തോറ്റ് തോറ്റ് ലോക ചാമ്പ്യന്മാർ; പരമ്പര പിടിച്ചെടുത്ത് ബംഗ്ലാദേശ്
text_fieldsധാക്ക: ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തുടർച്ചയായ രണ്ടാം ട്വന്‍റി 20യിലും കീഴടക്കി ബംഗ്ലാദേശിന് പരമ്പര. ഒരു മത്സരം ശേഷിക്കെയാണ് ആതിഥേയരുടെ പരമ്പര നേട്ടം. ചിറ്റഗോങ്ങില്‍ നടന്ന ആദ്യ ട്വന്റി 20 ആറ് വിക്കറ്റിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഷാക്കിബുല്‍ ഹസനും സംഘവും രണ്ടാം ട്വന്റി 20യില്‍ നാല് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. അവസാന മത്സരം 14ന് ധാക്കയിൽ നടക്കും.
ടോസ് നേടിയ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ തീരുമാനം ശരിവെച്ച ബംഗ്ലാ ബൗളർമാർ പേരുകേട്ട ഇംഗ്ലീഷ് ബാറ്റിങ് നിരയെ 117 റൺസിന് പുറത്താക്കുകയായിരുന്നു. മെഹ്ദി ഹസന്‍ മിറാസ് നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുമായി ആഞ്ഞടിച്ചപ്പോൾ തസ്കിന്‍ അഹമ്മദും മുസ്തഫിസുർ റഹ്മാനും ഷാക്കിബ് അല്‍ ഹസനും ഹസന്‍ മഹ്‍മൂദും ഓരോ വിക്കറ്റ് വീഴ്ത്തി. 28 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോർ. ഫിൽ സാൾട്ട് (25), ഡേവിഡ് മലാൻ (അഞ്ച്), മോയിൻ അലി (15), ക്യാപ്റ്റൻ ജോസ് ബട്ട്‍ലർ (നാല്), സാം കറന്‍ (12), ക്രിസ് വോക്സ് (പൂജ്യം), ക്രിസ് ജോർദൻ (മൂന്ന്) രെഹാന്‍ അഹമ്മദ് (11) ആദിൽ റാഷിദ് (പുറത്താവാതെ ഒന്ന്) ജോഫ്ര ആർച്ചർ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സംഭാവന.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഒമ്പത് റണ്‍സ് വീതമെടുത്ത ഓപണർമാരായ ലിട്ടണ്‍ ദാസിനെ സാം കറനും റോണി തലൂക്ദാറിനെ ജോഫ്ര ആർച്ചറും മടക്കി ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയെങ്കിലും നജ്മുല്‍ ഹുസൈൻ പുറത്താവാതെ നേടിയ 46 റൺസ് ഇംഗ്ലീഷ് പ്രതീക്ഷകളെ തല്ലിക്കെടുത്തി. 20 റണ്ണുമായി മെഹ്ദി ഹസന്‍ മിറാസും 17 റണ്‍സുമായി തൗഹീദ് ഹ്രിദോയിയും പിന്തുണ നല്‍കി. തൗഹിദിയെ രെഹാന്‍ അഹമ്മദും മെഹിദിയെ ആർച്ചറും മടക്കിയതിന് പിന്നാലെ റണ്‍ നേടും മുമ്പ് ഷാക്കിബ് അല്‍ ഹസനെ മോയിൻ അലി ജോർദാന്റെ കൈയിലെത്തിച്ചു. രണ്ട് റൺസെടുത്ത അഫീഫ് ഹുസൈന്റെ കുറ്റി ആർച്ചറും തെറിപ്പിച്ചു.
എന്നാൽ, പിന്നീടെത്തിയ ടസ്കിന്‍ അഹമ്മദ് മൂന്ന് പന്തിൽ രണ്ട് ഫോറിന്റെ അകമ്പടിയോടെ എട്ട് റൺസ് നേടി ബംഗ്ലാദേശിനെ ചരിത്ര വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സാം കറൺ, മോയിൻ അലി, രെഹാൻ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.