‘ഈ പുരസ്കാരം ഒരു സ്വപ്നമായിരുന്നു, അത് യാഥാർഥ്യമായിരിക്കുന്നു’; അർജുന അവാർഡ് സ്വീകരിച്ച് മുഹമ്മദ് ഷമി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ മുഹമ്മദ് ഷമി അർജുന അവാർഡ് ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരം സമ്മാനിച്ചത്. ഏകദിന ലോകകപ്പിൽ ഉൾപ്പെടെ കഴിഞ്ഞ വർഷം നടത്തിയ തകർപ്പൻ പ്രകടനമാണ് രാജ്യത്തെ മികച്ച കായിക താരങ്ങൾക്കുള്ള പുരസ്കാര പട്ടികയിൽ ഷമിയെയും ഉൾപ്പെടുത്തിയത്.
‘ഈ പുരസ്കാരം ഒരു സ്വപ്നമാണ്. ഈ അവാർഡിന് എന്നെ നാമനിർദേശം ചെയ്‌തതിൽ ഞാൻ സന്തോഷവാനാണ്. ഈ നിമിഷത്തെ കുറിച്ച് വിശദീകരിക്കൽ വളരെ പ്രയാസകരമാണ്. സ്വപ്നങ്ങൾ യാഥാർഥ്യമായിരിക്കുന്നു എന്നാണ് ഇപ്പോൾ എനിക്ക് പറയാൻ കഴിയുക’ -ഷമി വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
രാജ്യത്തെ കായിക താരങ്ങൾക്ക് നൽകുന്ന മികച്ച രണ്ടാമത്തെ പുരസ്കാരമാണ് അർജുന. കഴിഞ്ഞ ഏകദിന ലോകകപ്പിൽ 24 വിക്കറ്റുമായി ടൂർണമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ ഷമി നിരവധി റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം 19 ഏകദിനങ്ങളിൽനിന്ന് 43ഉം നാല് ടെസ്റ്റുകളിൽനിന്ന് 13ഉം വിക്കറ്റാണ് ഇന്ത്യക്കായി താരം വീഴ്ത്തിയത്. പരിക്കിനെ തുടർന്ന് ലോകകപ്പിന് ശേഷമുള്ള ദക്ഷിണാഫ്രിക്കൻ പര്യടനം നഷ്ടമായ ഷമി ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.