വന്ന വഴി മറന്നിട്ടില്ല; നിർധന താരങ്ങൾക്കായി 50 ലക്ഷത്തിന്റെ ഹോസ്റ്റൽ സമുച്ചയവുമായി റിങ്കു സിങ്
text_fieldsഅലീഗഢ്: ഐ.പി.എല്ലിൽ അവസാന ഓവറിൽ തുടർച്ചയായ അഞ്ചു സിക്‌സറടിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിങ് നിർധന കായിക താരങ്ങൾക്കായി 50 ലക്ഷം ചെലവിട്ട് ഹോസ്റ്റൽ സമുച്ചയം ഒരുക്കുന്നു. പാവപ്പെട്ട കുടുംബ പശ്ചാത്തലത്തിൽനിന്നെത്തിയ റിങ്കു കൗമാര താരങ്ങൾക്കായി ജന്മനാടായ അലീഗഢിലാണ് ഹോസ്റ്റൽ സമുച്ചയം ഒരുക്കുന്നത്. ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള 15 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഹോസ്റ്റൽ നിർമിക്കുക.
മൂന്നു മാസം മുമ്പാണ് ഹോസ്റ്റലിന്റെ നിർമാണം ആരംഭിച്ചതെന്നും 90 ശതമാനം പ്രവൃത്തിയും പൂർത്തിയായിട്ടുണ്ടെന്നും നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന റിങ്കുവിന്റെ ബാല്യകാല കോച്ച് കൂടിയായ മസൂദുസ് സഫർ അമീനി പറഞ്ഞു. മികച്ച സാമ്പത്തിക പശ്ചാത്തലമൊന്നുമില്ലാത്ത താരങ്ങളെ സഹായിക്കണമെന്നത് റിങ്കുവിന്റെ സ്വപ്‌നമായിരുന്നുവെന്നും ഇപ്പോൾ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെത്തിയതോടെയാണ് ഹോസ്റ്റൽ യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങിയതെന്നും അമീനി പറഞ്ഞു. ഐ.പി.എല്ലിന് തിരിക്കുംമുമ്പ് റിങ്കു നിർമാണ പുരോഗതി വിലയിരുത്താൻ സ്ഥലത്തെത്തിയിരുന്നു. നാലുപേർക്ക് വീതം താമസിക്കാവുന്ന 14 മുറികളാണ് ഹോസ്റ്റലിലുണ്ടാകുക. ഇതോടൊപ്പം ഒരു ഷെഡ്ഡും പവലിയനും കാന്റീനും പ്രത്യേക ശുചിമുറികളുമുണ്ടാകും. ക്രിക്കറ്റ് പരിശീലനത്തിനുള്ള ഗ്രൗണ്ടും ഇവിടെയുണ്ടാകും. ഐ.പി.എൽ കഴിഞ്ഞ് താരം തിരിച്ചെത്തിയാൽ ഉദ്ഘാടനമുണ്ടാകുമെന്ന് മസൂദുസ് അമീനി അറിയിച്ചു.
ഉത്തർപ്രദേശിലെ അലീഗഢ് സ്വദേശിയായ റിങ്കു സിങ് ഖാൻചന്ദ്രയുടെയും വിനാദേവിയുടെയും അഞ്ചു മക്കളിൽ മൂന്നാമനായാണ് ജനിച്ചത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽനിന്ന് സൈക്കിളിൽ എൽ.പി.ജി സിലിണ്ടറുകൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തിച്ചുകൊടുത്താണ് ഖാൻചന്ദ്ര കുടുംബം പുലർത്തിയിരുന്നത്. കോർപറേഷന്റെ ഗോഡൗണിലുള്ള രണ്ടുമുറി കുടിലിലായിരുന്നു ഏഴുപേരടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. പഠനത്തിൽ മോശമായതിനാൽ ഒമ്പതാം ക്ലാസിൽ തോറ്റ് സ്‌കൂളിന്റെ പടിയിറങ്ങിയ റിങ്കു പിന്നീട് തൂപ്പുജോലിക്കിറങ്ങിയിരുന്നു. പിന്നീട് മസൂദ് അമീനിയുടെ സഹായത്തിലാണ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതും മികച്ച കളിക്കാരനാകുന്നതും. കൊൽക്കത്തക്കായി അഞ്ചു മത്സരങ്ങളിൽ റിങ്കു സിങ് ഇതുവരെ 174 റൺസ് നേടിയിട്ടുണ്ട്. 162.62 ആണ് സ്ട്രൈക്ക് റേറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.