ഡി.ആർ.എസ് വിവാദത്തിൽ മൗനം വെടിഞ്ഞ് ബി.സി.സി.ഐ
text_fieldsന്യൂഡൽഹി: ഡി.ആർ.എസ് വിവാദത്തിൽ മൗനം വെടിഞ്ഞ് ബി.സി.സി.ഐ. യശ്വസി ജയ്സ്വാളിന്റെ പുറത്താകലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലാണ് ബി.സി.സി.ഐ പ്രതികരിച്ചിരിക്കുന്നത്. ബി.സി.ഐ അംഗം രാജീവ് ശുക്ലയാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
യശ്വസി ജയ്സ്വാൾ പുറത്തായില്ലെന്ന് വ്യക്തമായിരുന്നു. സാങ്കേതികവിദ്യ എന്താണ് നിർദേശിക്കുന്നതെന്ന് തേർഡ് അമ്പയർ ശ്രദ്ധിക്കേണ്ടതായിരുന്നു. ഫീൽഡ് അമ്പയർക്ക് മുകളിൽ തേർഡ് അമ്പയർ തീരുമാനം എടുക്കുമ്പോൾ അതിന് ശക്തമായ കാരണമുണ്ടായിരിക്കണമെന്നും രാജീവ് ശുക്ല പറഞ്ഞു.
മെൽബൺ ടെസ്റ്റിനിടെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ 71-ാം ഓവറിലാണ് ജയ്സ്വാൾ പുറത്തായത്. ഓവറിലെ അഞ്ചാം പന്ത് പുൾ ചെയ്ത് ബൗണ്ടറിയിലെത്തിക്കാനുള്ള ജയ്‌സ്വാളിന്റെ ശ്രമമാണ് വിക്കറ്റിൽ കലാശിച്ചത്. കുത്തിയുയർന്ന പന്തിൽ ജയ്‌സ്വാളിനു ബാറ്റു തൊടാനായില്ലെങ്കിലും, വിക്കറ്റ് കീപ്പർ അലക്സ് ക്യാരി പന്ത് കൈപ്പിടിയിൽ ഒതുക്കി. ടച്ച് ഉണ്ടെന്ന് ഉറപ്പിച്ച് ഓസീസ് താരങ്ങൾ കൂട്ടത്തോടെ വിക്കറ്റിനായി അപ്പീൽ ചെയ്തു. ഫീൽഡ് അംപയറായ ജോയൽ വിൽസൻ വിക്കറ്റ് നിഷേധിച്ചതോടെ ക്യാപ്റ്റൻ പാറ്റ് കമിൻസ് ഡി.ആർ.എസ് ആവശ്യപ്പെട്ടു.
റീപ്ലേ പരിശോധിച്ചപ്പോൾ വീണ്ടും ആശയക്കുഴപ്പമായി. പന്ത് ഗ്ലൗസിൽ തട്ടുന്നതായി സംശയം ഉയർന്നെങ്കിലും, സ്നിക്കോ മീറ്ററിൽ അതിന്റെ തെളിവു ലഭിച്ചില്ല. ഒറ്റക്കാഴ്ചയിൽ പന്തിന്റെ ഗതി ജയ്‌സ്വാളിന്റെ ബാറ്റിന്റെ തൊട്ടടുത്തുവച്ച് വ്യതിചലിക്കുന്നുണ്ട്. എന്നാൽ സ്നിക്കോമീറ്ററിൽ യാതൊന്നും കാണിക്കാതിരുന്നതോടെ റീപ്ലേ പലതവണ പരിശോധിച്ച തേഡ് അമ്പയർ ഒടുവിൽ ഔട്ട് അനുവദിക്കുകയായിരുന്നു. അമ്പയറിന്റെ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കിയാണ് ജയ്‌സ്വാൾ പലവിയനിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.