‘സഞ്ജു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിൽ; പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണം’
text_fieldsന്യൂയോർക്ക്: മലയാളി താരം സഞ്ജു സാംസൺ ക്രിക്കറെന്ന നിലയിൽ വലിയ പക്വത കാണിക്കുന്നുണ്ടെന്നും മികച്ച ഫോമിലുള്ള താരത്തിന് ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ അവസരം നൽകണമെന്നും കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ സഞ്ജയ് മഞ്ജ്‌രേക്കർ. ഐ.പി.എല്ലിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും ലോകകപ്പിൽ അയലൻഡിനെതിരായ മത്സരത്തിൽ സഞ്ജുവിനെ അവസാന ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ശിവം ദുബെയെ ബൗളിങ്ങിന് ഉപയോഗിക്കുന്നില്ലെങ്കിൽ, ആ സ്ഥാനത്ത് ഇറങ്ങാൻ സഞ്ജുവിന് അവസരം നൽകണമെന്നും ചാനൽ ചർച്ചയിൽ മഞ്ജ്‌രേക്കർ പറഞ്ഞു.
“ശിവം ദുബെയേക്കൊണ്ട് ബൗൾ ചെയ്യിപ്പിക്കുന്നില്ലെങ്കിൽ, അയാളെക്കാൾ മികച്ച സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണം. ക്രിക്കറ്ററെന്ന നിലയിൽ സഞ്ജു പക്വതയാർജിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യൻ ടീമിന് അന്താരാഷ്ട്രതലത്തിൽ അദ്ദേഹത്തെ കളിപ്പിക്കാവുന്ന ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോഴുള്ളത്” -മഞ്ജ്‌രേക്കർ പറഞ്ഞു. സിംബാബ്വേയുടെ മുൻ താരം ആൻഡി ഫ്ലവറും മഞ്ജ്‌രേക്കറുടെ നിരീക്ഷണത്തെ പിന്തുണച്ചു.
“ഇന്ത്യൻ ടീം ദുബെയെ ബോളിങ്ങിനായി ഉപയോഗിക്കുമെന്ന് ഞാൻ കരുതുന്നില്ല. ബാറ്റിങ്ങിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ മറ്റു ഘടകങ്ങളും പരിഗണിക്കണം. ബൗളർമാരെ നേരിടാൻ കൂടുതൽ ശേഷിയുള്ള ബാറ്ററെ ഇലവനിൽ ഉൾപ്പെടുത്തണം. ദുബെ സ്പിന്നിനെതിരെ നന്നായി കളിക്കുന്നയാളാണ്. പക്ഷെ സഞ്ജുവിന്റെ സ്കിൽ സെറ്റ് കൂടുതൽ മികച്ചതാണ്. ലേറ്റ് ഷോട്ടുകളും പുൾ ഷോട്ടുകളും കളിക്കാനുമുള്ള സ്കിൽ സഞ്ജുവിനുണ്ട്. ടൈമിങ്ങും മനോഹരമാണ്. പാകിസ്താനെതിരെ കളിപ്പിക്കാൻ കൂടുതൽ യോഗ്യനായ താരം സഞ്ജുവാണ്” -ആൻഡി ഫ്ലവർ പറഞ്ഞു. ലോകകപ്പിൽ ഞായറാഴ്ചയാണ് ഇന്ത്യ പാകിസ്താനെ നേരിടുന്നത്.
ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലദേശിനെതിരെ സഞ്ജു കളിച്ചിരുന്നു. രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത താരത്തിനു പക്ഷേ മികച്ച സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. ആറു പന്തുകളിൽ ഒരു റൺസ് മാത്രം നേടി സഞ്ജു പുറത്തായി. ഇതോടെ അയർലൻഡിനെതിരായ മത്സരത്തിൽ ഋഷഭ് പന്തിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുകയായിരുന്നു. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് കാപ്റ്റനായ സഞ്ജു, 15 മത്സരങ്ങളിൽനിന്ന് 531 റൺസാണ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.