തോൽവിക്ക് കാരണം ഇത് രണ്ടുമാണ്; ഗവാസ്കറിന്റെ അഭിപ്രായമല്ല കപിൽദേവിന്
text_fieldsട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിക്ക് പ്രധാനമായും രണ്ട് കാരണങ്ങളാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. കുറഞ്ഞ സ്കോർ പ്രതിരോധിക്കുമ്പോൾ ചെറിയ പിശകുകൾക്ക് പോലും വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം തോൽക്കാൻ കാരണം ആർ. അശ്വിൻ കൂടുതൽ റൺസ് വഴങ്ങിയതാണെന്ന വിമർശനവുമായി കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലൊരാളായ സുനിൽ ഗവാസ്കർ രംഗത്തുവന്നിരുന്നു. എന്നാൽ, ഇതിനോട് യോജിക്കാത്ത കപിൽ ദേവ് പറയുന്നത് ഇന്ത്യയുടെ തോൽവിക്ക് കാരണം വിരാട് കോഹ്‍ലി മർക്രമിന്റെ ക്യാച്ച് വിട്ടുകളഞ്ഞതും രോഹിത് ശർമ റൺഔട്ട് അവസരം നഷ്ടപ്പെടുത്തിയതുമാണെന്നാണ്.
''നിങ്ങൾ റണ്ണൗട്ട് അവസരം നഷ്ടപ്പെടുത്തുകയും ക്യാച്ചുകൾ വിട്ടുകളയുകയും ചെയ്താൽ ട്വന്റി 20യിൽ ജയിക്കാനാവില്ല. ഒരു ചെറിയ സ്കോർ പ്രതിരോധിക്കുമ്പോൾ ആവേശം നൂറ് ശതമാനമായി ഉയരേണ്ടതുണ്ട്. കളിയിൽ താരങ്ങൾ ക്യാച്ച് വിടുന്നത് തനിക്ക് മനസ്സിലാകും. എന്നാൽ, അതിനിർണായക ഘട്ടത്തിൽ ഇത്തരം ചെറിയ പിഴവുകൾ ഒരിക്കലും സംഭവിച്ചുകൂടാ. അത് ടീമിന്റെ മനോവീര്യം കെടുത്തും'', ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.
മർക്രാമിന്റെയും ഡേവിഡ് മില്ലറുടെയും അർധ സെഞ്ച്വറികളുടെ മികവിൽ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപിച്ചിരുന്നത്. ബാറ്റിങ്ങിൽ ഇന്ത്യൻ മുൻനിര അമ്പേ പരാജയപ്പെട്ടപ്പോൾ സൂര്യകുമാർ യാദവ് നേടിയ അർധ സെഞ്ച്വറിയാണ് മാന്യമായ സ്കോറിലെത്താൻ സഹായകമായത്. ഈ തോൽവിയോടെ അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യക്ക് നിർണായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.