അന്ന് ധോണി, ഇന്ന് ദിനേശ് ബാന; കിരീടത്തിലേക്കൊരു സിക്സർ - വിഡിയോ
text_fieldsമുൻ ഇന്ത്യൻ താരം എം.എസ് ധോണിയും അണ്ടർ 19 താരം ദിനേശ് ബാനയും തമ്മിൽ അസാധാരണമായ സാമ്യത്തിനാണ് ക്രിക്കറ്റ് ലോകം ശനിയാഴ്ച സാക്ഷിയായത്. 2011 ഏകദിന ലോകകപ്പ് ഫൈനലിൽ സിക്സറടിച്ചാണ് ഇന്ത്യൻ ഇതിഹാസ നായകൻ വിജയ റൺസ് നേടിയത്. മറ്റൊരു വിക്കറ്റ് കീപ്പർ-ബാറ്ററായ ബാന ശനിയാഴ്ച ഇതേ നേട്ടം ആവർത്തിച്ചു.
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ലോങ് ഓണിലേക്ക് തന്നെ സിക്സർ പായിച്ച് ബാനെ വിജയറൺസ് കുറിച്ചു. അഞ്ച് പന്തിൽനിന്ന് രണ്ട് സിക്സറുകളുടെ അകമ്പടിയോടെ 13 റൺസാണ് താരം നേടിയത്. യാഷ് ദുലിന്റെ നേതൃത്വത്തിലുള്ള ടീം ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് അഞ്ചാം അണ്ടർ 19 ലോകകപ്പ് ട്രോഫി സ്വന്തമാക്കുകയും ചെയ്തു.
2011 ലോകകപ്പ് ഫൈനലിൽ, നുവാൻ കുലശേഖരയുടെ പന്ത് ലോങ് ഓണിലേക്ക് സിക്സർ അടിച്ചാണ് എം.എസ്. ധോണി വിജയ റൺസ് കുറിച്ചത്. തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം ഇന്ത്യൻ ടീം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഉയർത്തി. ധോണിയും ദിനേശ് ബാനയും സിക്സറടിച്ച് വിജയറൺസ് കുറിക്കുന്നതിന്റെ വിഡിയോ ഐ.സി.സി തങ്ങളുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.
കോഹ്ലിക്കും ചന്ദിനും ശേഷം അണ്ടർ 19 ലോകകപ്പ് കിരീടം ഉയർത്തുന്ന ഡൽഹിയിൽ നിന്നുള്ള മൂന്നാമത്തെ ക്യാപ്റ്റനാണ് യാഷ് ദുൽ. ഞായറാഴ്ച നടന്ന ഫൈനലിൽ രാജ് ബാവയുടെ ബൗളിങ് മികവിലും ഷെയ്ക് റഷീദിന്റെയും നിശാന്ത് സന്ധുവിന്റെയും അർധസെഞ്ച്വറികളുടെയും പിൻബലത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്.
ഐ.സി.സി ടൂർണമെന്റ് ഫൈനലിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഏക ഇന്ത്യൻ ക്രിക്കറ്ററായി രാജ് ബാവ മാറി. നാല് വിക്കറ്റ് നേടി രവി കുമാറും മികച്ച പ്രകടനം കാഴ്ചവച്ചു. 35 റൺസെടുത്ത ബംഗാൾ തരം ബാറ്റുകൊണ്ട് ഇംഗ്ലീഷ് നിരയെ പരീക്ഷിച്ചു.
കൗമാര പ്രതീക്ഷയായി ഇവർ
ആന്റിഗ്വ: റെക്കോഡിട്ട് അഞ്ചാം തവണയും ഇന്ത്യ അണ്ടർ 19 ലോകകപ്പിൽ മുത്തമിടുമ്പോൾ കുട്ടിപ്പടയിലെ പലരും അതിവേഗം നടന്നുകയറിയത് രാജകീയ പരിവേഷത്തിലേക്ക്. നായകൻ യാഷ് ധൂൾ മുതൽ മികച്ച താരങ്ങളിൽ ചിലരെ പരിചയപ്പെടാം.
