പന്ത് നയിക്കും; ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കം
text_fieldsന്യൂഡൽഹി: ഐ.പി.എൽ സീസൺ അവസാനിച്ച് ഏതാനും നാളത്തെ ഇടവേള കഴിഞ്ഞ ഇന്ത്യൻ താരങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലേക്ക് നീങ്ങവെ അപ്രതീക്ഷിത ട്വിസ്റ്റ്. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരക്ക് വ്യാഴാഴ്ച ഡൽഹി ഫിറോസ് ഷാ കോട് ല മൈതാനത്ത് തുടക്കമാവുമ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തായിരിക്കും ഇന്ത്യൻ സംഘത്തെ നയിക്കുക. ക്യാപ്റ്റൻ രോഹിത് ശർമക്ക് വിശ്രമം അനുവദിച്ചതിനാൽ പകരം ചുമതല നൽകിയിരുന്ന കെ.എൽ. രാഹുൽ പരിക്കേറ്റ് പുറത്തായതിനാലാണിത്.
നെറ്റ്സിൽ പരിശീലനത്തിനിടെ പരിക്കുപറ്റിയ സ്പിന്നർ കുൽദീപ് യാദവിന്റെ സേവനവും ടീമിന് ലഭിക്കില്ല. ഹർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ക്യാപ്റ്റൻ രോഹിത് ശർമ, മറ്റു സീനിയർ താരങ്ങളായ വിരാട് കോഹ് ലി, ജസ് പ്രീത് ബുംറ തുടങ്ങിയവരുടെ അസാന്നിധ്യത്തിൽ യുവനിരയിൽ പരിശീലകൻ രാഹുൽ ദ്രാവിഡ് പൂർണവിശ്വാസം അർപ്പിച്ചിരിക്കെയാണ് രണ്ട് താരങ്ങൾ പുറത്താവുന്നത്. എങ്കിലും, ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞ ഇന്നത്തെ മത്സരം ആവേശമാവുമെന്നുറപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. ജൂൺ 12ന് കട്ടക്ക്, 14ന് വിശാഖപട്ടണം, 17ന് രാജ്കോട്ട്, 19ന് ബംഗളൂരു എന്നിങ്ങനെയാണ് മറ്റു കളികളുടെ തീയതിയും വേദിയും.
ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക് തുടങ്ങി പരിചയസമ്പന്നരുണ്ട് ബാറ്റർമാരിൽ. ഓൾ റൗണ്ടർ ദീപക് ഹൂഡ ഐ.പി.എല്ലിൽ ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. ബുംറയുടെയും മുഹമ്മദ് ഷമിയുടെയും അസാന്നിധ്യത്തിൽ ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് ഡിപ്പാർട്ട്മെന്റിൽ ആവേഷ് ഖാനും അരങ്ങേറ്റം കാത്തിരിക്കുന്ന ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ് എന്നിവരും സ്പിന്നർമാരായി യുസ്വേന്ദ്ര ചാഹലും അക്സർ പട്ടേലുമുണ്ട്. പന്തും ബാറ്റുംകൊണ്ട് മികവ് പുറത്തെടുത്ത് ഗുജറാത്ത് ടൈറ്റൻസിനെ ഐ.പി.എൽ ജേതാക്കളാക്കിയ പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് നൽകുന്ന കരുത്തും എടുത്തുപറയണം. അപ്പുറത്ത് ടെംബ ബാവുമക്ക് കീഴിൽ ഇറങ്ങുന്ന ആഫ്രിക്കൻ സംഘത്തിൽ ഏത് ലോകോത്തര ബൗളറും അടിച്ച് പറത്താൻ മിടുക്കുള്ള ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മർക്രം തുടങ്ങിയ ബാറ്റർമാരുണ്ട്. എൻറിച്ച് നോർജെയുടെ പേസും തബ്രെയ്സ് ഷംസിയുടെ കുത്തിത്തിരിയുന്ന പന്തുകളും ഇന്ത്യ കരുതിയിരിക്കണം. 15 ട്വന്റി മത്സരങ്ങളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ നേർക്കുനേർ വന്നത്. ഒമ്പതിൽ ഇന്ത്യയും ആറിൽ ദക്ഷിണാഫ്രിക്കയും ജയിച്ചു. ⊿ ടീം ഇവരിൽനിന്ന്:
ഇന്ത്യ: ഋഷഭ് പന്ത് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഹർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേഷ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്.
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, എൻറിച്ച് നോർജെ, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രെയ്സ് ഷംസി, റസ്റ്റാൻ ഷാംസി, റസ്റ്റേൻ ഷംസ്സി, മാർക്കോ ജാൻസെൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.