ഇത് ശുഐബ് മാലികിന്റെ മൂന്നാം വിവാഹം; ആദ്യ രണ്ടു ഭാര്യമാരും ഇന്ത്യക്കാരികൾ
text_fieldsഇസ്‌ലാമാബാദ് - പാക് മുൻ ക്രിക്കറ്റ് താരം ശുഹൈബ് മാലികും പാക് നടി സന ജാവേദും വിവാഹിതരായിരിക്കുകയാണ്. ഇന്ത്യക്കാരിയും ടെന്നീസ് താരവുമായ സാനിയ മിർസയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിലൂടെ ശുഐബ് മാലിക് തന്നെയായിരുന്നു വിവാഹ വിവരം പുറത്തുവിട്ടത്.
ശുഹൈബ് മാലികിന്റെ മൂന്നാം വിവാഹമാണ് സനയുമായുള്ളത്. സനയുടെ രണ്ടാം വിവാഹമാണിത്. ശുഹൈബിനെ സാനിയ ഒഴിവാക്കിയതാണെന്ന് (ഖുൽഅ്) അവരുടെ പിതാവ് പ്രതികരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. മുൻ പാക് നായകന്റെ വിവാഹത്തിന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പിന്തുണയില്ലെന്നും താരത്തിന്റെ കുടുംബം വിവാഹത്തിൽ പങ്കെടുത്തിട്ടില്ലെന്നും പാകിസ്താൻ ഡെയിലി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2010ലായിരുന്നു ശുഐബ് മാലിക് സാനിയയെ വിവാഹം കഴിച്ചത്. അതേവർഷം മുൻ ഭാര്യയും ഇന്ത്യക്കാരിയുമായ അയേഷ സിദ്ദീഖിയുമായി മാലിക് വിവാഹ മോചിതനായിരുന്നു. ഈ സംഭവം അന്ന് വലിയ ചർച്ചാവിഷയമായി മാറുകയുണ്ടായി. സാനിയയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പായിരുന്നു അയേഷ സിദ്ദീഖി താൻ ശുഹൈബ് മാലികിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. ഹൈദരാബാദിൽ അധ്യാപികയായിരുന്ന അവർ. ആദ്യ ഭാര്യയായ തന്നിൽ നിന്ന് വിവാഹമോചനം നേടാതെയാണ് ഷുഹൈബ് സാനിയയെ വിവാഹം കഴിക്കാൻ പോകുന്നത് എന്നായിരുന്നു ആരോപണം.
തന്നെ വഞ്ചിച്ചതിന് ഷുഹൈനെതിരെ അയേഷ പൊലീസിൽ പരാതി നൽകിയിരുന്നു. 2002ൽ തങ്ങൾ വിവാഹിതരായതാണെന്ന് വെളിപ്പെടുത്തിയ അവർ, തെളിവായി വിവാഹത്തിന്റെ വിഡിയോ ക്ലിപ്പുകൾ പങ്കുവെക്കുകയുണ്ടായി. ഷുഹൈബ് മാലികിൽ നിന്ന് തനിക്ക് വേണ്ടത് വിവാഹമോചനമാണെന്ന് അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിൽ നിന്ന് അയേഷ സിദ്ദീഖിക്ക് 15 കോടി രൂപ ജീവനാംശമായി ലഭിച്ചതായി പിന്നീട് റിപ്പോർട്ടുകൾ വന്നു.
ആദ്യം ആരോപണങ്ങളെല്ലാം നിഷേധിച്ച, ഷുഹൈബ് മാലിക് സാനിയയെ വിവാഹം കഴിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് 2010 ഏപ്രിലിൽ ആദ്യ ഭാര്യ അയേഷ സിദ്ദിഖിയെ വിവാഹമോചനം ചെയ്തു.
2022ലായിരുന്നു സാനിയയും ശുഹൈബും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. ഇക്കാര്യം ഇരുവരും അന്ന് നിഷേധിച്ചിരുന്നു. എന്നാൽ, ഈ വർഷം സമൂഹ മാധ്യമങ്ങളിൽ സാനിയ പങ്കുവെച്ച ചില പോസ്റ്റുകളും ശുഹൈബ് മാലികിനെയും സനയെയും ചേർത്തുള്ള ഗോസിപ്പ് വാർത്തകളും ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഉറപ്പിക്കുന്നതായിരുന്നു.
ശുഹൈബിന്റെ പുതിയ വധു സന 2012 മുതൽ പാക് ടി.വി സീരിയലുകളിൽ സജീവ സാന്നിധ്യമായിരുന്നു. ജിദ്ദയിലാണ് താരം ജനിച്ചത്. നിരവധി പാക് സിനിമകളിലും അവർ വേഷമിട്ടിട്ടുണ്ട്. പാക് ഗായകനായ ഉമൈർ ജയ്‌സ്വാൾ ആയിരുന്നു സനയുടെ ആദ്യ ഭർത്താവ്. 2020-ലെ വിവാഹബന്ധം രണ്ടുമാസം മുമ്പ് ഇരുവരും ഔദ്യോഗികമായി വേർപ്പെടുത്തി. തുടർന്ന് സന ശുഹൈബിനെ വിവാഹം കഴിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.