രാജകീയം ഈ തിരിച്ചുവരവ്
text_fieldsകളിയേറെ കണ്ടും കളിച്ചും ഉയരങ്ങളുടെ കൊടുമുടി കയറിയ വെറ്ററൻ താരം ഒരു വശത്ത്. പ്രായം 30 കടന്നെങ്കിലും ദേശീയ ജഴ്സിയിലെത്താൻ വൈകിപ്പോയതിന്റെ ആധി തീർത്ത് ഉഗ്രരൂപിയായി വിറപ്പിച്ചുകൊണ്ടിരിക്കുന്ന മുംബൈക്കാരൻ മറുവശത്തും. രണ്ടു പേരും ചേർന്ന് മൂന്നാം ട്വന്റി20യിൽ ഇന്ത്യയെ അനായാസം വിജയത്തിലേക്ക് കൈപിടിക്കുമ്പോൾ നായകൻ രോഹിതിനും ശതകോടി ആരാധകർക്കും ടീമിനെ കുറിച്ച എല്ലാ ആശങ്കകളും തത്കാലം മാറ്റിവെക്കാനായെന്ന ആശ്വാസമായിരുന്നു.
കങ്കാരുക്കൾ മുന്നിൽവെച്ചു നൽകിയ മോശമല്ലാത്ത ലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ചെത്തിയ ഓപണർമാരായ കെ.എൽ. രാഹുലും രോഹിത് ശർമയും നേരത്തേ മടങ്ങിയ ഇന്ത്യൻ ഇന്നിങ്സിൽ പിന്നീടെല്ലാം എളുപ്പത്തിലായിരുന്നു. മൂന്നാമനായ കോഹ്‍ലിയും പിന്നീടിറങ്ങിയ സൂര്യകുമാറും ചേർന്ന് അല്ലലില്ലാതെ ഓസീസ് ബൗളിങ്ങിനെ അതിർത്തി കടത്തി. കരുത്തും മിടുക്കും ശാരീരികക്ഷമതയും ഇച്ഛയും സമംചേർന്ന പ്രകടനമായിരുന്നു ഇരുവരുടേയും. ഇറ്റും പിഴക്കാത്ത കൂട്ടുകെട്ടിൽ തരാതരം പോലെ സ്ട്രൈക്ക് കൈമാറിയും അനായാസം ബൗണ്ടറികൾ പായിച്ചും രണ്ടുപേരും ഒപ്പത്തിനൊപ്പം നിന്നു.
സ്പിന്നിനെതിരെ പഴയ പടി വീഴുമെന്ന് തോന്നിച്ച കോഹ്‍ലി, ആദം സാംപ തുടക്കത്തിലേ എറിയാനെത്തിയിട്ടും പതറിയില്ല. ആദ്യ പന്തു തന്നെ അതിർത്തി കടത്തിയായിരുന്നു ഓസീസ് സ്പിന്നർക്കെതിരെ തുടക്കം. മറുവശത്ത്, സൂര്യകുമാർ അതിവേഗത്തിൽ സ്കോർ ഉയർത്തിയപ്പോൾ മുൻ നായകനും ആവേശം കയറി. ഏതു സാഹചര്യത്തിലും ഒരേ വീറോടെ ബാറ്റു ചെയ്യാനാകുമെന്ന വിളംബരമായിരുന്നു സൂര്യകുമാറിന്റെത്. എത്താൻ വൈകിയിട്ടും ആദ്യം അർധ സെഞ്ച്വറി കടന്നത് സൂര്യകുമാർ. 69ൽ നിൽക്കെ താരം മടങ്ങിയെങ്കിലും പിടിച്ചുനിന്ന കോഹ്‍ലി 63 റൺസ് പൂർത്തിയാക്കി. മധ്യനിരയിൽ തകർത്തടിച്ച് ഹാർദിക് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
ട്വന്റി20 പരമ്പരയിലെ ആദ്യ കളി തോൽക്കുകയും ഓവർ പകുതിയിലേറെ ചുരുക്കിയ രണ്ടാം കളിയിൽ ജയിക്കുകയും ചെയ്ത ഇന്ത്യക്ക് ഈ മത്സരം ജയിക്കേണ്ടിയിരുന്നു. അതാണ് മനോഹരമായി പൂർത്തിയാക്കിയത്.
വിടാതെ ബൗളിങ് ആകുലത
പരമ്പര ജയിച്ചെങ്കിലും ബൗളിങ്ങിനെക്കുറിച്ച ആശങ്കകൾ നിലനിൽക്കുകയാണ്. ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും തിരിച്ചുവന്നിട്ടും എതിരാളികളെ നിലക്കുനിർത്താനാകുന്നില്ലെന്നതാണ് ഭീഷണി. ഭുവനേശ്വർ നന്നായി തല്ലുകൊണ്ടു. ഒടുവിൽ പിന്തുണച്ച് ക്യാപ്റ്റന് രംഗത്തെത്തേണ്ടിയുംവന്നു. നിരന്തരം പേസ് മാറ്റി ബാറ്റർമാരെ മുനയിൽ നിർത്താറുള്ള ഹർഷലും പരമ്പരയിലൊരിക്കലും പ്രതീക്ഷ കാത്തില്ല. ഏറ്റവും മികച്ച പേസറായ ബുംറ പോലും അവസാന കളിയിലെ നാലോവറിൽ വിട്ടുനൽകിയത് 50 റൺസ്. ഒരുവിക്കറ്റ് പോലും ലഭിച്ചുമില്ല. എന്നാൽ, അപ്രതീക്ഷിത താരോദയമായി അക്സർ പട്ടേലിന്റെ വരവാണ് ശ്രദ്ധേയമായത്. പരമ്പരയിൽ എട്ടുവിക്കറ്റ് സമ്പാദ്യവുമായി ഓരോ കളിയിലും താരം ഒന്നാമനായി.
ബാറ്റിങ്ങിൽ മുൻനിരക്കാർക്ക് പിന്തുണയുമായി സൂര്യകുമാർ, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, ഋഷഭ് പന്ത് എന്നിവരൊക്കെയും ഒരേ വീര്യത്തോടെ ബാറ്റുവീശുന്നതാണ് കരുത്താകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.