മഴയിൽ മുങ്ങി മൂന്നാം ഏകദിനം; ന്യൂസിലാൻഡിന് പരമ്പര
text_fieldsക്രൈസ്റ്റ്ചർച്ച്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനം മഴ കാരണം ഉപേക്ഷിച്ചതോടെ ന്യൂസിലാൻഡിന് പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് വിജയിക്കുകയും രണ്ടാമത്തേത് മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ന് ഇന്ത്യയുടെ ബാറ്റിങ് പൂർത്തിയായെങ്കിലും ന്യൂസിലാൻഡിന്റെ മറുപടി ബാറ്റിങ് 18 ഓവറിൽ 104 റൺസിലെത്തി നിൽക്കെ മഴയെത്തുകയായിരുന്നു. 57 റൺസെടുത്ത ഫിൻ അലന്റെ വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായിരുന്നത്. 38 റൺസുമായി ഡെവോൺ കോൺവെയും റൺസൊന്നുമെടുക്കാതെ നായകൻ കെയിൻ വില്യംസണുമായിരുന്നു ക്രീസിൽ. 32 ഓവറിൽ 116 റൺസ് കൂടിയാണ് ജയിക്കാൻ വേണ്ടിയിരുന്നത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 219ന് പുറത്തായിരുന്നു. 64 പന്തിൽ 51 റൺസെടുത്ത വാഷിങ്ടൺ സുന്ദറും 59 പന്തിൽ 49 റൺസെടുത്ത ശ്രേയസ് അയ്യരും മാത്രമാണ് ഇന്ത്യൻനിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മലയാളി താരം സഞ്ജു സാംസണെ പുറത്തിരുത്തി ഒരിക്കൽ കൂടി ഋഷബ് പന്തിന് അവസരം നൽകിയ ടീം അധികൃതർക്ക് ഒരിക്കൽ കൂടി പിഴച്ചു. 16 പന്തിൽ 10 റൺസ് മാത്രമാണ് താരം നേടിയത്. ശിഖർ ധവാൻ (28) ശുഭ്മാൻ ഗിൽ(13), സൂര്യകുമാർ യാദവ്(6), ദീപക് ഹൂഡ(12), ദീപക് ചാഹർ (12), യുസ് വേന്ദ്ര ചാഹൽ (എട്ട്), അർഷ്ദീപ് സിങ് (ഒമ്പത്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ഉമ്രാൻ മാലിക് റൺസൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു.
ന്യൂസിലാൻഡിനായി ആദം മിൽനെ, ഡാറിൽ മിച്ചൽ എന്നിവർ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ ടിം സൗത്തി രണ്ടും ലോക്കി ഫെർഗൂസൻ, മിച്ചൽ സാൻഡ്നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.