പരിക്കേറ്റ രോഹിതിന് പകരവും സഞ്ജുവിന് ഇടമില്ല; പകരമെത്തുന്നത് കുൽദീപ് യാദവ്
text_fieldsഫീൽഡിങ്ങിനിടെ കൈവിരലിന് പരിക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് പകരം സ്പിന്നർ കുൽദീപ് യാദവിനെ ബംഗ്ലാദേശുമായുള്ള മൂന്നാം ഏകദിനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തി. മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണ് അവസരം നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബാറ്ററായ രോഹിതിന് പകരം സ്പിൻ ബൗളർക്കാണ് ടീം അധികൃതർ ഇടം നൽകിയത്. രോഹിതിന് പകരം കെ.എൽ. രാഹുൽ ആണ് ടീമിനെ നയിക്കുക.
രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെയാണ് രോഹിതിന് വിരലിന് പരിക്കേറ്റത്. എന്നാൽ, എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ ക്യാപ്റ്റൻ അർധ സെഞ്ച്വറി നേടി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ബംഗ്ലാദേശ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്താകുന്ന മൂന്നാമത്തെ താരമാണ് രോഹിത് ശർമ. ഫാസ്റ്റ് ബൗളർമാരായ കുൽദീപ് സെൻ, ദീപക് ചഹർ എന്നിവർ പരിക്ക് മൂലം നേരത്തെ പുറത്തായിരുന്നു.
നാളെ രാവിലെ 11.30ന് ചട്ടോഗ്രാമിലെ സഹൂർ ചൗധരി സ്റ്റേഡിയത്തിലാണ് മൂന്നാം ഏകദിനം. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു. അവസാന മത്സരം ജയിച്ച് വൻ നാണക്കേടിൽനിന്ന് രക്ഷ നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീം:
കെ.എൽ രാഹുൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശിഖർ ധവാൻ, വിരാട് കോഹ്‌ലി, രജത് പാട്ടിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, ഷഹബാസ് അഹമ്മദ്, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, കുൽദീപ് യാദവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.