ഒരോവറിൽ ആറ് സിക്സർ, 13 ബോളിൽ ഫിഫ്റ്റി; തിസര പെരേരയുടെ വെടിക്കെട്ട് കാണാം...!
text_fieldsകൊളംബോ: ഒരോവറിൽ ആറ് പന്തും സിക്സിന് പറത്തി റെക്കോർഡിട്ട് ശ്രീലങ്കൻ താരം തിസര പെരേര. ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ലിമിറ്റഡ് ഓവർ ലിസ്റ്റ് എ ടൂർണമെന്‍റിലാണ് പെരേരയുടെ വെടിക്കെട്ട് പ്രകടനം. താരം 13 പന്തിൽ അർധ സെഞ്ച്വറി തികക്കുകയും ചെയ്തു. ശ്രീലങ്കൻ ആർമി ടീമിന് വേണ്ടി നാലാമനായി ബാറ്റേന്തിയ താരം 52 റൺസാണ് നേടിയത്.
ഏതെങ്കിലും തരത്തിലുള്ള പ്രൊഫഷണൽ ക്രിക്കറ്റിൽ ആറ് പന്തുകളിലും സിക്സറുകൾ പറത്തുന്ന ആദ്യത്തെ ശ്രീലങ്കൻ താരമെന്ന റെക്കോർഡാണ് പെരേരയുടെ പേരിലായത്. കൂടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ദ്ധ സെഞ്ച്വറിയും താരം സ്വന്തം പേരിലാക്കി. 2005ൽ മുൻ ലങ്കൻ ഓൾറൗണ്ടർ കൗശല്യ വീരരത്നെ മറ്റൊരു ലിസ്റ്റ് എ സീരീസിൽ 12 ബാളുകളിൽ നേടിയ അർധ സെഞ്ച്വറിയാണ് ആദ്യത്തെ റേക്കോർഡ്.
ഈ വർഷം തുടക്കത്തിൽ ശ്രീലങ്കക്കെതിരായ ടി20യിൽ വെസ്റ്റ് ഇൻഡീസ് താരം കീറൺ പൊള്ളാർഡ് ഒരോവറിലെ മുഴുവൻ പന്തുകളിലും സിക്സറുകളടിച്ചിരുന്നു. 2021ൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം കൂടിയാണ് പെരേര. സീനിയർ ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഒന്‍പതാമത്തെ ക്രിക്കറ്ററും താരമാണ്. ശ്രീലങ്കയിലെ ലിസ്റ്റ് എ ക്രിക്കറ്റ് ടൂര്‍ണമെന്‍റാണ് മേജർ ക്ലബ്സ് ലിമിറ്റഡ് ഓവർ ടൂര്‍ണമെന്‍റ്. ഇന്നലെ ബ്ളൂം ഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‌ലറ്റിക് ക്ലബ്ബിനെതിരെ പനഗോഡയിൽ നടന്ന മത്സരത്തിലാണ് തിസാര പെരേര റെക്കോർഡ് പ്രകടനം കാഴ്ച വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.