യാഷ് ധൂൾ
ഡൽഹിയിലെ ജനക്പുരിക്കാരനായ ക്യാപ്റ്റൻ ധൂൾ ശരിക്കും മികവറിയിച്ചത് ആസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ. 110 പന്തിൽ 110 റൺസ് എടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച താരം ഡൽഹി അണ്ടർ 16 ടീമിലൂടെയാണ് ശ്രദ്ധയാകർഷിക്കുന്നത്.
ശൈഖ് റശീദ്
ആന്ധ്രക്കാരനായ ഉപനായകൻ ശൈഖ് റശീദ് കഴിഞ്ഞ വിനോദ് മങ്കാദ് ട്രോഫിയിലൂടെ ശ്രദ്ധ നേടുന്നത്. ആന്ധ്രക്കായി ആറ് ഇന്നിങ്സിൽ 376 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ചലഞ്ചർ ട്രോഫിയിൽ സെഞ്ച്വറി നേടിയതിനു പുറമെ ഏഷ്യ കപ്പിൽ ബംഗ്ലദേശിനെതിരെയും അണ്ടർ19 ലോകകപ്പ് സെമിയിൽ ഓസീസിനെതിരെയും മികവുകാട്ടി.
ഹർനൂർ സിങ് പന്നു
ഇടംകൈയൻ ബാറ്ററായ ഹർനൂർ സിങ് പന്നു 2021 ഏഷ്യ കപ്പിന്റെ താരമായിരുന്നു. സെഞ്ച്വറി ഉൾപ്പെടെ അഞ്ചു ഇന്നിങ്സുകളിൽ 251 റൺസായിരുന്നു സമ്പാദ്യം. ചലഞ്ചർ ട്രോഫിയിൽ മൂന്നു സെഞ്ച്വറികളുൾപ്പെടെ 397 റൺസും നേടി.
രാജ് ബവ
ലോകകപ്പ് ഫൈനലിന്റെ താരമായ ബവ പന്തുകൊണ്ടെന്ന പോലെ ബാറ്റുകൊണ്ടും മിടുക്കു തെളിയിച്ചവൻ. ഏഷ്യ കപ്പിൽ പാകിസ്താനെതിരെ നാലു വിക്കറ്റുമായി ആഘോഷിക്കപ്പെട്ട ബവ ചലഞ്ചർ ട്രോഫിയിൽ എട്ടു വിക്കറ്റും സ്വന്തമാക്കി.
പിതാവ് സുഖ്വീന്ദർ സിങ് ബവ മുമ്പ് ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പരിശീലകനായിരുന്നു.
ദിനേഷ് ബാന
ഫൈനലിൽ വിജയത്തിലേക്ക് സിക്സർ പൊക്കിയ വിക്കറ്റ് കീപ്പർ ബാന ഹരിയാനക്കാരനാണ്. ചലഞ്ചർ ട്രോഫിയിൽ 255 റൺസായിരുന്നു സമ്പാദ്യം. 170 ആണ് മികച്ച സ്കോർ.
രവി കുമാർ
സി.ആർ.പി.എഫ് ഓഫിസറുടെ മകനായ രവി കുമാർ ബംഗാളിനായി വിനോദ് മങ്കാദ് ട്രോഫിയിൽ മിടുക്കുകാട്ടിയാണ് വരവറിയിക്കുന്നത്. ക്വാർട്ടറിൽ ബംഗ്ലാദേശിനെ പൊളിച്ചടുക്കിയ പ്രകടനവുമായി ശ്രദ്ധ നേടി. ഒടുവിൽ ഫൈനലിലും വിജയത്തിൽ നിർണായക സാന്നിധ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.