ടീമുകളെത്തി; ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ട്വന്റി 20 നാളെ
text_fieldsതിരുവനന്തപുരം: നാളെ നടക്കുന്ന ഇന്ത്യ-ആസ്‌ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീമുകള്‍ തലസ്ഥാനത്തെത്തി. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സുര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമും മാത്യു വൈഡിന്‍റെ നേതൃത്വത്തിലുള്ള ആസ്ട്രേലിയൻ സംഘവും പ്രത്യേക വിമാനത്തിൽ അനന്തപുരിയുടെ മണ്ണിലേക്ക് പറന്നിറങ്ങിയത്. തുടർന്ന്, കനത്ത സുരക്ഷാവലയത്തിൽ ടീമുകൾ ഹോട്ടലിലേക്ക് മടങ്ങി.
വിശാഖപ്പട്ടണത്ത് നടന്ന ആദ്യമത്സരത്തിൽ രണ്ടു വിക്കറ്റിനാണ് ഇന്ത്യയുടെ യുവസംഘം ആസ്ട്രേലിയയെ തുരത്തിയത്. കങ്കാരുക്കൾ ഉയർത്തിയ 208 റൺസ് ഒരു പന്ത് അവശേഷിക്കെ, ഇന്ത്യ മറികടക്കുകയായിരുന്നു. യാത്രാക്ഷീണം മാറ്റിവെച്ച് ഇന്ന് ടീമുകൾ പരിശീലനത്തിനിറങ്ങും. ഉച്ചക്ക് ഒരു മണിമുതൽ വൈകീട്ട് നാലുവരെ ആസ്ട്രേലിയയും വൈകീട്ട് അഞ്ചുമുതൽ എട്ടുവരെ ഇന്ത്യൻ ടീമും പച്ചപ്പാടത്ത് രണ്ടാം അങ്കത്തിനുള്ള കച്ചമുറുക്കും.
മത്സരത്തിനായി രണ്ട് പിച്ചുകളാണ് കാര്യവട്ടത്ത് ഒരുക്കിയിട്ടുള്ളത്. ഇതിൽ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം നടന്ന പിച്ചിലാകും ഞായറാഴ്ചത്തെ മത്സരം നടക്കുക. കർണാടകത്തിലെ മാണ്ഡ്യയിൽ നിന്ന് എത്തിച്ച കളിമണ്ണിൽ തീർത്ത ഈ പിച്ചിൽ ടോസ് നിർണായകമാകില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും രാത്രി എട്ടിനുശേഷം ചെറിയ തോതിലുള്ള മഞ്ഞ് വീഴ്ച ക്യാപ്റ്റൻമാരെ ഇരുത്തി ചിന്തിപ്പിച്ചേക്കാം. നേരത്തേ ഈ പിച്ചിൽ നടന്ന ഏകദിന മത്സരത്തിൽ 318 റൺസിനാണ് ശ്രീലങ്കയെ ഇന്ത്യ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ വിരാട് കോഹ്ലിയുടെയും (166*) ശുഭ്മാൻ ഗില്ലിന്‍റെയും (116) സെഞ്ച്വറി മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസാണ് എടുത്തത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 22 ഓവറിൽ 73 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ഒരുക്കിയിട്ടും മുഹമ്മദ് സിറാജിന്‍റെ തീ തുപ്പിയ പന്തുകൾക്കുമുന്നിൽ ശ്രീലങ്കയുടെ മുൻനിരക്ക് മറുപടിയില്ലാതെ പോയതാണ് രണ്ടാം ഇന്നിങ്സിൽ റൺസില്ലാതെ പോയതെന്നാണ് കെ.സി.എയുടെ പക്ഷം. ഇതുവരെ കാര്യവട്ടത്ത് നടന്ന ടി20 മത്സരങ്ങളിൽ 2019ൽ ഇന്ത്യക്കെതിരെ വെസ്റ്റിൻഡീസ് നേടിയ 173 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ.
തണുപ്പൻ സ്വീകരണം, ടിക്കറ്റിലും ഇടിവ്
ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ സൂപ്പർ വിജയവുമായി തലസ്ഥാനത്തെത്തിയ സൂര്യകുമാർ യാദവിനും സംഘത്തിനും തലസ്ഥാനത്ത് ലഭിച്ചത് തണുപ്പൻ സ്വീകരണം. പൊലീസും യാത്രക്കാരും മാധ്യമപ്രവർത്തകരുമൊഴികെ മുൻകാലങ്ങളിൽ ഇന്ത്യക്കായും താരങ്ങൾക്കായും ജയ് വിളിക്കാനെത്തിയിരുന്ന നൂറുകണക്കിന് ക്രിക്കറ്റ് ആരാധകർ ഇന്നലെ വിമാനത്താവളത്തിലെത്തിയില്ല. കരഘോഷവും ആർപ്പുവിളികളുമില്ലാതെയാണ് ഓരോ താരവും ബസിലേക്ക് കയറിയത്. ഇത് കേരള ക്രിക്കറ്റ് അസോസിയേഷനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
സഞ്ജു ടീമിൽ ഇല്ലാത്തതിനാൽ ഒരുവിഭാഗം ക്രിക്കറ്റ് ആരാധകർ സമൂഹമാധ്യമങ്ങളിലടക്കം മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങൾ ടിക്കറ്റ് വിൽപനയെയും ബാധിച്ചിട്ടുണ്ട്. എഴായിരത്തോളം ടിക്കറ്റുകൾ മാത്രമാണ് ടോസ് വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിറ്റുപോയത്. ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി മത്സരങ്ങൾ നടത്തേണ്ടിവരുന്നത് ഭാവിയിൽ കേരളത്തിന് തിരിച്ചടിയാകുമെന്ന് കെ.സി.എ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ അനന്തപത്മനാഭന് സ്വന്തം നാട്ടിൽ ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കാനുള്ള ഭാഗ്യമുണ്ടായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.