ഇത് ‘സെൽഫിഷ് പാണ്ഡ്യ’; തിലകിന് അർധ സെഞ്ച്വറി നിഷേധിച്ചതിൽ വ്യാപക വിമർശനം
text_fieldsവെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തിലക് വർമക്ക് അർധസെഞ്ചറി തികക്കാനുള്ള അവസരം നിഷേധിച്ച ഹാർദിക് പാണ്ഡ്യയുടെ നടപടിക്കെതിരെ വ്യാപക വിമർശനം. ജയിക്കാൻ 14 പന്തിൽ രണ്ട് റൺസ് വേണ്ടിയിരിക്കെ തികലക് വർമക്ക് അർധ ശതകത്തിന് ഒറ്റ റൺസ് കൂടി മതിയായിരുന്നു. 37 പന്തിൽ 49 റൺസുമായി താരം ക്രീസിലുണ്ടായിരിക്കെ സ്ട്രൈക്ക് ചെയ്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ റോവ്മാൻ പവൽ എറിഞ്ഞ പതിനെട്ടാം ഓവറിലെ അഞ്ചാം പന്ത് സിക്സറടിക്കുകയായിരുന്നു. ഇതോടെ തിലകിന് അർധ ശതകത്തിനുള്ള അവസരം നഷ്ടമായി. പാണ്ഡ്യയുടെ നടപടിക്കെതിരെ മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരുമെല്ലാം രംഗത്തെത്തിയിരിക്കുകയാണ്. ‘സെൽഫിഷ് പാണ്ഡ്യ’ എന്നാണ് സമൂഹ മാധ്യമങ്ങൾ ഇന്ത്യൻ ക്യാപ്റ്റനെ വിശേഷിപ്പിക്കുന്നത്.
ആദ്യ മത്സരങ്ങളിൽ മോശം തീരുമാനങ്ങളുടെ പേരിൽ പാണ്ഡ്യക്ക് ഏറെ പഴി കേട്ടിരുന്നു. മൂന്നാം മത്സരത്തിൽ 15 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്ന് മികച്ച ബാറ്റിങ് പ്രകടനം നടത്തി ടീമിനെ വിജയത്തിലെത്തിച്ചെങ്കിലും സിക്സറടിച്ചതിന്റെ പേരിൽ ഇപ്പോൾ രൂക്ഷ വിമർശനമാണ് താരം നേരിടുന്നത്. ബാളുകൾ ആവശ്യത്തിന് ബാക്കിയുണ്ടായിട്ടും തിലകിന് അർധ സെഞ്ചറി തികക്കാൻ സ്ട്രൈക്ക് നൽകിയില്ലെന്നാണ് ആരാധകരുടെ പരാതി. ഹാർദിക് പാണ്ഡ്യയുടെ ഏറ്റവും വെറുക്കപ്പെട്ട സിക്സ്, ഇതുപോലൊരു സ്വാർഥനായ താരത്തെ ഇതുവരെ കണ്ടിട്ടില്ല എന്നിങ്ങനെയൊക്കെയാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ വിമർശനം. ഹാർദിക്കിന് ഫിനിഷറെന്ന് പേരെടുക്കാനാണ് ഒരു സഹതാരത്തിന് അർധ സെഞ്ച്വറി നിഷേധിച്ചതെന്നും ആക്ഷേപമുണ്ട്.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അർധസെഞ്ച്വറി നേടിനിൽക്കുന്ന വിരാട് കോഹ്‌ലിക്ക് വിജയറൺ നേടാനായി നായകൻ മഹേന്ദ്രസിങ് ധോണി വഴിയൊരുക്കുന്ന വിഡിയോ പങ്കുവെച്ചും പലരും ഹാർദികിനെ വിമർശിച്ചു. താൻ ധോണിയെയാണ് മാതൃകയായി കാണുന്നതെന്ന് ഒരിക്കൽ ഹാർദിക് പറഞ്ഞിരുന്നു.
വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ അരങ്ങേറിയ തിലക് വർമ മൂന്ന് മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തിൽ 22 പന്തിൽ 39 റൺസടിച്ച താരം രണ്ടാമത്തേതിൽ 41 പന്തിൽ 51ഉം മൂന്നാം മത്സരത്തിൽ 37 പന്തിൽ പുറത്താകാതെ 49ഉം റൺസെടുത്തു.
മൂന്നാം മത്സരത്തിൽ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ, 17.5 ഓവറിൽ മൂന്നു വിക്കറ്റിന് ഇന്ത്യ വിജയ ലക്ഷ്യത്തിലെത്തി. 44 പന്തിൽ 83 റൺസെടുത്ത സൂര്യകുമാർ യാദവിന്റെയും തിലക് വർമയുടെയും പ്രകടനങ്ങളാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. 15 പന്ത് നേരിട്ട ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 20 റൺസെടുത്ത് പുറത്താകാതെനിന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് പിന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.