'ഏഷ്യാ കപ്പിൽ പാകിസ്താന് പ്രധാന വെല്ലുവിളി ഈ ഇന്ത്യൻ താരം', വസീം അക്രമിന്റെ അഭിപ്രായം ഇതാണ്
text_fieldsവരുന്ന ഏഷ്യ കപ്പിൽ ബദ്ധവൈരികളായ പാകിസ്താന് പ്രധാന വെല്ലുവിളിയാകുന്ന ഇന്ത്യൻ താരം ആരായിരിക്കും? വിരാട് കോഹ്‍ലി, രോഹിത് ശർമ, കെ.എൽ രാഹുൽ...ഇതിൽ ആരെയെങ്കിലുമാകും മിക്കവരും പറയുക. എന്നാൽ, മുൻ പാകിസ്താൻ നായകനും ഇതിഹാസ പേസ് ബൗളറുമായ വസീം അക്രം പറയുന്നത് മറ്റൊരു ഇന്ത്യൻ താരത്തെയാണ്. ബാറ്റർ സൂര്യകുമാർ യാദവാണ് ആ താരം. 23 ട്വന്റി 20 മത്സരങ്ങളിൽനിന്ന് 37.33 ശരാശരിയിൽ അഞ്ച് അർധസെഞ്ച്വറികളും അടുത്തിടെ നേടിയ ഒരു സെഞ്ച്വറിയും സഹിതം 672 റൺസാണ് സൂര്യകുമാർ രാജ്യത്തിനായി അടിച്ചുകൂട്ടിയതെന്നറിയുമ്പോൾ അക്രമിന്റെ അഭിപ്രായത്തിൽ കാര്യമുണ്ടെന്ന് ബോധ്യമാകും. ആഗസ്റ്റ് 28ന് പാകിസ്താനെതിരായ പോരാട്ടത്തോടെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്.
"തീർച്ചയായും, രോഹിത് ശർമയും കെ.എൽ രാഹുലും വിരാട് കോഹ്‌ലിയും ഉണ്ട്. എന്നാൽ, ഈ ദിവസങ്ങളിൽ എന്റെ പ്രിയപ്പെട്ട കളിക്കാരിൽ ഒരാൾ സൂര്യകുമാർ യാദവാണ്. ഈ ഹ്രസ്വ ഫോർമാറ്റിൽ അവന് അസാമാന്യ കഴിവുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ചേർന്ന ആദ്യ വർഷം ഞാൻ അവനൊപ്പം ഉണ്ടായിരുന്നു. സ്പിന്നിനും ഫാസ്റ്റ് ബൗളിങ്ങിനുമെതിരെ അവൻ വളരെ അപകടകാരിയായ കളിക്കാരനാണ്. ഒരിക്കൽ അവൻ സെറ്റ് ചെയ്‌താൽ, 360 ഡിഗ്രി കളിക്കാരനാണ്. എന്റെ അഭിപ്രായത്തിൽ, അവൻ ഒരാളായിരിക്കും പാകിസ്താനുൾപ്പെടെ എല്ലാ ടീമുകൾക്കും അപകടകാരിയായ കളിക്കാരൻ'' അക്രം പറഞ്ഞു.
യു.എ.ഇയിൽ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ഏഷ്യാ കപ്പ് അരങ്ങേറുക. ടൂർണമെന്റിന്റെ അവസാന പതിപ്പ് ഏകദിന ഫോർമാറ്റിലാണ് നടന്നതെങ്കിൽ, ഇത്തവണ ട്വന്റി 20 ഫോർമാറ്റ് അവതരിപ്പിക്കും. ആറ് ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സൂപ്പർ 4 റൗണ്ടിലേക്ക് മുന്നേറുന്നതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമും മറ്റൊന്നുമായി കളിക്കും. സൂപ്പർ 4-ലെ മികച്ച 2 ടീമുകൾ ഫൈനലിലേക്ക് യോഗ്യത നേടും.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.