വനിതകളും തോറ്റു; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഓസീസിന് ആറു വിക്കറ്റ് ജയം
text_fieldsമുംബൈ: ആസ്ട്രേലിയക്കെതിരായ വനിത ഏകദിന പരമ്പരയിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ആറു വിക്കറ്റിനായിരുന്നു തോൽവി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 50 ഓവറിൽ എട്ടു വിക്കറ്റിന് 282 റൺസ് നേടി. ആസ്ട്രേലിയ 46.3 ഓവറിൽ നാലിന് 285ലെത്തി. ഫോബ് ലിച്ച് ഫീൽഡ് (78), എല്ലിസ് പെറി (75), തഹ്‍ലിയ മക്ഗ്രാത്ത് (68 നോട്ടൗട്ട്), ബെത്ത് മൂണി (42) എന്നിവരുടെ ബാറ്റിങ്ങാണ് സന്ദർശകർക്ക് അനായാസ ജയം സമ്മാനിച്ചത്. 82 റൺസെടുത്ത ജെമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്കോറർ. പൂജ വസ്ത്രകാർ 62 റൺസുമായി പുറത്താവാതെ നിന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.
അസുഖം കാരണം വൈസ് ക്യാപ്റ്റനും ഓപണറുമായ സ്മൃതി മന്ദാനക്ക് കളിക്കാനായില്ല. ഷഫാലി വർമക്കൊപ്പം യാസ്തിക ഭാട്യയാണ് ഇന്നിങ്സ് ഓപൺ ചെയ്തത്. ഒരു റൺ മാത്രമെടുത്ത് ഷഫാലി മടങ്ങി. 20 പന്തിൽ 21 റൺസായിരുന്നു റിച്ച ഘോഷിന്റെ സംഭാവന. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (9) പുറത്തായതോടെ ഇന്ത്യ മൂന്നിന് 57. യാസ്തികയും ജെമീമയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
യാസ്തിക (49) പുറത്തായശേഷം ദീപ്തി ശർമയും (21) അമൻജോത് കൗറും (20) ജെമീമക്ക് പിന്തുണ നൽകാൻ ശ്രമിച്ചു. ഒരു റണ്ണായിരുന്നു സ്നേഹ് റാണയുടെ സംഭാവന. ജെമീമയും പൂജയും ചേർന്നാണ് 250ലെത്തിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച പൂജക്കൊപ്പം രേണുക സിങ് അഞ്ചു റൺസുമായി പുറത്താവാതെ നിന്നു. ഓസീസിനായി ആഷ് ലി ഗാർഡ്നറും ജോർജിയ വരേഹാമും രണ്ടു വീതവും വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.