മാനം തെളിഞ്ഞു; ഇന്ത്യ-പാകിസ്താൻ മത്സരം ഇന്ന് പുനരാരംഭിക്കും
text_fieldsകൊളംബോ: കനത്ത മഴയെ തുടർന്ന് ഇന്നലെ ഇടക്കുവെച്ച് നിർത്തിയ ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം ഇന്ന് വൈകീട്ട് മൂന്നിന് പുനരാരംഭിക്കും. മഴയൊഴിഞ്ഞ് തെളിഞ്ഞ മാനം ദൃശ്യമായത് ക്രിക്കറ്റ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.
ഞായറാഴ്ച മഴ കാരണം മുടങ്ങിയ മത്സരം പുനരാരംഭിക്കാനാവാത്തതിനാൽ റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇടക്ക് മഴക്ക് ശമനമുണ്ടായെങ്കിലും ഔട്ട്ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്ന് മത്സരം പുനരാരംഭിക്കാനായിരുന്നില്ല. നനഞ്ഞ ഭാഗം ഉണക്കിയ ശേഷം മത്സരം 34 ഓവറാക്കി കുറച്ച് ഒമ്പത് മണിക്ക് പുനരാരംഭിക്കാൻ അമ്പയര്‍മാർ പദ്ധതിയിട്ടെങ്കിലും ഉണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ വീണ്ടും മഴയെത്തി. ഇതോടെ മത്സരം പുനരാരംഭിക്കാനാവില്ലെന്ന് അമ്പയര്‍മാര്‍ അറിയിക്കുകയും റിസർവ് ദിനത്തിലേക്ക് മാറ്റുകയുമായിരുന്നു.
തിങ്കളാഴ്ചയും മഴ കാരണം മത്സരം പൂർത്തിയാക്കാനായില്ലെങ്കിൽ ഇന്ത്യയും പാകിസ്താനും ഓരോ പോയന്‍റ് വീതം ലഭിക്കും. ഇതോടെ പാകിസ്താന് ഫൈനൽ ഉറപ്പിക്കാനാകും. സൂപ്പർ ഫോറിലെ ബാക്കിയുള്ള രണ്ടു മത്സരങ്ങൾ ഇന്ത്യക്ക് നിർണായകവുമാകും. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഫൈനലിന് യോഗ്യത നേടുക. ചൊവ്വാഴ്ച കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ തന്നെ ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇടവേളയില്ലാതെ ഇന്ത്യ കളിക്കാനിറങ്ങണം. 15ന് ബംഗ്ലാദേശിനെതിരെയാണ് സൂപ്പർ ഫോറിലെ അവസാന മത്സരം. അതും കൊളംബോ സ്റ്റേഡിയത്തിൽ. ഈ രണ്ടു മത്സരങ്ങൾക്കും മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. റിസർവ് ദിനം അനുവദിച്ചിട്ടുമില്ല.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അർധസെഞ്ച്വറി നേടിയതോടെ 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. 17 റൺസുമായി കെ.എൽ രാഹുലും എട്ട് റൺസുമായി വിരാട് കോഹ്‍ലിയുമാണ് ക്രീസിൽ. ഇതിന്റെ തുടർച്ചയായിരിക്കും ഇന്നത്തെ മത്സരം. രോഹിത് 49 പന്തിൽ നാല് സിക്സും ആറ് ഫോറുമടക്കം 56 റൺസും ശുഭ്മാൻ ഗിൽ 52 പന്തിൽ 10 ഫോറടക്കം 58 റൺസും നേടി പുറത്തായി. ഓപണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസാണ് അടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.