'ടീമിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും' -ദ്രാവിഡിന് ശാസ്ത്രിയുടെ ഉപദേശം
text_fieldsകഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ മോശം സമയമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്. ട്വന്‍റി20 ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് - ഏകദിന പരമ്പരയിലും തോൽവിയായിരുന്നു ഫലം.
ട്വന്‍റി20 ലോകകപ്പും ഏകദിന ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇന്ത്യക്ക് ഈ പ്രതിസന്ധിയില്‍നിന്ന് കരകയറേണ്ടത് അത്യാവശ്യമാണ്. ഈ അവസരത്തിൽ പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിന് ഉപദേശവുമായി വന്നിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി.
കോലി ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത് കൊണ്ടും മറ്റ് പ്രധാന കളിക്കാർ പരിക്കുകൾ കാരണം വിശ്രമത്തിലായത് കൊണ്ടും ടീമിനെ തിരിച്ചുകൊണ്ടുവരാൻ രാഹുൽ ദ്രാവിഡ് പരിശീലനത്തിൽ നല്ല മികവ് പുലർത്തേണ്ടി വരുമെന്ന് രവി ശാസ്ത്രി പറഞ്ഞു. അടുത്ത നാല്-അഞ്ച് വർഷം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നിർണായകമാണ്. ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരായ കളിക്കാരെ തിരിച്ചറിയാൻ ദ്രാവിഡും മാനേജ്‌മെന്‍റും തയാറാകേണ്ടതുണ്ട്. എല്ലാ മത്സരത്തിലും ഒരേ സ്ക്വാഡിനെ തന്നെ നിലനിർത്തുന്നതിന് പകരം യുവാക്കളെയും പരിചയ സമ്പത്തുള്ളവരെയും ഇടകലർത്തി കളിപ്പിക്കുന്നത് മത്സരത്തിൽ ഗുണം ചെയ്തേക്കുമെന്നും ശാസ്ത്രി വ്യക്തമാക്കി.
അടുത്ത 8-10 മാസങ്ങൾ മാറ്റങ്ങൾക്കുള്ളതാണ്. നല്ലൊരു ഭാവി ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ മാറ്റം അനിവാര്യമാണ്. ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. അടുത്ത ആറു മാസം യുവാക്കളെ വെച്ചു കളിപ്പിക്കുക. ഒരേ നിലയിൽ തന്നെ തുടരുകയാണേൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ശാസ്ത്രി പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന - ട്വന്‍റി20 പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ഫെബ്രുവരി ആറിന് അഹമ്മദാബാദിലാണ് ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.