‘അവർ ഈ തരത്തിലാണ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ എന്തോ ഗുരുതര കുഴപ്പമുണ്ട്’; ടൈംഡ് ഔട്ടിൽ പ്രതികരണവുമായി എയ്ഞ്ചലോ മാത്യൂസ്
text_fieldsന്യൂഡൽഹി: ടൈംഡ് ഔട്ടിൽ പുറത്തായതിന് പിന്നാലെ ബംഗ്ലാദേശ് ടീമിനെയും നായകൻ ഷാകിബ് അൽ ഹസനെയും രൂക്ഷമായി വിമർശിച്ച് ശ്രീലങ്കൻ ഓൾറൗണ്ടർ എയ്ഞ്ചലോ മാത്യൂസ്. ‘ഷാകിബ് അൽ ഹസനിൽനിന്നും ബംഗ്ലാദേശ് താരങ്ങളിൽനിന്നുമുണ്ടായത് മോശം അനുഭവമാണ്. അവർ ഈ തരത്തിലാണ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, ഗുരുതരമായ എന്തോ കുഴപ്പമുണ്ട്. നാണക്കേടാണിത്. ഇന്നുവരെ എനിക്ക് ഷാകിബിനോട് വലിയ ബഹുമാനം തോന്നിയിരുന്നു, പക്ഷേ അവൻ തന്നെ എല്ലാം ഇല്ലാതാക്കി’ -മാത്യൂസ് പറഞ്ഞു.
ശ്രീലങ്കന്‍ ഇന്നിങ്സിന്റെ 25ാം ഓവറിലാണ് എയ്ഞ്ചലോ മാത്യൂസിൻ്റെ വിവാദ പുറത്താകൽ. ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതോടെയാണ് മാത്യൂസ് ക്രീസിലെത്തിയത്. ഹെല്‍മറ്റിലെ സ്ട്രാപ്പിന്‍റെ പ്രശ്നത്തെ തുടര്‍ന്ന് ബാളൊന്നും നേരിടാതെ താരം മറ്റൊരു ഹെൽമറ്റ് കൊണ്ടുവരാന്‍ ഡഗൗട്ടിലേക്ക് നിര്‍ദേശം നല്‍കി. എന്നാൽ, ഇതെത്തിയപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. ഇതോടെയാണ് മാത്യൂസിന്‍റെ വിക്കറ്റിനായി ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്തത്. ബംഗ്ലാദേശ് നായകനോട് അപ്പീല്‍ പിന്‍വലിപ്പിക്കാന്‍ മാത്യൂസ് ശ്രമിച്ചിരുന്നു. എന്നാല്‍, ഷാകിബ് നിലപാട് മാറ്റാന്‍ തയാറാകാതിരുന്നതോടെ മാത്യൂസിന് മടങ്ങേണ്ടി വന്നു. മറുപടി ബാറ്റിങ്ങിൽ 82 റൺസുമായി സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഷാകിബിനെ മാത്യൂസ് തന്നെ പുറത്താക്കിയിരുന്നു.
അതേസമയം, തീരുമാനത്തിൽ ഖേദമില്ലെന്നാണ് ഷാക്കിബ് അൽ ഹസൻ പിന്നീട് പ്രതികരിച്ചത്. താൻ ക്രിക്കറ്റിന്റെ നിയമങ്ങൾക്കനുസൃതമായാണ് കളിക്കുന്നതെന്നും ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിയമങ്ങൾ മാറ്റാൻ ഐ.സി.സിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ചെയ്തത് ശരിയോ തെറ്റോ എന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തന്നെ അത് ബാധിക്കുന്നില്ല. ടീമിനെ വിജയത്തിലേക്ക് നയിക്കാൻ നിയമത്തിലുള്ള കാര്യം മാത്രമാണ് ചെയ്തതെന്നും ഷാക്കിബ് വിശദീകരിച്ചു.
മത്സരത്തില്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റിനാണ് ജയിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ചരിത് അസലങ്കയുടെ സെഞ്ച്വറിയാണ് ശ്രീലങ്കയെ മോശമല്ലാത്ത സ്കോറിലേക്ക് നയിച്ചത്. എന്നാല്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെയും ഷാകിബ് അല്‍ ഹസന്റെയും അര്‍ധ സെഞ്ച്വറികള്‍ ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഷാന്റോ 90 റണ്‍സാണ് നേടിയത്.
അപ്പീൽ പിൻവലിക്കാൻ അമ്പയർമാർ ആവശ്യപ്പെട്ടിരുന്നതായി ഇയാൻ ബിഷപ്
ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ മത്സരത്തിൽ എയ്ഞ്ചലോ മാത്യൂസിനെതിരെ ബംഗ്ലാദേശ് നായകൻ ശാകിബ് അൽ ഹസൻ നൽകിയ ടൈംഡ് ഔട്ട് അപ്പീൽ പിൻവലിക്കാൻ അമ്പയർമാർ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ. മുന്‍ വെസ്റ്റിന്‍ഡീസ് താരവും മത്സരത്തിലെ കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പാണ് ഈ വിവരം പുറത്തുവിട്ടത്.
‘ശാകിബിനോട് അപ്പീല്‍ പിന്‍വലിക്കാനായി അമ്പയര്‍മാര്‍ രണ്ട് തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് തവണയും ശാകിബ് ഇത് നിരസിച്ചു’ -ബിഷപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.