‘പിച്ചിലെ മണ്ണ് രുചിക്കാനുള്ള കാരണം ഇതാണ്...’; വെളിപ്പെടുത്തലുമായി രോഹിത് ശർമ
text_fieldsബാര്‍ബഡോസ്: ലോകകപ്പ് വിജയത്തിന് പിന്നാലെ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രവൃത്തിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ മണ്ണ് രുചിക്കൽ. ഫൈനൽ അരങ്ങേറിയ ബാര്‍ബഡോസ് കെൻസിങ്ടൺ ഓവലിലെ പിച്ചിൽനിന്ന് ഒരു തരി മണ്ണെടുത്ത് രുചിച്ച് നോക്കുന്ന ഇന്ത്യൻ നായകന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ മണ്ണ് രുചിക്കാനുണ്ടായ കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രോഹിത്.
‘ഞങ്ങൾക്ക് എല്ലാം നൽകിയ ആ പിച്ചിലേക്ക് പോകുമ്പോൾ എനിക്കുണ്ടായ വികാരമെന്തെന്ന് നിങ്ങൾക്കറിയുമോ... ഞങ്ങൾ ആ പിച്ചിൽ കളിച്ചു, ജയിച്ചു. ആ ഗ്രൗണ്ടും പിച്ചും ഞാൻ ജീവിതത്തിൽ എന്നും ഓർക്കും. അതുകൊണ്ട് അതിന്റെ ഒരു ഭാഗം എന്നോടൊപ്പം ഉണ്ടാകാൻ ഞാൻ ആഗ്രഹിച്ചു. ആ നിമിഷങ്ങൾ വളരെ വളരെ സവിശേഷമാണ്. ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിച്ച സ്ഥലമാണത്. എനിക്ക് അതിൽ എന്തെങ്കിലും വേണമായിരുന്നു. അതിനു പിന്നിലെ വികാരം അതായിരുന്നു’ - ബി.സി.സി.ഐ പോസ്റ്റ് ചെയ്ത വിഡിയോയില്‍ രോഹിത് പറഞ്ഞു.
അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്‍റി 20 ലോക കിരീടത്തിൽ മുത്തമിട്ടത്. കൈവിട്ട മത്സരം അവസാന ഓവറുകളിൽ ഇന്ത്യൻ പേസർമാർ തിരിച്ചുപിടിക്കുകയായിരുന്നു. ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പാണ് രോഹിത്തും സംഘവും അവസാനിപ്പിച്ചത്. വിരാട് കോഹ്‍ലിയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 2007ലെ പ്രഥമ ട്വന്‍റി20 ലോകകപ്പിലാണ് ഇന്ത്യ ഇതിനു മുമ്പ് കിരീടം നേടിയത്. 2014ൽ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.