‘ഇത് ക്രിക്കറ്റാണ് യുദ്ധമല്ല, ഞാനെന്തിനാണ് ഇന്ത്യക്കാരുമായി പോരടിക്കുന്നത്’; മാധ്യമപ്രവർത്തകന് പാകിസ്താൻ താരത്തിന്റെ വായടപ്പൻ മറുപടി
text_fieldsലാഹോര്‍: ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഒക്ടോബർ 14ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടം ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ലോകകപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് വാര്‍ത്ത സമ്മേളനത്തിൽ പാക് പേസര്‍ ഹാരിസ് റൗഫ് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. ഇന്ത്യയുമായുള്ള മത്സരങ്ങളില്‍ പഴയ അക്രമണോത്സുകത പാക് ടീമിനില്ലാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല, ക്രിക്കറ്റ് കളിക്കാനാണ് പോകുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി. ‘ഞാനെന്തിനാണ് ഇന്ത്യക്കാരുമായി പോരടിക്കുന്നത്. ഇത് ക്രിക്കറ്റാണ്, യുദ്ധമല്ല’ റൗഫ് പറഞ്ഞു. ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. എനിക്ക് പ്രത്യേകമായി ലക്ഷ്യമൊന്നുമില്ലെന്നും ലോകകപ്പില്‍ വ്യക്തിഗത പ്രകനത്തേക്കാൾ ടീമിന്‍റെ മികച്ച പ്രകടനമാണ് ലക്ഷ്യമെന്നും 29കാരൻ പറഞ്ഞു. ഏഷ്യാ കപ്പിനിടെ ഇന്ത്യക്കെതിരായ മത്സരത്തിലേറ്റ പരിക്കില്‍നിന്ന് പൂര്‍ണ മുക്തനായെന്നും റൗഫ് കൂട്ടിച്ചേർത്തു.
ഏഷ്യാ കപ്പില്‍ ടൂര്‍ണമെന്‍റിന്‍റെ താരമാകുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച റൗഫിന് ഇന്ത്യയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങേണ്ടിവന്നിരുന്നു. ഇന്ന് ഇന്ത്യയിലെത്തുന്ന പാകിസ്താന്‍ ടീം വെള്ളിയാഴ്ച ന്യൂസിലന്‍ഡിനെതിരെ സന്നാഹമത്സരം കളിക്കുന്നുണ്ട്. ഹൈദരാബാദിലാണ് മത്സരം. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ മത്സരം കാണാന്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബർ ആറിന് ഹൈദരാബാദിൽ നെതർലാൻഡുമായാണ് പാകിസ്താന്റെ ആദ്യ മത്സരം.
പാകിസ്താൻ താരങ്ങൾക്ക് ഇന്ത്യ കഴിഞ്ഞ ദിവസം വിസ അനുവദിച്ചിരുന്നു. ഇന്നലെ രാത്രിയാണ് വിസ അനുവദിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അറിയിച്ചത്. വിസ നടപടികൾ നീളുന്നതിനെതിരെ കഴിഞ്ഞ ദിവസം ഐ.സി.സിക്ക് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.