ദ പെർഫെക്റ്റ് ക്യാപ്റ്റൻ
text_fieldsജയ്പൂർ: ഐ.പി.എല്ലിൽ തോൽവിയറിയാതെ മുന്നേറുന്ന രാജസ്ഥാൻ റോയൽസിന്റെ പ്രകടനത്തിൽ ഏറെ കൈയടി നേടുന്നത് മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ. കഴിഞ്ഞദിവസം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 183 റൺസ് മറികടന്നാണ് സഞ്ജുപ്പട തുടർച്ചയായ നാലാം ജയം സ്വന്തമാക്കിയത്. 42 പന്തിൽ 69 റൺസ് നേടി ക്യാപ്റ്റൻ നിർണായക സംഭാവന നൽകി. ഇംഗ്ലണ്ട് നായകൻ ജോഷ് ബട്ട്ലർ പുറത്താകാതെ നൂറ് റൺസ് നേടിയ മത്സരത്തിൽ ബംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലിയുടെ 113 നോട്ടൗട്ട് എന്ന മനോഹരമായ ഇന്നിങ്ങ്സ് പാഴായി. ഒടുവിൽ ആറു വിക്കറ്റിന്റെ ജയം റോയൽസിന് സ്വന്തമായി. രണ്ടാം വിക്കറ്റിൽ 148 റൺസാണ് സഞ്ജുവും ബട്ട്ലറും ചേർത്തത്. ‘ക്യാപ്റ്റൻ കൂൾ’ആയി ക്രീസിൽ നിലയുറപ്പിച്ച സഞ്ജു ഇടക്കിടെ ഡബിളുകൾ നേടി വിക്കറ്റിനിടയിലെ ഓട്ടത്തിലും മികവ് പുലർത്തി. സിറാജിന്റെ പന്തിലെ സിക്സറും ഏറെ കൈയടി നേടി. പത്താം ഓവറിൽ സിറാജിന്റെ ഓഫ്സ്റ്റംപിന് പുറത്തുള്ള ഷോട്ബാൾ ആണ് വായുവിൽ ചാടിയുള്ള അപ്പർ കട്ടിലൂടെ, തേർഡ്മാന്റെ തലക്ക് മുകളിലൂടെ സഞ്ജു സിക്സിന് പായിച്ചത്. ഒടുവിൽ സിറാജ് തന്നെയാണ് എതിർ ക്യാപ്റ്റന്റെ വിക്കറ്റ് സ്വന്തമാക്കിയത്. ഐ.പി.എല്ലിൽ 4000 റൺസ് എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. 4000 ക്ലബിലെത്തുന്ന 16ാമത്തെ ബാറ്ററാണ് ഈ മലയാളി താരം.
ഈ വർഷത്തെ ടൂർണമെന്റിെല ശ്രദ്ധേയ ബാറ്ററായി സഞ്ജു മാറുമെന്ന് കമന്റേറ്ററും മുൻ ഓസീസ് താരവുമായ ഷെയ്ൻ വാട്സൺ അഭിപ്രായപ്പെട്ടു. ഒാരോ മത്സരം കഴിയുമ്പോഴും സഞ്ജു കൂടുതൽ ശാന്തമായി നിലകൊള്ളുകയാണെന്ന് വാട്സൺ പറഞ്ഞു. സഞ്ജു ആധുനിക കാലത്തെ ‘പെർഫെക്ട്’ ക്യാപ്റ്റനാണെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൻ പറഞ്ഞു. സ്വന്തം നാട്ടുകാരനായ ഹൈദരാബാദ് സൺ റൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെക്കാളും ഈ വർഷത്തെ ഗംഭീര നായകൻ സഞ്ജുവാണെന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്ത് കഴിഞ്ഞ ദിവസം ഒരു ടി.വി ഷോക്കിടെ അഭിപ്രായപ്പെട്ടിരുന്നു. സഞ്ജുവിന്റെ നിർണായകമായ ബൗളിങ് മാറ്റങ്ങളും കോച്ച് കുമാർ സങ്കക്കാരയുടെ തന്ത്രങ്ങളും രാജസ്ഥാന്റെ വിജയത്തിൽ മറ്റൊരു നിർണായക ഘടകമാണ്.
ബംഗളൂരുവിനെതിരായ മത്സരത്തിന് ശേഷമുള്ള കണക്ക് പ്രകാരം ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് സഞ്ജു. നാല് കളിയിൽനിന്ന് 178 റൺസാണ് രാജസ്ഥാൻ ക്യാപ്റ്റനുള്ളത്. തൊട്ടുമുന്നിൽ രണ്ടാം സ്ഥാനത്ത് സഹതാരം റിയാൻ പരാഗാണുള്ളത്. കഴിഞ്ഞ സീസണിൽ നിറംമങ്ങിയ പരാഗ് ഇത്തവണ തകർപ്പൻ ഫോമിലാണ്. നാല് മത്സരത്തിൽനിന്ന് 185 റൺസാണുള്ളത്.
റൺവേട്ടക്കാരിൽ ഒന്നാംസ്ഥാനത്തുള്ള ആർ.സി.ബിയുടെ വിരാട് കോഹ്ലി അതിദൂരം മുന്നിലാണ്. അഞ്ച് മത്സരങ്ങളിൽനിന്ന് 316 റൺസാണ് കോഹ്ലി അടിച്ചുകൂട്ടിയത്. ഇന്നലത്തെ സെഞ്ച്വറിയോടെ (പുറത്താകാതെ 113) ഈ സീസണിലെ ആദ്യ സെഞ്ച്വറിയും കോഹ്ലി സ്വന്തം പേരിലാക്കിയിരുന്നു. സൺറൈസേഴ്സിന്റെ ഹെയിന്റിച്ച് ക്ലാസെൻ ആണ് 177 റൺസുമായി ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിൽ നാലാമത്. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 164 റൺസുമായി അഞ്ചാമതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.