'36 വർഷങ്ങൾക്ക് ശേഷം ആദ്യം'; ഇന്ത്യക്കിത് ചരിത്ര തോൽവി
text_fieldsബംഗളൂരു: ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നു. എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലാൻഡിന്‍റെ വിജയം. അവസാന ദിനം വേണ്ടിയിരുന്ന 107 റൺസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവികൾ അനായാസം മറികടക്കുകയായിരുന്നു. 48 റൺസുമായി വിൽ യങ്ങും 39 റൺസുമായി രച്ചിൻ രവീന്ദ്രയും പുറത്താകാതെ നിന്നു. ഡെവൺ കോൺവെ (17) ക്യാപ്റ്റൻ ടോം ലതാം (0) എന്നിവരാണ് പുറത്തായ ബാറ്റർമാർ. ജസ്പ്രീത് ബുംറയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
വിജയത്തോടെ 36 വർഷമായി നിലനിന്നിരുന്ന റെക്കോർഡും ന്യൂസിലാൻഡിന് തകർക്കാൻ സാധിച്ചു. 36 വർഷത്തിന് ശേഷമാണ് ഇന്ത്യൻ മണ്ണിൽ ന്യൂസിലാൻഡ് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. 1988ൽ ജോൺ റൈറ്റിന് കീഴിൽ വാങ്കെടെയിൽ വെച്ചാണ് ന്യൂസിലാൻഡ് അവസാനമായി ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. 136 റൺസിനായിരുന്നു അന്ന് കിവികൾ വിജയിച്ചത്.
അവസാന ദിനം തുടക്കത്തിലെ ആക്രമകരമായ ബൗളിങ്ങിന് ശേഷം ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ബുംറക്ക് മുന്നിൽ കോൺവെ പതറിയെങ്കിൽ വന്നയുടനെ ബുംറയെ ആക്രമിച്ച് രണ്ട് ബൗണ്ടറി നേടിയ രചിൻ ഇന്ത്യക്ക് മേൽ കൃത്യമായ മേൽകൈ കൊണ്ടുവന്നിരുന്നു. സ്പിന്നർമാരെ യങ്ങും കടന്നാക്രമിച്ചതോടെ ബാക്കിയൊക്കെ ചടങ്ങായി. നേരത്തെ ആദ്യ ദിനം മഴ കൊണ്ടുപോയ മത്സരത്തിൽ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബാറ്റിങ്ങിന് മുകളിൽ കൊടുകാറ്റായി പാറിയ ന്യൂസിലാൻഡ് ബൗളർമാർ 46 റൺസിന് ഓൾഔട്ടാക്കി. മാറ്റ് ഹെന്രി അഞ്ച് വിക്കറ്റും വിൽ റൂർക് നാല് വിക്കറ്റും ന്യൂസിലാൻഡിനായി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 402 റൺസ് നേടി മികച്ച ഒന്നാം ഇന്നിങ്സ് ലീഡെടുക്കുകയായിരുന്നു. 134 റൺസ് നേടിയ രച്ചിൻ രവീന്ദ്രയായിരുന്നു ടോപ് സ്കോറർ. ഡെവൺ കോൺവെ 91 റൺസും, ടിം സൗത്തി 65 റൺസും നേടി. ഇന്ത്യക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഇന്ത്യൻ ബാറ്റർമാരെല്ലാം തന്നെ ആക്രമണ രീതിയിൽ ബാറ്റ് വീശിയപ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ലീഡെടുക്കുകയായിരുന്നു. 150 റൺസുമായി സർഫറാസ് ഖാൻ ഇന്ത്യയുടെ ടോപ് സ്കോററയപ്പോൾ 99 റൺസുമായി ഋഷഭ് പന്ത് മികച്ച പിന്തുണ നൽകി. വിരാട് കോഹ്ലി (70) രോഹിത് ശർമ (52) എന്നിവരും മികവ് കാട്ടി. മൂന്ന് വീതം വിക്കറ്റ് വീതം നേടികൊണ്ട് മാറ്റ് ഹെന്രി, വിൽ റൂർക് എന്നിവരാണ് വീണ്ടും ഇന്ത്യൻ ബാറ്റിങ്ങിന് തടയിട്ടത്. രചിൻ രവീന്ദ്രയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ 24ന് പുനെയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.