാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സായിരുന്നു മുന്നിൽ. ഷാരൂഖ് ഖാൻ-സൗരവ് ഗാംഗുലി-ഈഡൻ ഗാർഡൻ കോമ്പിനേഷനായിരുന്നു ഇതിനു പിന്നിൽ. ഷിൽപ ഷെട്ടിയുടെയും ഷെയ്ൻ വോണിെൻറയും സാന്നിധ്യമുള്ള രാജസ്ഥാൻ കപ്പടിച്ചതോടെ കാണികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് അവരുമെത്തി. എന്നാൽ, 2012ഓടെ മുംബൈ ഇന്ത്യൻസും പഞ്ചാബും നില മെച്ചപ്പെടുത്തിത്തുടങ്ങി. രാജസ്ഥാെൻറ പ്രഭാവം മങ്ങുകയും ചെയ്തു. അന്നും ഇന്നും ശരാശരിയിൽ താഴെ കാണികൾ മാത്രമാണ് ഡൽഹിക്കുള്ളത്. കാണികളുടെ കാര്യമായ കുറവില്ലാതെ നിലനിർത്തിക്കൊണ്ടുപോകുന്ന ടീമാണ് കൊൽക്കത്ത. ആദ്യ എട്ട് സീസൺ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ബ്രാൻഡ് മൂല്യമുള്ള ടീം കൊൽക്കത്തയായിരുന്നു. 86 ദശലക്ഷം ഡോളറാണ് അവരുടെ ബ്രാൻഡ് വാല്യൂ. 2016, '17 സീസണുകളിൽ ചെന്നൈ, രാജസ്ഥാൻ ടീമുകൾ സസ്പെൻഷനിലായി. ഏറ്റവും കുറവ് കാഴ്ചക്കാർ രേഖപ്പെടുത്തിയതും ഈ ടൂർണെമൻറുകളിലായിരുന്നു. എന്നാൽ, തിരിച്ചുവരവിൽ കാണികൾ ചെന്നൈയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ കാണികൾ ടെലിവിഷനിൽ കണ്ടത് ചെന്നൈയുടെ മത്സരമായിരുന്നു എന്ന് റേറ്റിങ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. കൊൽക്കത്ത, മുംബൈ, ബാംഗ്ലൂർ ടീമുകൾ തൊട്ടുപിറകിലെത്തി. തോൽവിയുടെ പരമ്പരയാണെങ്കിലും ബാംഗ്ലൂരിനൊപ്പം കാണികളെ നിലനിർത്തുന്നത് കോഹ്ലിയുടെ പ്രഭാവംകൊണ്ടുകൂടിയാണ്. ദേശീയ ടീമിെൻറ നായക പദവി, മികച്ച ബാറ്റിങ് പ്രകടനം എന്നിവക്കു പുറമെ അനുഷ്ക ശർമയുമായുള്ള വിവാഹം കോഹ്ലിയുടെ താരമൂല്യം വർധിപ്പിച്ചു. 2017ൽ 14 മത്സരത്തിൽ പത്തും തോറ്റ് ഏറ്റവും പിന്നിലായപ്പോഴും ബാംഗ്ലൂരിെൻറ താരമൂല്യത്തിൽ 33 ശതമാനം വർധനയാണ് ഉണ്ടായത്. എല്ലാ കണക്കുകളും കൂട്ടിനോക്കുേമ്പാൾ നിത്യഹരിത നായകരായി നിൽക്കുന്നത് കൊൽക്കത്തയാണ്. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുനോക്കിയാൽ ചെന്നൈയും മുംബൈയും ബാംഗ്ലൂരും.
സോഷ്യൽ മീഡിയയിൽ മുംബൈ രാജാവ്
സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സിെൻറ എണ്ണം നോക്കിയാൽ മുംബൈ ബഹുദൂരം മുന്നിലാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലായി 2.3 കോടി ഫോളോവേഴ്സാണ് മുംബൈക്കുള്ളത്. ഫേസ്ബുക്കിൽ 1.3 കോടിയും ഇൻസ്റ്റയിൽ 40.4 ലക്ഷവും ട്വിറ്ററിൽ 50.4 ലക്ഷവും ആരാധകരുണ്ട്. എന്നാൽ, ഫേസ്ബുക്കിെൻറ കണക്കുമാത്രം നോക്കിയാൽ കൊൽക്കത്തയാണ് മുമ്പൻ. എഫ്.ബിയിൽ 1.6 കോടി ഫോളോവേഴ്സ്. ട്വിറ്ററും ഇൻസ്റ്റയും കൂട്ടിയാൽ 2.2 കോടി.
ഏറ്റവും കുറവ് രാജസ്ഥാനാണ്. ഫേസ്ബുക്കിലെ 40 ലക്ഷവും ഇൻസ്റ്റയിലെ ഒമ്പത് ലക്ഷവും ട്വിറ്ററിലെ 10 ലക്ഷവുമാണ് അവരുടെ സാമ്പാദ്യം. ഡൽഹിയും ഏറെക്കുറെ ഇതേ അവസ്ഥയിലാണ്. എഫ്.ബിയിൽ 50 ലക്ഷം, ഇൻസ്റ്റയിലും ട്വിറ്ററിലും 10 ലക്ഷം വീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.