'നീ ഒരിടത്തും തോറ്റ് നിൽക്കരുത്'; ഐ.പി.എൽ ലേലത്തിനുപിന്നാലെ പാട്ടുംപാടി ശ്രീശാന്ത് -വിഡിയോ
text_fieldsഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ ആവേശമായിരുന്ന ശ്രീശാന്ത് ഇന്ന് ഐ.പി.എൽ താര ലേലത്തിൽനിന്ന് പിന്തള്ളപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. എങ്കിലും തന്റെ പോരാട്ടം തുടരുമെന്നും പരാജയപ്പെട്ട് നിൽക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ് താരം.
ഐപിഎൽ താരലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും ശ്രീശാന്തിനെ ടീമിലെടുക്കാൻ താത്പര്യം കാണിച്ചിരുന്നില്ല. ലേലത്തിൽ ആരും വാങ്ങാതിരുന്നതോടെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് നീണ്ടെങ്കിലും അതൊന്നും ഒരിക്കലും തന്നെ തളർത്തില്ലെന്നും ലക്ഷ്യം നേടാനായി താൻ ഏതറ്റംവരെ പോകാനും കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെന്നുമാണ് താരം പറയുന്നത്. ഇത് സൂചിപ്പിക്കുന്ന വിഡിയോയും ശ്രീശാന്ത് ട്വിറ്ററിൽ പങ്കുവച്ചു. 15 സെക്കന്റ് നീളമുള്ള വീഡിയോയിൽ 'രുക് ജാനാ നഹി തു കഹി ഹാർ കേ' എന്ന ജനപ്രിയ ബോളിവുഡ് ഗാനം ശ്രീശാന്ത് പാടുന്നുണ്ട്. 'നീ ഒരിടത്തും തോറ്റ് നിൽക്കരുത്' എന്നാണ് പാട്ടിന്റെ അർഥം.
ഇത്തവണത്തെ രഞ്ജി ട്രോഫിക്കായുള്ള കേരള ടീമിൽ ഇടം നേടിയ ശ്രീശാന്ത് ഐപിഎല്ലിലും തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ 50 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറായില്ല.
ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി ശ്രീശാന്ത് കളിച്ചിട്ടുണ്ട്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കവെ ഒത്തുകളി വിവാദത്തെതുടർന്ന് അറസ്റ്റിലായി. താരത്തെ ബിസിസിഐ വിലക്കിയതോടെ 2013 മുതൽ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. പിന്നീട് അന്വേഷണം നേരിടുകയും ജയില്‍ വാസം അനുഭവിക്കേണ്ടി വരികയും അജീവനാന്ത വിലക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു.
രഞ്ജി ട്രോഫിയിൽ ഈ സീസണിൽ കേരള ടീമിൽ ഉൾപ്പെട്ട താരം ടൂർണമെന്റിനായുള്ള ഒരുക്കത്തിലാണ്. വ്യാഴാഴ്ച രാജ്കോട്ടിൽ മേഘാലയയ്‌ക്കെതിരെയാണ് രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ആദ്യ മത്സരം.
Always grateful and always looking forward…❤️❤️❤️❤️🇮🇳🇮🇳🇮🇳🏏🏏🏏🏏🏏🙏🏻🙏🏻🙏🏻🙏🏻🙏🏻lots of love and respect to each and everyone of u.:"om Nama Shivaya " pic.twitter.com/cfqUyKxtVK
— Sreesanth (@sreesanth36) February 14, 2022
ഐ.പി.എൽ 2022 സീസൺ താരലേലം പൂർത്തിയായപ്പോൾ കോടിപതികളായി നിരവധി പേരുണ്ട്. 377 ഇന്ത്യക്കാരുൾപ്പെടെ 600 താരങ്ങളാണ് രണ്ടു ദിവസങ്ങളായി നടന്ന ലേലത്തിനുണ്ടായിരുന്നത്. ഇതിൽ 67 വിദേശികളുൾപെടെ 204 താരങ്ങളെ ടീമുകൾ സ്വന്തമാക്കി. ഇതിനായി മുടക്കിയത് 551.7 കോടി രൂപ.
ഞായറാഴ്ച ഏറ്റവും കൂടുതൽ പണക്കിലുക്കമുണ്ടാക്കിയ ഇംഗ്ലീഷ് താരം ലിയാങ് ലിവിങ്സ്റ്റണിനെ 11.5 കോടി മുടക്കിയാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. പരിക്കുമൂലം അടുത്ത സീസണിൽ കളിക്കാനാവില്ലെന്ന് ഏകദേശം ഉറപ്പായിട്ടും മറ്റൊരു ഇംഗ്ലീഷ് താരമായ ജെഫ്ര ആർച്ചറിനെ എട്ടു കോടിക്ക് സ്വന്തമാക്കി മുംബൈ ഞെട്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.