'നിങ്ങള്‍ക്കെന്നെ വിഡ്ഢിയാക്കാനായേക്കും, ദൈവം എല്ലാം കാണുന്നു'; ഇന്ത്യൻ ടീമിൽ ഇടമില്ലാത്തതിനെതിരെ രൂക്ഷ പ്രതികരണവുമായി താരങ്ങൾ
text_fieldsട്വന്റി 20 ലോകകപ്പിന് ശേഷം അരങ്ങേറുന്ന ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യന്‍ താരങ്ങള്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് ഉമേഷ് യാദവ്, രവി ബിഷ്ണോയി, പൃഥ്വി ഷാ, നിതീഷ് റാണ എന്നിവർ പ്രതികരണം നടത്തിയത്.
'നിങ്ങള്‍ക്കെന്നെ വിഡ്ഢിയാക്കാനായേക്കും, പക്ഷെ ദൈവം നിങ്ങളെയെല്ലാം കാണുന്നുണ്ടെന്ന് ഓർക്കുക' എന്നായിരുന്നു ഇന്ത്യന്‍ ടീ പ്രഖ്യാപനത്തിന് പിന്നാലെ ഉമേഷ് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ദീപക് ചാഹറിന് പരിക്കേറ്റതോടെ അപ്രതീക്ഷിതമായി ഉമേഷ് യാദവിന് ടീമില്‍ അവസരം ലഭിച്ചിരുന്നു. ഉമ്രാന്‍ മാലികിനെപ്പോലുള്ള യുവതാരങ്ങളെ തഴഞ്ഞ് ഉമേഷിനെ ഉൾപ്പെടുത്തിയതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ മാത്രം കളിച്ച ഉമേഷ് മൂന്നോവറിൽ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ദുലീപ് ട്രോഫിയിലും മികച്ച പ്രകടനം നടത്തിയിട്ടും ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ ഉൾപ്പെടാത്തതിലുള്ള നിരാശ പൃഥ്വി ഷായും ഇന്‍സ്റ്റഗ്രാമിലൂടെ പ്രകടിപ്പിച്ചു. ഷിർദി സായ് ബാബയുടെ ചിത്രം പങ്കുവെച്ച് 'താങ്കള്‍ എല്ലാം കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു സായ്ബാബ' എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. മുഷ്താഖലി ട്രോഫി ട്വന്റി 20യിൽ 47.50 ശരാശരിയിൽ 285 റൺസാണ് താരം അടിച്ചുകൂട്ടിയിരുന്നത്. 191.28 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
'തിരിച്ചടികളേക്കാള്‍ എപ്പോഴും നല്ലത് തിരിച്ചുവരവാണ്' എന്നായിരുന്നു ന്യൂസിലന്‍ഡ് പരമ്പരക്കുള്ള ട്വന്റി 20 ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന രവി ബിഷ്ണോയിയുടെ പോസ്റ്റ്.
കഴിഞ്ഞവര്‍ഷം ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി അരങ്ങേറിയ നിതീഷ് റാണയാകട്ടെ പിടിച്ചു നില്‍ക്കുക, വേദനകള്‍ അവസാനിക്കുമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. മുഷ്താഖലി ട്രോഫിയിൽ 51.16 ശരാശരിയോടെ 307 റൺസ് നേടിയ താരമാണ് റാണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.